കരിനിയമങ്ങളും കോടതി ഇടപെടലുകളും

യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ജനശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ചട്ടുകമായി ഭരണകൂടം ഉപയോഗപ്പെടുത്തുന്നതിന്റെ വെളിപ്പെടുത്തല്‍ കൂടെയായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥി നേതാക്കള്‍ക്ക് ജാമ്യമനുവദിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധി. ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ക്ക് പുറമെ യു എ പി എയിലെ 13,16,17,18 വകുപ്പുകളും ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവാങ്കണ കലിത, നടാഷ നര്‍വാള്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നു ഡല്‍ഹി പോലീസ്. മൂന്ന് വ്യത്യസ്ത വിധികളായി പുറപ്പെടുവിച്ച ജാമ്യ ഉത്തരവ് കുറ്റാരോപിതര്‍ക്കെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യു എ പി എയിലെ 15ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന “ഭീകര പ്രവര്‍ത്തനം’ നടന്നിരിക്കാനുള്ള സാധ്യതയെ കാണിക്കുന്ന ഒരു പ്രത്യേക വസ്തുതയും ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് വിശദീകരിക്കുന്നു. യു എ പി എയിലെ 17ാം വകുപ്പിന്റെ ഭാഗമായ ഭീകര പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തുക എന്ന കുറ്റവും തൊട്ടടുത്ത വകുപ്പ് വിശദീകരിക്കുന്ന ഭീകര പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചന നടന്നെന്നോ അതിനുള്ള തയ്യാറെടുപ്പ് നടത്തിയെന്നോ ഒന്നും കുറ്റപത്രത്തിലില്ല.

യു എ പി എയിലെ മാരക വകുപ്പുകള്‍ ചുമത്തിയതിനപ്പുറം അതിന് ഉപോത്ബലകമായതൊന്നും കുറ്റപത്രത്തിലില്ലെന്നിരിക്കെ കരിനിയമങ്ങള്‍ക്ക് പിന്നിലെ ഭരണകൂട താത്പര്യം കൂടുതല്‍ വ്യക്തമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ കാരാഗൃഹത്തിലേക്കയക്കുക എന്നത് തന്നെ. ആ യാഥാര്‍ഥ്യം നീതിപീഠം തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ ബോധ്യമാകുന്നുണ്ട്. അതായത് സാധാരണ ശിക്ഷാനിയമങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളെ അവധാനതയില്ലാതെ യു എ പി എയിലേക്ക് വരവ് വെക്കുന്ന പോലീസ് നടപടിയെ ഡല്‍ഹി ഹൈക്കോടതി താക്കീത് ചെയ്തിരിക്കുന്നു ജാമ്യ ഉത്തരവില്‍.

