അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം |  ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിച്ചതിന്റെ അടിസ്ഥാനത്തില്‍ എ ഡി ജി പി അനില്‍ കാന്തിനെ സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത് നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറാണ്. അദ്ദേഹത്തിന് എ ഡി ജി പി റാങ്കാണുള്ളത്. അടുത്തമാസം അദ്ദേഹത്തിന് ഡി ജി പി റാങ്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഡി ജി പി റാങ്കുള്ള സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് അനില്‍കാന്തിനെ നിയമിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. മറ്റ് മന്ത്രിമാര്‍ പിന്തുണക്കുകയായിരുന്നു.

യു പി എസ് ഇ അംഗീകരിച്ച മൂന്ന് പേരില്‍ ഏറ്റവും ജൂനിയറാണ് അനില്‍ കാന്ത്. ജനുവരിയില്‍ അദ്ദേഹം വിരമിക്കുമെന്നതിനാലാണ് അനില്‍ കാന്തിന് പ്രാധാന്യം ലഭിച്ചതന്നൊണ് റിപ്പോര്‍ട്ട്. കൂടാതെ പട്ടിക വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. അദ്ദേഹം ഡി ജി പിയാകുന്നതോടെ കേരളത്തില്‍ പട്ടിക വിഭാഗത്തില്‍ നിന്ന് ആസ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറും.
ഒന്നാം പിണറായി സര്‍ക്കാറില്‍ ക്രമസമാധാനവുായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. പിണറായി സര്‍ക്കാറിന്റെ അവസാന മൂന്ന് വര്‍ഷത്തില്‍ ക്രമസമാധാന വിഷയങ്ങളില്‍ കാര്യമായ ആരോപണങ്ങള്‍ ഇല്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അനില്‍കന്തിന്റെ പ്രവര്‍ത്തനം സഹായകരമായെന്നാണ് വിലയിരുത്തല്‍.

1988 ബാച്ച് ഐ പി എസ് ഓഫീസറാണ് അനില്‍കാന്ത്. അദ്ദേഹത്തെ ഡി ജി പിയാക്കിയുള്ള ഉത്തരവ് അല്‍പ്പ സമയത്തിനകം പുറത്തിറങ്ങും. ഇന്ന് വൈകിട്ട് തന്നെ അദ്ദേഹം ചുമതല ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.ക്രമസമാധാന എ ഡി ജി പി, റോഡ് സേഫ്റ്റി കമ്മീഷണര്‍, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ അദ്ദേഹം നേരത്തെ വഹിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/06/30/486605.html

Post a Comment

Previous Post Next Post