ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടത് തിരിച്ചടിയായി: അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തിരിച്ചടിക്ക് പ്രധാന കാരണമായെന്ന് അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട്. കേരളത്തില്‍ കോണ്‍ഗ്രസില്‍ സംഘടനാ തലത്തിലടക്കം സമഗ്ര മാറ്റം വേണമെന്നും ഹൈക്കമാന്‍ഡിന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി വിശദമായ റിപ്പോര്‍ട്ടാണ് ഹൈക്കമാന്‍ഡിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കെ പി സി സി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും.

പിണറായി വിജയന്റെ ജനപിന്തുണ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ശബരിമല തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയതില്‍ നേട്ടമുണ്ടായില്ല. സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു. അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. പരമ്പരാഗത വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേരയിലേക്ക് പുതിയ ആള്‍ ഉടന്‍ എത്തും. എന്നാല്‍ ആരാകണം പുതിയ അധ്യക്ഷന്‍ എന്നതിനെക്കുറിച്ച് ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ല. നേതാക്കളില്‍ കെ സുധാകരനാണ് മുന്‍തൂക്കമുളളത്. പ്രവര്‍ത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ആരാകണം കെപി സി സി പ്രസിഡന്റ് എന്നതില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.

എന്നാല്‍, ഒരു വിഭാഗം സുധാകരനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്. സുധാകരനെ എതിര്‍ക്കുന്ന ഇമെയിലുകളില്‍ അടൂര്‍ പ്രകാശിന്റെയും കെ ബാബുവിന്റെയും പേരുകളാണ് നിര്‍ദ്ദേശിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഇടക്ക് പരിഗണയില്‍ വന്നിട്ടുണ്ട്.

 

 



source http://www.sirajlive.com/2021/06/02/481980.html

Post a Comment

أحدث أقدم