സ്വര്‍ണക്കടത്തിന്റെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിക്ക് ഉണ്ടായിരുന്നത് ‘കുരുവി’ സംഘം

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകനായ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തില്‍ അമ്പതിലധികം പേരുണ്ടായിരുന്നതായി കണ്ടെത്തല്‍. ‘കുരുവി’ സംഘമെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. വിദേശത്ത് നിന്നും സ്വര്‍ണം വിമാനത്താവളത്തില്‍ എത്തിക്കുന്നവരെയാണ് കുരുവികള്‍ എന്ന് വിളിക്കുന്നത്. 18 നും 30 നും മധ്യേ പ്രായമുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒരു കുരുവി സംഘത്തെ ഒരു തവണ മാത്രമാണ് സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുക.

കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അര്‍ജുന്‍ ആയങ്കി കേസിലെ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അര്‍ജുനാണ് മുഖ്യ സൂത്രധാരനെന്ന് വ്യക്തമാക്കിയത്. തനിക്ക് ഇതിന്റെ പ്രതിഫലമായി 40,000 രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും വിമാനത്താവളത്തില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷഫീഖിന്റെ മൊഴിയിലുണ്ട്.

അര്‍ജുന്റെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.



source http://www.sirajlive.com/2021/06/27/486100.html

Post a Comment

Previous Post Next Post