യുനൈറ്റഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാം (UNEP) ഈ വര്‍ഷം പുറത്തിറക്കിയ ഫുഡ് വേസ്റ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്ത് 931 ദശലക്ഷം ടണ്‍ ഭക്ഷണ സാധനങ്ങള്‍, അഥവാ ജനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ 17 ശതമാനത്തോളം ഭക്ഷണവും പാഴാക്കിക്കളയുകയാണത്രെ. ഇത് ഇന്ത്യയില്‍ മൊത്തമായി ഉത്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളോട് സമമാണ്. പാഴാക്കിക്കളയുന്ന മൊത്തം ഭക്ഷണവും ആഗോള ജനസംഖ്യയുമെടുത്ത് താരതമ്യം ചെയ്താല്‍ ഓരോ വ്യക്തിയും 128 കിലോ ഭക്ഷണം ഒരു വര്‍ഷം പാഴാക്കുന്നുണ്ട്. ഇത് നമ്മുടെ ഇന്ത്യയില്‍ ഒരാള്‍ക്ക് 50 കിലോ എന്ന തോതിലാണ് പാഴാക്കുന്നത്. ലോക ജനസംഖ്യയുടെ 50 ശതമാനത്തിലധികം ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും കോടിക്കണക്കിനു ജനങ്ങള്‍ ഓരോ വര്‍ഷവും പട്ടിണിമൂലം മരണപ്പെടുമ്പോഴുമാണ് ഇത്രയും വലിയ പാഴാക്കല്‍ സംഭവിക്കുന്നതെന്നത് നിസ്സാര കാര്യമല്ല. തൊഴിലില്ലായ്മയും ഭക്ഷ്യ ക്ഷാമവും കൊവിഡ് പ്രതിസന്ധി ക്രമാതീതമായി വര്‍ധിപ്പിച്ച സ്ഥിതിയില്‍ പ്രത്യേകിച്ചും. ഭക്ഷണം പാഴാക്കുന്ന കാര്യത്തില്‍ സമ്പന്ന രാഷ്ട്രമെന്നോ പാവപ്പെട്ട രാഷ്ട്രമെന്നോ വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതൊരു ആഗോള/ദേശീയ കണക്കാണെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥ ഇതിലും ഭീകരമായിരിക്കുമെന്ന് കേരളത്തിന്റെ സാമൂഹിക തലം പഠിച്ചവരെല്ലാം സമ്മതിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ വേണ്ടി പല വീടുകളിലെയും അവസ്ഥ നേരിട്ട് ചോദിച്ചറിഞ്ഞു. അതാതു ദിവസങ്ങളിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പാഴാക്കാത്ത വീടുകള്‍ വളരെ കുറവാണ്. അതേസമയം ധാന്യവസ്തുക്കളും മറ്റും പാഴാക്കിക്കളയുന്നവരും ധാരാളമുണ്ട്. റമസാന്‍, വിഷു, പെരുന്നാള്‍, ഫിത്്ർ സകാത്ത് തുടങ്ങിയവ മൂലം ലഭിച്ച ധാന്യങ്ങളും കൂടാതെ സന്നദ്ധ സംഘടനകള്‍ മുഖേന ലഭിച്ചതും വീടുകളില്‍ കെട്ടിക്കിടക്കുകയാണ്. എന്തുചെയ്യണമെന്നോ ആര്‍ക്കുവേണമെന്നോ അറിയില്ല. ആവശ്യമുള്ളവര്‍ക്ക് ചോദിക്കാന്‍ ലജ്ജ. ആവശ്യമില്ലാത്തവര്‍ക്ക് ആവശ്യമില്ല എന്ന ബോധവുമില്ല; ആവശ്യമുള്ളവരെക്കുറിച്ചുള്ള അവബോധവുമില്ല. അതിലുപരി ആവശ്യമുണ്ടോ എന്ന് ചോദിക്കാനുള്ള പ്രയാസം. എല്ലാം കൂടിയാകുമ്പോള്‍ ഒരു വിഭാഗം പട്ടിണിയില്‍ കിടക്കുമ്പോള്‍ മറ്റൊരു വിഭാഗം തീര്‍ത്തും ഭക്ഷണം പാഴാക്കിക്കളഞ്ഞ് ജീവിക്കുന്നു.
