കെ പി സി സി രാഷ്ട്രീയകാര്യ സമിതി ഇന്ന്

തിരുവനന്തപുരം |  കെ സുധാകരന്‍ പാര്‍ട്ടി പ്രസിഡന്റായ ശേഷമുള്ള ആദ്യ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്നു ചേരും. കെ പി സി സി, ഡി സി സി പുനഃസംഘടനക്കായി മാനദണ്ഡങ്ങള്‍ തയാറാക്കുന്നതാണ് രാഷ്ട്രീയകാര്യ സമിതിയിലെ മുഖ്യ ചര്‍ച്ചാവിഷയം. തിരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നവരേയും ഏറെ കാലം കെ പി സി സിയിലും ഡി സി സിയിലും അംഗമായവരേയും ഇനിയും നിലനിര്‍ത്തണമോ എന്ന കാര്യവും ചര്‍ച്ച ചെയ്യും.

കെ പി സി സിയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 20-25 ഭാരവാഹികള്‍ മതിയെന്ന അഭിപ്രായമാണു സുധാകരനുള്ളത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായങ്ങള്‍ നിര്‍ണായകമാകും. ന്നഡി സി സികളിലും ഭാരവാഹികളുടെ എണ്ണം കുറക്കും. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയും ജംബോ കമ്മിറ്റിയെ പിരിച്ചുവിട്ടും പുനഃസംഘടന വേണമെന്നതാണ് ഹൈക്കമാന്‍ഡിന്റെയും നിര്‍ദേശം.

യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണോ അതോ മുതിര്‍ന്ന നേതാക്കള്‍ക്കാണോ ഭാരവാഹിപ്പട്ടികയില്‍ മുന്‍തൂക്കം നല്‍കേണ്ടത്, എത്ര വയസുവരെയുള്ളവരെ കെ പി സി സി, ഡിഡിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്താം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായംകൂടി ഇക്കാര്യങ്ങളില്‍ തേടുന്നുണ്ട്.

 



source http://www.sirajlive.com/2021/06/23/485535.html

Post a Comment

أحدث أقدم