കൊവിഡ് മൂന്നാം തരംഗം ആറ് മുതല്‍ എട്ടാഴ്ചക്കകം: എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആറ് മുതല്‍ എട്ടാഴ്ചക്കകം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡയറക്ടര്‍ രണ്‍ധീപ് ഗുലേറിയ. ജനങ്ങളില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കും വരെ മാസ്‌ക് ധാരണം, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഗുലേറിയ നിര്‍ദേശിച്ചു.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനെ പരാമര്‍ശിക്കവേ, സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ ലോക്ക്ഡൗണിനെ ദീര്‍ഘകാലം ആശ്രയിക്കാനാവില്ലെന്ന് എയിംസ് മേധാവി പറഞ്ഞു. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഗുലേറിയ ആവര്‍ത്തിച്ചു വ്യക്തമാക്കി. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്നും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അതുണ്ടായേക്കുമെന്നും രാജ്യത്തെ രോഗപര്യവേക്ഷകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.



source http://www.sirajlive.com/2021/06/20/484919.html

Post a Comment

Previous Post Next Post