വാഹനങ്ങള്‍ തടയാനും പാതകള്‍ തടസ്സപ്പെടുത്താനും സി എ എ വിരുദ്ധ പ്രതിഷേധക്കാരെ പ്രേരിപ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അസിഫ് ഇഖ്ബാല്‍ തന്‍ഹക്കെതിരെ ചുമത്തിയ കുറ്റം. കലാപത്തിന് പ്രേരണ നല്‍കിയെന്നും പ്രതിഷേധ പരിപാടികളിലും ഡല്‍ഹി കലാപത്തിലും പങ്കെടുത്തുവെന്നും ദേവാങ്കണ കലിതക്കെതിരെയും നടാഷ നര്‍വാളിനെതിരെയും കുറ്റം ചുമത്തിയിരുന്നു. 2020 ഫെബ്രുവരി അവസാന വാരത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടത്തിയ കലാപവുമായി പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തെ കണ്ണിചേര്‍ക്കാനുള്ള ശ്രമമാണ് ഡല്‍ഹി പോലീസ് നടത്തിയത്. അതിനായി കലാപ ഗൂഢാലോചനാ സിദ്ധാന്തം പടച്ചുണ്ടാക്കുകയായിരുന്നു.
വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഉള്ളടക്കം പരിശോധിച്ച ഹൈക്കോടതി ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെയും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി വിദ്യാര്‍ഥി നേതാക്കള്‍ എന്നാണ് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായാണ് അക്കാര്യം ആരോപിച്ചിരിക്കുന്നത്. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം ഭരണഘടനാദത്തമാണ്. ഭരണഘടനയുടെ അനുഛേദം 19(ഒന്ന്)(എ) വകവെച്ചു നല്‍കുന്ന സുപ്രധാന മൗലികാവകാശമാണത്.
കുറ്റാരോപിതര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട പൗരത്വ പ്രതിഷേധ സംഘാടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി ഒരു വിവരവും ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലില്ല. ഭരണകൂട നടപടികള്‍ക്കെതിരെ സംഘടിപ്പിക്കപ്പെട്ട സമാധാനപരമായ പ്രതിഷേധമായിരുന്നു നടന്നതെന്ന് കുറ്റപത്രം തന്നെ പറയാതെ പറയുമ്പോള്‍ പ്രക്ഷോഭകരെ വേട്ടയാടുകയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായ ഡല്‍ഹി പോലീസിന്റെ ലക്ഷ്യമെന്ന് വെളിപ്പെടുന്നു. ആ ദുഷ്ടലാക്കിന് നേരേയാണ് വൈകിയെങ്കിലും ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നീതിയുടെ അസ്ത്രമെറിഞ്ഞിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നിയമവിരുദ്ധമോ നിരോധിക്കപ്പെട്ടതോ അല്ല. ഡല്‍ഹിയില്‍ ദേശീയ ക്യാമ്പസുകളിലെ വിദ്യാര്‍ഥി സംഘടനകളായിരുന്നു പ്രധാനമായും അത് നയിച്ചത്. അവയൊന്നും നിരോധിത സംഘടനകളല്ല. നിയമപാലകരുടെ അറിവോടെയും സാന്നിധ്യത്തിലും അരങ്ങേറിയ ജനാധിപത്യ പ്രക്ഷോഭങ്ങളായിരുന്നു അവ. പ്രതിഷേധിക്കാനുള്ള പൗരാവകാശം വിനിയോഗിക്കല്‍ യു എ പി എയില്‍ പറയുന്ന ഭീകര പ്രവര്‍ത്തനമാകില്ലെന്ന നീതിബോധമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്. പ്രതിഷേധങ്ങള്‍ നിയമാനുസൃത പരിധി ലംഘിച്ചാല്‍ പോലും അത് യു എ പി എ ചുമത്താകുന്ന ഭീകര പ്രവര്‍ത്തനമാകുന്നില്ലെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

യു എ പി എയിലെ 43(ഡി)അഞ്ച് വകുപ്പ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നിയമത്തിലെ നാല്, ആറ് അധ്യായങ്ങളില്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ മതിയായ സാഹചര്യമുണ്ടെന്ന് കോടതി കരുതുന്ന പക്ഷം കുറ്റാരോപിതന് ജാമ്യം അനുവദിക്കാന്‍ പാടില്ല എന്നാണ് പ്രസ്തുത വകുപ്പിന്റെ മാന്‍ഡേറ്റ്. യു എ പി എ പ്രകാരം കുറ്റം ചുമത്തപ്പെട്ടവരുടെ ജാമ്യം പലപ്പോഴും സങ്കീര്‍ണ സമസ്യയായി മാറുന്നത് പ്രസ്താവിത വകുപ്പ് കാരണമാണ്. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ യു എ പി എ പ്രകാരം ചുമത്തിയ കേസുകളുടെ കുറ്റപത്രം ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വസ്തുനിഷ്ഠമായി പരിശോധിച്ചതിനൊടുവിലാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്. യു എ പി എ പ്രകാരം ചുമത്തിയ 15 മുതല്‍ 18 വരെയുള്ള വകുപ്പുകളും 43(ഡി)അഞ്ച് വകുപ്പ് മുന്നോട്ടുവെക്കുന്ന, ജാമ്യത്തിനുള്ള നിയന്ത്രണത്തിന്റെ സ്വഭാവവും പരിശോധിക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി.

