ലോക്ക്ഡൗണ്‍ നാളെ തീരും: ഇളവുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനം

തിരുവനന്തപുരം |  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര മാസത്തോളം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ നിര്‍ണായക ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

അന്തര്‍ജില്ലാ യാത്രകളടക്കം വിലക്കി, പൂര്‍ണമായും അടച്ചിട്ടുള്ള ലോക്ക് ഡൗണ്‍ തുടരാനാകില്ലെന്നാണ് പൊതുവികാരം. ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പതിനേഴാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി ഒരേ രീതിയില്‍ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. ടി പി ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകളുമുണ്ടാകും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തേ തന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകള്‍. ബാറുകള്‍, ജിം, മള്‍ട്ടിപ്ലക്സുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഇടയില്ല.

 



source http://www.sirajlive.com/2021/06/15/484052.html

Post a Comment

Previous Post Next Post