ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർക്ക് ഒരു പാഠമാണ് എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നു രാജി വെക്കാനിടയായ സാഹചര്യങ്ങൾ. മറ്റു വിവിധ ഘടകങ്ങളോടൊപ്പം പ്രധാനമാണ് നേതൃപദവിയിലിരിക്കുന്നവർക്കു സ്വഭാവ, പെരുമാറ്റ ഗുണം. വനിതാകമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി/ പട്ടികവർഗ കമ്മീഷൻ തുടങ്ങി സമൂഹത്തിലെ പീഡിത വിഭാഗങ്ങളുടെ പരാതികൾക്കു പരിഹാരം കാണുന്നതിനായി നിയോഗിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരിൽ വിശേഷിച്ചും.
ഭർത്താവിന്റെ മർദനത്തെക്കുറിച്ചു പരാതി പറഞ്ഞ എറണാകുളം സ്വദേശിയോട് മോശമായി പ്രതികരിച്ചതാണ് രാജിക്കിടയാക്കിയ സംഭവം. 2014ൽ വിവാഹിതയായ അവർ ഭർത്താവിൽ നിന്നും ഭർതൃമാതാവിൽ നിന്നും പീഡനമേൽക്കുന്നുവെന്നായിരുന്നു പരാതി. “പോലീസിൽ വിവരമറിയിച്ചോ’ പരാതി കേട്ട ജോസഫൈന്റെ ചോദ്യം. സ്ത്രീ ഇല്ലെന്നു പറഞ്ഞപ്പോൾ “എന്നാൽ പിന്നെ അനുഭവിച്ചോ’ എന്ന മറുപടിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും നിരന്തര പീഡനത്തിൽ മാനസികമായി തകർന്നു പരിഹാരം ലഭ്യമാകുമെന്ന പ്രതീക്ഷയിൽ സമീപിക്കുന്നവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി സമാധാന വാക്കുകൾ പറയുന്നതിനു പകരം പ്രകോപിതമായി പെരുമാറുന്നത് വനിതാ കമ്മീഷൻ അധ്യക്ഷ പോലുള്ള ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ഒരിക്കലും ഭൂഷണമല്ല.
ഓരോ ദിവസവും നിവധി പേരാണ് കമ്മീഷനിലേക്കു വിളിച്ചു കൊണ്ടിരിക്കുന്നത്. ഇതുമൂലം കടുത്ത മാനസിക സമ്മർദങ്ങൾക്ക് വിധേയരാണ് തങ്ങൾ. എല്ലായിടത്തും വനിതാകമ്മീഷന് ഓടിയെത്താനാകില്ലല്ലോ. അതു കൊണ്ടാണ് പോലീസിൽ പരാതിപ്പെടാൻ പറഞ്ഞതെന്നായിരുന്നു ജോസഫൈന്റെ ഇതുസംബന്ധമായ വിശദീകരണം. ആ സ്ത്രീയോടുള്ള മോശമായ പെരുമാറ്റമായിരുന്നില്ല ഇതെന്നും അങ്ങനെ കാണരുതെന്നും അവർ പറയുന്നു. ശരിയായിരിക്കാം; നിരന്തര ഫോൺ കോളുകളും പരാതികളും കമ്മീഷൻ അധ്യക്ഷയെ മാനസിക സമ്മർദത്തിലാക്കാനിടയുണ്ട്. ഇത്തരം പദവികളിലിരിക്കുന്നവരെല്ലാം അനുഭവിക്കുന്ന മാനസിക പ്രശ്‌നമാണിത്. എങ്കിലും അത് സൃഷ്ടിക്കുന്ന മാനസിക ക്ഷോഭം പാവം ഒരു പരാതിക്കാരിയുടെ നേരെ പ്രകടപ്പിച്ചത് ശരിയായില്ല. സമൂഹത്തിൽ സ്വീകാര്യത നേടാത്ത പരാമർശമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കുറ്റപ്പെടുത്തിയത്. പാർട്ടിക്ക് ഇത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നു സി പി എം നേതൃയോഗത്തിലും വിമർശം ഉയർന്നു. സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്നു പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതാദ്യത്തേതല്ല എം സി ജോസഫൈനെ സംബന്ധിച്ചിടത്തോളം താൻ കൈയാളുന്ന പദവിക്കും സ്ഥാനത്തിനും ചേരാത്ത വാക്കുകളും പ്രതികരണങ്ങളും. പത്തനംതിട്ട കോട്ടങ്കൽ സ്വദേശിനിയായ 88 വയസ്സുകാരിയെ അയൽവാസി വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നീതി തേടി വനിതാ കമ്മീഷനെ വിളിച്ചപ്പോൾ, കിടപ്പ് രോഗിയായ ആ വൃദ്ധ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ടത് രൂക്ഷ വിമർശനം ഉയർത്തുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നു കൊല്ലം ശാസ്താംകോട്ട വിസ്മയ മരണപ്പെട്ട സംഭവത്തിൽ “സ്ത്രീധനം പെൺകുട്ടികളുടെ അക്കൗണ്ടിൽ ഇടണ’മെന്ന ജോസഫൈന്റെ പ്രസ്താവനയും പ്രതിഷേധം ഉയർത്തി. 1961ൽ നിയമം മൂലം നിരോധിക്കപ്പെട്ടതാണ് സ്ത്രീധനം. അഞ്ച് വർഷത്തിൽ കുറയാത്ത തടവും പിഴയും ശിക്ഷ വിധിക്കാവുന്ന ഗുരുതര കുറ്റമാണിത്. വനിതാ കമ്മീഷൻ അധ്യക്ഷക്ക് ഇക്കാര്യമറിയാതിരിക്കാൻ ഇടയില്ലല്ലോ. എന്നിട്ടും അവർ ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത് നിയമപരമായി ഒരു തരത്തിലും ന്യയീകരിക്കാനാവില്ല.
