
2012 സെപ്തംബര്‍ ഏഴിന് അബൂദബിയിലെ മുസഫയില്‍ ബെക്‌സ് കൃഷ്ണന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാനി ബാലന്‍ മരിച്ചതാണ് കേസിനാധാരമായ സംഭവം. മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ അബൂദബി പോലീസ് നരഹത്യക്കു കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. സി സി ടി വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്തു. അബൂദബി അല്‍വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നിരവധി ശ്രമങ്ങള്‍ നടത്തി. ഒന്നും ഫലവത്താകാതെ സര്‍വ പ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബെക്സിന്റെ കുടുംബം ബന്ധുവായ സേതു മുഖേന എം എ യൂസുഫലിയോട് മോചനത്തിനായി ഇടപെടാന്‍ അഭ്യര്‍ഥിച്ചത്. വിഷയം ഏറ്റെടുത്ത യൂസുഫലി മരിച്ച ബാലന്റെ കുടുംബവുമായി നിരന്തരം ചര്‍ച്ച നടത്തി. “ദിയ’ നല്‍കാമെന്നും കൃഷ്ണന്റെ മോചനത്തിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ആദ്യമൊന്നും കുടുംബം സമ്മതം മൂളിയില്ല. പണം വാങ്ങിയാല്‍ മകനെ തിരിച്ച് കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കളുടെ മറുചോദ്യം. എങ്കിലും യൂസുഫലി ദൗത്യം തുടര്‍ന്നു. അവരുമായി പിന്നെയും പല തവണ സംസാരിച്ചു. ഇതുസംബന്ധമായി സുഡാനില്‍ നിന്ന് കുട്ടിയുടെ കുടുംബാംഗങ്ങളെ അബൂദബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കേണ്ടി വരെ വന്നു യൂസുഫലിക്ക്. ഒടുവില്‍ വധശിക്ഷ നടപ്പാക്കിയാല്‍ ബെക്‌സിന്റെ കുടുംബത്തിനുണ്ടാകുന്ന ആഘാതവും പ്രയാസങ്ങളും ബോധ്യപ്പെടുത്തിയാണ് അവരെ സമ്മതിപ്പിച്ചത്. പണം നല്‍കിയാലും രക്ഷപ്പെടുത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ കേസില്‍ ഇങ്ങനെ ചെയ്താല്‍ ബെക്‌സ് കൃഷ്ണന്‍ രക്ഷപ്പെടുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് തുക നല്‍കാന്‍ താന്‍ സന്നദ്ധമായതെന്നാണ് യൂസുഫലി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഒരു മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തുക എന്ന കര്‍മം മാത്രമാണ് താന്‍ ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലാകട്ടെ, ഗള്‍ഫിലാകട്ടെ ദുരന്തങ്ങളുണ്ടായാല്‍ അവിടെ സഹായ ഹസ്തവുമായി യൂസുഫലി ഉണ്ടാകും. പ്രളയമായാലും പ്രകൃതി ദുരന്തങ്ങളായാലും മഹാമാരി പോലുള്ള ആരോഗ്യ രംഗത്തെ വെല്ലുവിളികളായാലും വ്യക്തികള്‍ നേരിടുന്ന വിഷമങ്ങളായാലും അദ്ദേഹം അവിടെ ഓടിയെത്തുന്നു. കൊറോണ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധത്തിനുമായി പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടിയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് കോടിയും സംഭാവന നല്‍കിയിരുന്നു അദ്ദേഹം. കൊറോണ ദുരിതാശ്വാസത്തിന്റെ ഭാഗമായി യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച “10 മില്യന്‍ മീല്‍സ്’ പദ്ധതിയിലും കൊവിഡ് മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാര്‍ക്കും കുടുംബങ്ങള്‍ക്കും സഹായം നല്‍കുന്നതിന് മക്ക ഗവര്‍ണറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ “ബിര്‍റന്‍ ബി മക്ക’ പദ്ധതിയിലും യൂസുഫലി വന്‍ പങ്കാളിത്തം വഹിച്ചിരുന്നു. കേരളത്തിലെ മഹാപ്രളയ ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയും സംഭാവന നല്‍കി. ഇതര സംസ്ഥാനങ്ങളിലേക്കും നീണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ സഹായ ഹസ്തം. നിരവധി ശതകോടീശ്വരന്മാരുള്ള നമ്മുടെ രാജ്യത്ത് ഇത്രയും കൈയഴിച്ച് സഹായം നല്‍കുന്ന വ്യക്തികള്‍ അപൂര്‍വം. കേരളത്തിലെ ആയിരക്കണക്കിനു വീടുകളില്‍ തീപുകയുന്നത് യൂസുഫലിയുടെ സന്മനസ്സ് കൊണ്ടാണ്. പതിനായിരക്കണക്കിനു മലയാളികളാണ് ഗള്‍ഫ് മേഖലയിലെങ്ങുമുള്ള യൂസുഫലിയുടെ ലുലു ഹൈപ്പര്‍ മര്‍ക്കറ്റുകളിലും മാളുകളിലും മറ്റുമായി ജോലി ചെയ്യുന്നത്. കേരളത്തിലെ നിരവധി മതസ്ഥാപനങ്ങള്‍ക്കും നിര്‍ലോഭമായ ധനസഹായം നല്‍കാറുണ്ട്. മാതൃകയേറെയില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃകയാണ് അദ്ദേഹം. 2019 ഫെബ്രുവരിയില്‍ ഹുറൂണ്‍ ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സമ്പന്നരായ ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പട്ടികയില്‍ മുന്‍നിരയിലാണ് യൂസുഫലിയുള്ളത്. സാമൂഹിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/06/10/483252.html
Post a Comment