പലരുടെയും വീടിന്റെ ചുറ്റും മറ്റുമുള്ള തൊടികളില്‍ ധാരാളം ഭക്ഷ്യോപയോഗ സാധനങ്ങള്‍ നശിച്ചുപോകുന്നു. ചക്ക വലിയൊരു ഉദാഹരണമാണ്. ചക്കയുടെ ഒരു ഇതളിനു വേണ്ടി ആഗ്രഹിച്ചു നടക്കുന്ന അനേകായിരമുള്ള നാട്ടില്‍ തന്നെ ഒരു പ്ലാവിലുണ്ടായ ഇത്രയും ചക്ക എങ്ങനെ ഭക്ഷിക്കാനാണ് എന്നാശങ്കപ്പെട്ട് ജീവിക്കുന്നവരുമുണ്ട്. ചക്ക പശിയടക്കാന്‍ കൂടി ഉപയോഗിക്കുന്ന പതിനായിരങ്ങള്‍ നമുക്കിടയിലുണ്ടെന്ന് അറിയുമ്പോള്‍ ഇതിന്റെ ഗൗരവം ചില്ലറയാണോ! ചീര, മുരിങ്ങ തുടങ്ങി നൂറുകൂട്ടം സാധനങ്ങള്‍ ഭക്ഷ്യയോഗ്യമായി നമ്മുടെ പരിസരത്തുണ്ടെങ്കിലും ആവശ്യമുള്ളവര്‍ക്ക് ലഭിക്കാതെ പോകുന്നു; ആവശ്യമില്ലാത്തവര്‍ ശ്രദ്ധിക്കാതെയും പോകുന്നു.
കൊവിഡ് പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇന്നുവരെയും സര്‍ക്കാറില്‍ നിന്ന് കിട്ടുന്നതുകൊണ്ട് മാത്രം കഷ്ടിച്ച് ജീവിക്കുന്ന അനേകായിരമുണ്ട് നമ്മുടെ നാടുകളില്‍. ഒട്ടുമിക്ക ജനങ്ങള്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണ് ഗ്രാമപ്രദേശങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസകരമാകാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിപ്പിച്ച് ഭക്ഷണം എത്തിക്കലേ വഴിയുള്ളൂവെന്ന ചിന്ത ചിലരെയെങ്കിലും പിടികൂടുകയും ചെയ്തിരിക്കുന്നു. ഇവിടെയാണ് ഫുഡ് ബേങ്ക് സംവിധാനത്തെക്കുറിച്ച് നാമോരോരുത്തരും ചിന്തിക്കേണ്ട പ്രസക്തി വര്‍ധിക്കുന്നത്.
റേഷന്‍ കടകള്‍ മാത്രമല്ല ജനങ്ങളില്‍ ഭക്ഷണമെത്തിക്കാനുള്ള സംവിധാനം. ഓരോ വീട്ടിലും അധികമുള്ള/ ആവശ്യമില്ലാത്ത എല്ലാ സാധനങ്ങളും എത്തിച്ചുകൊടുക്കാനും അത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുമുള്ള ഒരു സ്ഥലം വേണം-അതാണ് ഫുഡ് ബേങ്ക്. പാവങ്ങള്‍ താമസിക്കുന്ന ഓരോ ഗ്രാമത്തിലും സര്‍ക്കാര്‍ തലത്തിലോ സന്നദ്ധ സംഘടനകളുടെ കീഴിലോ ഒന്നോ അതിലധികമോ ഫുഡ് ബേങ്കുകള്‍ വളര്‍ന്നുവരണം. ലോകത്ത് ഇതിന് ധാരാളം മാതൃകകളുണ്ട്. വീട്ടില്‍ അരിവേവിക്കുന്ന അത്യാവശ്യം മെച്ചപ്പെട്ടവരെല്ലാം ഒരാളുടെ ഭക്ഷണം സ്ഥിരമായി ഫുഡ് ബേങ്കിലെത്തിക്കുന്ന സംവിധാനം ഇന്ത്യയില്‍ തന്നെ ധാരാളമാണ്. പട്ടണങ്ങളില്‍ പ്രത്യേകിച്ചും. റോഡ് സൈഡുകളിലുള്ള ഈ ബേങ്കുകളില്‍ ഫുഡ് വാങ്ങിവെക്കാനും വിതരണം ചെയ്യാനും സന്നദ്ധ സേവകരുമുണ്ടാകും. ഭക്ഷണ സമയത്ത് ആവശ്യക്കാര്‍ വന്ന് ആഭിജാത്യത്തോടെ വാങ്ങിപ്പോകുന്നു. ഇതിലുപരി അരി മുതല്‍ എല്ലാ ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും ജനങ്ങളുടെ കൈയില്‍ നിന്ന് വാങ്ങിവെക്കുകയും ആവശ്യക്കാര്‍ക്ക് ഫ്രീയായി നല്‍കുകയും ചെയ്യുന്നു. നമ്മുടെ നാടുകളിലും മഹല്ല് കമ്മിറ്റികള്‍, സംഘടനകള്‍, സന്നദ്ധ സേവകര്‍ എന്നിവയുടെ കീഴിലും വീടുകള്‍ കേന്ദ്രീകരിച്ചും ഈ സംവിധാനം വേണം. കൊടുക്കാനൊരു സ്ഥലവും വാങ്ങാനൊരു ഇടവുമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും അതൊരു വലിയ മുന്നേറ്റമാകും-പട്ടിണിക്കെതിരെയുള്ള മുന്നേറ്റം. ആരും ആരുടെയും ഔദാര്യം പറ്റാതെ അന്തസ്സോടെ ജീവിക്കുന്നുവെന്ന തോന്നലും.