സി പി എം നേതാവ് പി കെ ശശിക്കെതിരെ ഡി വൈ എഫ് ഐ പ്രവർത്തക പരാതി നൽകിയതിനെ കുറിച്ച് ജോസഫൈൻ നടത്തിയ പരാമർശവും വ്യാപകമായ വിമർശം ഉയർത്തി. ശശിക്കെതിരായ നടപടികളെ കുറിച്ചുളള ചോദ്യത്തോട് “പാർട്ടി തന്നെയാണ് പോലീസും കോടതിയും’ എന്നായിരുന്നു അവരുടെ പ്രതികരണം. രാഷട്രീയ താത്പര്യങ്ങൾക്കപ്പുറം സ്ത്രീസമൂഹത്തിന്റെ നീതിക്കും അവകാശത്തിനും വേണ്ടി സ്ത്രീകൾക്കൊപ്പം നിൽക്കേണ്ട വനിതാ കമ്മീഷൻ അധ്യക്ഷ അന്ന് പാർട്ടിയുടെ വക്താവെന്ന മട്ടിലാണ് സംസാരിച്ചത്. വനിതകളുടെ പ്രശ്‌നങ്ങളെ രാഷ്ട്രീയ താത്പര്യം മാത്രം നോക്കി ഇടപെടുന്ന വനിതാ കമ്മീഷൻ അധ്യക്ഷ എന്ന ആക്ഷേപത്തിനിത് വഴിവെച്ചു.
പ്രശ്‌ന പരിഹാര സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ശ്രദ്ധാപൂർവവും വികാരങ്ങൾക്കടിമപ്പെടാതെയുമായിരിക്കണം സംസാരിക്കേണ്ടതും വാക്കുകൾ ഉപയോഗിക്കേണ്ടതും. പ്രശ്‌നങ്ങളും പരാതികളുമായി എത്തുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കിയും കണ്ടറിഞ്ഞുമുള്ള ഒരു സമീപനമായിരിക്കണം അവരുടേത്.
ഭർത്താവിൽ നിന്നോ ഭർതൃകുടുംബത്തിൽ നിന്നോ സമൂഹത്തിന്റെ മറ്റേതെങ്കിലും കോണുകളിൽ നിന്നോ നിരന്തരം അനുഭവിക്കുന്ന മോശം പെരുമാറ്റവും പീഡനവും അസഹ്യമാകുമ്പോഴാണ് സ്ത്രീകൾ തങ്ങൾക്കു പരാതിപ്പെടാനും പൊരുതാനും ഒരിടമെന്ന വിശ്വാസത്തോടെ, ഭാരങ്ങൾ ഇറക്കി വെക്കാനുള്ള ഒരു അത്താണിയെന്ന കാഴ്ചപ്പാടിൽ വനിതാ കമ്മീഷനെ സമീപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിലും ഗാർഹിക പീഡനത്തിൽ മനംനൊന്തും സ്ത്രീകളുടെ തുടർ ആത്മഹത്യകളുടെ വാർത്തകളാണ് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷനിൽ നിന്നും ആട്ടും തുപ്പുമാണെന്നു വന്നാൽ പിന്നെ എവിടെയാണ് പീഡിതർക്കൊരു അഭയം.
സർക്കാറുകൾക്കും പാർട്ടി വൃത്തങ്ങൾക്കും പാഠമാകണം ജോസഫൈന്റെ രാജി. പാർട്ടി കൂറിനേക്കാൾ വനിതകളോടും മനുഷ്യരോടും വിശിഷ്യാ പീഡിത സമൂഹത്തോടും കൂറുള്ളവരെയും പരാതികൾ കൈകാര്യം ചെയ്യുമ്പോൾ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത എന്നിവയെല്ലാം അറിയാവുന്നവരെയുമായിരിക്കണം ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കേണ്ടത്. ഇല്ലെങ്കിൽ പാർട്ടിക്കും സർക്കാറിനും അത് ദുഷ്‌പേര് വരുത്തിവെക്കും.
source http://www.sirajlive.com/2021/06/27/486074.html
Post a Comment