വിസ്മയയുടെ മരണം: ഭര്‍ത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം | ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലം പോരുവഴിയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരണ്‍കുമാര്‍ ശൂരനാട് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശനം നടത്തും.

നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.

 



source http://www.sirajlive.com/2021/06/22/485351.html

Post a Comment

أحدث أقدم