കല്യാണങ്ങളും മറ്റു വിശേഷ പാര്‍ട്ടികളും കഴിഞ്ഞാലുണ്ടാകുന്ന ബാക്കി ഭക്ഷണങ്ങള്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യപ്പെടാറുണ്ടെങ്കിലും നഗരങ്ങളില്‍ ഈ ശീലമില്ല. കൂടാതെ ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ നടക്കുന്ന ശീലം വര്‍ധിച്ചു വരുന്ന ആധുനിക സാഹചര്യത്തില്‍ പ്രത്യേകിച്ചും വേസ്റ്റുകള്‍ കൂടുകയാണ്. അതിനു പുറമെ ഓരോ ഹോട്ടലിലും മിക്ക ദിവസങ്ങളിലും ഭക്ഷണം പാഴാകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ നഗരങ്ങളില്‍ തന്നെയാണ് കൂടുതല്‍ ഭക്ഷണം ആവശ്യമുള്ളവര്‍ താമസിക്കുന്നതും. ഇവരെല്ലാം യാചിച്ചാണ് ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുന്നതെങ്കില്‍ തീര്‍ച്ചയായും ഫുഡ് ബേങ്കുകള്‍ നമ്മുടെ സംസ്‌കാരം തന്നെ മാറ്റിയെഴുതും.
ഇതുപോലെ ചിന്തിക്കേണ്ട പ്രധാനപ്പെട്ട മറ്റു മേഖലകളാണ് മരുന്ന് ബേങ്കുകളും വസ്ത്ര ബേങ്കുകളും. ഇന്ന് നമുക്കിടയില്‍ ഒറ്റപ്പെട്ട മരുന്ന് ബേങ്കുകളുണ്ടെങ്കിലും ഓരോ മഹല്ലിലും ഗ്രാമത്തിലും വളര്‍ന്നുവരേണ്ടിയിരിക്കുന്നു ഇവ. നൂറുകണക്കിന് രൂപ നല്‍കി വാങ്ങിയ എത്രയോ മരുന്നുകള്‍ വെറുതെയിരുന്ന് നശിക്കുകയാണ്. എന്നാല്‍ ഇതേ മരുന്ന് തന്നെ വാങ്ങാന്‍ പണമില്ലാതെ കണ്ണീര്‍ തുടച്ചുജീവിക്കുന്ന ലക്ഷോപലക്ഷം നമുക്കിടയില്‍ തന്നെയുണ്ട്. ഓരോ ആശുപത്രി പരിസരത്തും ഇങ്ങനെയുള്ള മരുന്നുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേകം കൗണ്ടറുകള്‍ വേണം- സന്നദ്ധ സംഘടനകള്‍ക്ക് കീഴിലോ സര്‍ക്കാറിന് കീഴില്‍ തന്നെയോ. ഓരോ ഗ്രാമത്തില്‍ നിന്നും മരുന്നുകള്‍ ശേഖരിക്കാന്‍ ബേങ്കുകളും വേണം. പള്ളിയിലോ, അങ്ങാടികളിലോ, സ്‌കൂളുകളിലോ മറ്റോ സ്ഥാപിക്കുന്ന ഒരു പെട്ടി മതി ഇതിന്. ഈ പെട്ടിയില്‍ വീഴുന്ന മരുന്നുകള്‍ സ്ഥിരമായി ആശുപത്രി പരിസരത്തുള്ള കൗണ്ടറിലെത്തിക്കുന്ന സന്നദ്ധ സേവകരും. ഇതുമൂലം ധാരാളം ജീവനുകള്‍ രക്ഷപ്പെട്ടേക്കാം. അനേക മുഖങ്ങളില്‍ കണ്ണീരുണങ്ങി ചിരി പടര്‍ന്നേക്കാം.
