ദുബൈ | സ്റ്റാര്‍ട്ടപ്പുകളെയും സംരംഭകരെയും സഹായിക്കുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്‌കില്‍ അപ്പ് അക്കാദമിയും സ്‌കെയില്‍ അപ്പ് പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചു. ഇന്നലെ യു എ ഇ സാമ്പത്തിക മന്ത്രാലയം സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് നിക്ഷേപ നയങ്ങളെയും അവസരങ്ങളെയും കുറിച്ചുള്ള സംയോജിത വിവരങ്ങള്‍ നല്‍കുന്നതിനായി ‘യു എ ഇയില്‍ വളരുക’ എന്ന സ്മാര്‍ട്ട് ഗേറ്റ് പദ്ധതി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. യുവ പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് ദേശീയ അജന്‍ഡയും ശൈഖ് മുഹമ്മദ് അവതരിപ്പിച്ചു. കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികളെ പുതിയ വിപണികളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നതിന് വളര്‍ച്ചാ ആക്സിലറേറ്ററുകള്‍ സമാരംഭിക്കുന്നതും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി സഹകരിച്ച് യു എ ഇക്ക് ഒരു സാമ്പത്തിക ഗവേഷണ സ്ഥാപനം ഉണ്ടാകും. രാജ്യത്തെ പുതിയ സാമ്പത്തിക അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആഗോള നിക്ഷേപ കോണ്‍ഫറന്‍സ് 2022 മാര്‍ച്ചില്‍ യു എ ഇ നടത്തുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ‘ഞങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അതിവേഗം തുടരുന്നു, ശരിയായ ദിശയിലാണ്. അടുത്തിടെ സര്‍ക്കാര്‍ ടീം പരിഷ്‌ക്കരിച്ചു, അതിനാല്‍ എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും വ്യക്തമായ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. അടുത്ത 50 വര്‍ഷത്തേക്ക് യു എ ഇയുടെ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമാക്കുന്നത്.’ ശൈഖ് മുഹമ്മദ് പറഞ്ഞു.
യു എ ഇ ഒരു സവിശേഷ സാമ്പത്തിക മാതൃകയിലേക്ക് വ്യക്തമായ പദ്ധതികള്‍ സ്വീകരിക്കുന്നു. കൊവിഡ് 19ന് ശേഷമുള്ള ലോകം അതിനുമുമ്പുള്ള ലോകം പോലെയല്ല. നമ്മള്‍ മറ്റൊരു രീതിയില്‍ ചിന്തിക്കേണ്ടതുണ്ട്. നൂതന നയങ്ങള്‍ രൂപപ്പെത്തുകയും വേണം. പുതിയ ആഗോള സമ്പദ് വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഒരൊറ്റ പ്രാദേശിക ഫെഡറല്‍ ടീമായി പ്രവര്‍ത്തിക്കുക,
ബിസിനസ് ആക്‌സിലറേറ്ററുകള്‍ ലക്ഷ്യമിടുന്ന ബിസിനസുകളും സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള പങ്കാളിത്ത ചാനലുകള്‍ വികസിപ്പിക്കുക, ബിസിനസുകളുടെ പ്രകടനത്തിലും പുതിയ വിപണികളിലേക്കുള്ള അവരുടെ പ്രവേശനത്തിലും മാറ്റം വരുത്തുക, അവരുടെ ബ്രാന്‍ഡ് വര്‍ധിപ്പിക്കുക, നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും സംസ്‌കാരം വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റി, സായിദ് യൂനിവേഴ്സിറ്റി, അമേരിക്കന്‍ യൂനിവേഴ്സിറ്റി ഷാര്‍ജ, ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റി അബൂദബി എന്നിവയുമായി സഹകരിച്ചാണ് യു എ ഇ ഗ്രോത്ത് ലാബ് നടപ്പാക്കുക.
source http://www.sirajlive.com/2021/06/29/486456.html
إرسال تعليق