ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ ഒമ്പത് വയസുകാരിയെ മാതാവും രണ്ടാനച്ഛനും കൊലപ്പെടുത്തി

ലുധിയാന | ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ ഒമ്പത് വയസുകാരിയെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കഴുത്തുഞെരിച്ച് അരുംകൊല ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാവ് പിങ്കി (27), രണ്ടാനച്ഛന്‍ നരീന്ദര്‍പാല്‍ (31) എന്നിവരാണ് മകള്‍ ഭാരതിയെ ജൂണ്‍ 19 ന് രാത്രി ഹംബ്രാനിലെ ഒരു കന്നുകാലി തീറ്റ ഫാക്ടറിയില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 2018 ല്‍ ഭാരതിക്കായി 2.5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി ദമ്പതികള്‍ എടുത്തിരുന്നു. അതിനുശേഷം 2019 ല്‍ മൂന്ന് ലക്ഷം രൂപ ബേങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു സ്ഥലം വാങ്ങി. ഇതിനകം 1.49 ലക്ഷം രൂപ തവണകളായി ബേങ്കില്‍ അടയ്ക്കുകയും ചെയ്തു. ബാക്കി തുക നല്‍കാന്‍ പ്രയാസപ്പെട്ടപ്പോഴാണ് ഭാരതിയെ കൊലപ്പെടുത്തിയാല്‍ ഇന്‍ഷ്വറന്‍സ് പണം ലഭിക്കുമെന്ന ചിന്തയുണ്ടായത്.

ഷാള്‍കൊണ്ട് കഴുത്തില്‍ കുരുക്കിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഇരുവരും പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. സ്വാഭാവിക മരണമാണെന്നാണ് പിങ്കിയും നരീന്ദര്‍പാലും അധികൃതരോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തു ഞെരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. നിലവില്‍ പോലീസ് റിമാന്‍ഡില്‍ കഴിയുന്ന ദമ്പതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 120-ബി, 182, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



source http://www.sirajlive.com/2021/06/23/485584.html

Post a Comment

أحدث أقدم