യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ന്യൂഡല്‍ഹി \ തിരുവനന്തപുരം | അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജനങ്ങള്‍ക്ക് യോഗയുടെ പ്രാധാന്യം വിവരിക്കുന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ യോഗക്കുള്ള പ്രാധാന്യം വര്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പൊതുപരിപാടി പോലും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള താത്പര്യത്തില്‍ ഒട്ടും കുറവു വന്നിട്ടില്ല. മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണ്. ചികിത്സക്ക് പുറമെ ശാരീരിക സൗഖ്യത്തിനാണ് ഇന്ന് വൈദ്യശാസ്ത്രവും മുന്‍ഗണന കൊടുക്കുന്നതെന്നും മോദി പറഞ്ഞു.

യോഗ ശാസ്ത്രീയമെന്നും ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താന്‍ അതിന് കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ല. മതത്തിന്റെ കള്ളിയില്‍ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് ഇതിന്റെ ഗുണഫലം നഷ്ടമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 



source http://www.sirajlive.com/2021/06/21/485141.html

Post a Comment

Previous Post Next Post