അത്യാവശ്യം വരുമാനം ലഭിക്കുന്നവര്‍ക്ക് തന്നെ വസ്ത്രം വാങ്ങുക വെല്ലുവിളിയായി മാറിയ ലോകത്താണ് നാം ജീവിക്കുന്നത്. ഇന്ന് പല വീടുകളിലും പഴയ ഡ്രസ്സുകള്‍ ഒരു ശല്യമാണ്. എന്നാല്‍ കോടിക്കണക്കിനു മനുഷ്യര്‍ക്ക് ഇതേ വസ്ത്രങ്ങള്‍ ജീവിതത്തിലെ വലിയൊരു അഭിലാഷവുമാണ്. നാമല്ലാതെ ആരാണ് ഇവരെത്തമ്മിലൊന്ന് ബന്ധിപ്പിക്കുക? വസ്ത്ര ബേങ്കുകള്‍ക്കായി പ്രത്യേകം പാക്കറ്റുകളും അതിന്മേല്‍ വസ്ത്ര ഇനം, വയസ്സ്, വലിപ്പം എല്ലാം എഴുതാന്‍ കോളവും വേണം. ഓരോ വീട്ടുകാരും അധികം കേടുവരാത്ത വസ്ത്രങ്ങള്‍ നല്ലവണ്ണം വൃത്തിയാക്കി ബേങ്കുകളില്‍ ഏല്‍പ്പിക്കണം. ആവശ്യക്കാര്‍ അന്തസ്സോടെ കൊണ്ടുപോകട്ടെ. കൂടാതെ ജോലിയില്ലാതെ വിഷമിക്കുന്നവര്‍ ഇതൊരു ജോലിയുമായി മാറ്റണം. ഇന്ത്യയിലേക്ക് കോടിക്കണക്കിന് വസ്ത്രങ്ങള്‍ വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നുണ്ട്- ഉപയോഗിച്ച ഡ്രസ്സുകള്‍ തന്നെ. ഇന്ത്യയാണ് ഉപയോഗിച്ച ഡ്രസ്സുകളുടെ ലോകത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ്. ഇത് പതിനായിരങ്ങള്‍ക്ക് ഇന്ത്യയില്‍ ജോലി നല്‍കുന്നു. കോടിക്കണക്കിനു മനുഷ്യര്‍ ഈ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതുപോലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും മറ്റും വാങ്ങാനും വില്‍ക്കാനും ആളുകള്‍ തയ്യാറായാല്‍ തീര്‍ച്ചയായും കുറഞ്ഞ വിലക്ക് വസ്ത്രങ്ങളായി; അതോടൊപ്പം തൊഴിലുമായി.
മേല്‍പ്പറഞ്ഞ എല്ലാ ബേങ്കുകള്‍ക്കും നൂതന മൊബൈല്‍ ആപ്പുകള്‍ സംവിധാനിക്കാം. കൊടുക്കാനും വാങ്ങാനുമുള്ള അപേക്ഷകള്‍ ഏതുസമയവും രേഖപ്പെടുത്താനും അതിനനുസൃതമായി ശേഖരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കണം.
പ്രകൃതിയിലുള്ള ഓരോരുത്തരുടെയും/ ഓരോന്നിന്റെയും ആവശ്യങ്ങള്‍ക്കുള്ളത് പ്രകൃതിയില്‍ തന്നെയുണ്ടെന്നാണ് ശാസ്ത്രവും മതവും പറയുന്നത്. പക്ഷേ, പാഴാക്കിക്കളയുന്നതാണ് എല്ലാ പ്രശ്‌നവും സൃഷ്ടിക്കുന്നത്. പുതിയ ചിന്തകള്‍ ഈ മേഖലയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി
source http://www.sirajlive.com/2021/06/30/486579.html
إرسال تعليق