അങ്ങനെ യു എ പി എ പ്രകാരം ചുമത്തിയ കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന തീര്‍പ്പിലെത്തിയ നീതിപീഠം കുറ്റാരോപിതര്‍ കുറ്റം ചെയ്‌തെന്ന് കോടതി വിചാരിക്കുന്നില്ലെന്നാണ് വിലയിരുത്തിയത്. അതോടെ അജന്‍ഡകള്‍ പൊളിയുകയാണെന്നും കേസിന്റെ വിചാരണയെ ജാമ്യ ഉത്തരവ് ശരിയായി സ്വാധീനിക്കുമെന്നും തിരിച്ചറിഞ്ഞ ഡല്‍ഹി പോലീസ് സമയം കളയാതെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജൂണ്‍ 18ന് പരമോന്നത നീതിപീഠം പ്രസ്തുത ആവശ്യം തള്ളിക്കളഞ്ഞു.
ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ച് വിദ്യാര്‍ഥി നേതാക്കളുടെ ജയില്‍ മോചനത്തിന് വിഘ്‌നം സൃഷ്ടിക്കാനുള്ള ശ്രമവും ഡല്‍ഹി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ജാമ്യ ഉത്തരവിന്റെ ആശ്വാസത്തിലും കൊവിഡ് ആഞ്ഞുവീശിയ രണ്ട് തരംഗങ്ങളിലും ഒരു വര്‍ഷത്തിലേറെക്കാലം കുറ്റാരോപിതര്‍ തിഹാര്‍ ജയിലില്‍ കിടന്നു എന്നത് വിസ്മരിക്കാവതല്ല. അത് ഭരണകൂടത്തിന് ആഹ്ലാദം നല്‍കുന്ന കാര്യമാണെങ്കിലും രാജ്യത്തിന്റെ ജനാധിപത്യ വീണ്ടെടുപ്പിന് പലയിടങ്ങളിലായി സമരം ചെയ്യുന്ന പ്രക്ഷോഭകരില്‍ ഞെട്ടലുണ്ടാക്കുന്ന വര്‍ത്തമാനമാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തടവുകാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കപ്പെട്ടു പല തടവുകാര്‍ക്കും. എന്നാല്‍ ആസിഫിനും ദേവാങ്കണ കലിതക്കും നടാഷ നര്‍വാളിനും അതും ലഭിക്കാത്തതിന് ഹേതുവായത് യു എ പി എ ചാര്‍ത്തപ്പെട്ടതാണ്. യു എ പി എയിലെയും സമാന കരിനിയമങ്ങളിലെയും വിവാദ വകുപ്പുകള്‍ പൗരനെ സിവില്‍ ഡെത്തിന്റെ പാതാളത്തിലേക്കാണ് ആനയിക്കുന്നത്.

കരിനിയമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുടെ ശബ്ദം ഇനിയൊരു തെരുവിലും ഉയരരുതെന്ന് തീര്‍ച്ചപ്പെടുത്തുന്നതാണ് ഭരണകൂട നീക്കങ്ങള്‍. നടാഷ നര്‍വാളിന്റെ പിതാവ് കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് ശേഷക്രിയകള്‍ ചെയ്യാന്‍ അവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി മൂന്നാഴ്ച ഇടക്കാല ജാമ്യവുമനുവദിച്ചു. തങ്ങളുടെ ഏകശിലാത്മക അജന്‍ഡകള്‍ നടപ്പാക്കാന്‍ ഭരണകൂടം അമിതാധികാര പ്രയോഗങ്ങളിലേക്ക് കടക്കുമ്പോള്‍ നീതിപീഠത്തിന്റെ ഭരണഘടനാധിഷ്ഠിത ഇടപെടലുകളിലാണ് പൗരസമൂഹത്തിന്റെ പ്രതീക്ഷ. അത്തരമൊരു പ്രതീക്ഷാ മുനമ്പായി രാജ്യത്തെ നീതിപീഠങ്ങള്‍ ഉയര്‍ന്നു കാണുന്നത് ശുഭോദര്‍ക്കമാണ്.



source http://www.sirajlive.com/2021/06/29/486389.html

Post a Comment

أحدث أقدم