‘രാഷ്ട്ര മഞ്ച്’ ബദലാകാനൊരുങ്ങുമ്പോള്‍


ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ മുന്നണി ശക്തിപ്പെടുത്തി 2024ലെ പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കമായി ശരത് പവാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തെ നിരീക്ഷിക്കുന്നവരുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും കാര്‍മികത്വത്തില്‍ കോണ്‍ഗ്രസ് ഇതര ബി ജെ പി വിരുദ്ധ മൂന്നാം മുന്നണി വരികയാണെന്ന് ഇത്തരം നിരീക്ഷണങ്ങള്‍ പ്രത്യാശിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യോഗം മുന്നണികളുടേതല്ലെന്നും രാഷ്ട്രീയത്തിലെ ചില വ്യക്തികള്‍ എന്ന നിലക്ക് സമകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗമായിരുന്നെന്നുമാണ് സംഘാടകരുടെ വിശദീകരണം.
കോണ്‍ഗ്രസിനെ കൂട്ടാതെ ഒരു പ്രതിപക്ഷ മുന്നണിയെ കുറിച്ച് ആലോചിക്കാനില്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തോട് പവാറിനും മമതാ ബാനര്‍ജിക്കുമൊക്കെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അതൃപ്തി ഇപ്പോള്‍ നേര്‍ത്തു നേര്‍ത്തു വന്നിട്ടുണ്ട്. ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുലും പ്രിയങ്കയും വേണ്ടതുപോലെ ഇടപെടാതിരുന്നതും മമതക്ക് ഇഷ്ടപ്പെട്ടുകാണും. പവാറിനാകട്ടെ, മഹാരാഷ്ട്രയിലെ വിശാല മുന്നണിയോടെ കോണ്‍ഗ്രസിനോട് അടുപ്പം കൂടിയിട്ടേയുള്ളൂ. ഡി എം കെയും സി പി ഐ എമ്മും സി പി ഐയും കോണ്‍ഗ്രസിനെ കൂടി ഒരുമിച്ചുള്ള മുന്നണി താത്പര്യപ്പെടുന്നവരുമാണ്.

രാഷ്ട്ര മഞ്ച് എന്നൊരു സംവിധാനത്തില്‍ പ്രതിപക്ഷ നേതാക്കന്മാരുടെ കൂടിയാലോചനകള്‍ ഉദ്ദേശിച്ച് നടന്ന യോഗത്തില്‍ നിന്ന് പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നു. കപില്‍ സിബല്‍, അഭിഷേക് മനു, മനീഷ് തിവാരി തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ടായെങ്കിലും അവരാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് നേരത്തേ രാഷ്ട്ര മഞ്ച് എന്നൊരാശയം മുന്നോട്ട് വെച്ചത്. അതിന്റെ കൂടുതല്‍ ശക്തവും പ്രായോഗികവുമായ തലങ്ങളിലേക്ക് പ്രതിപക്ഷം വളരുന്നത് സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നത് തന്നെയാണ്.
പ്രാദേശിക മേഖലകളില്‍ വലിയ രാഷ്ട്രീയ ശക്തികളായി മാറിക്കഴിഞ്ഞ എന്‍ സി പി, തൃണമൂല്‍, സി പി എം, ആര്‍ എല്‍ ഡി, നാഷനല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ഡി എം കെ, ആര്‍ ജെ ഡി, എസ് പി, ബി എസ് പി, ജനതാദള്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ടി ഡി പി, ടി ആര്‍ എസ് തുടങ്ങിയ പാര്‍ട്ടികളും ചേരുന്നതോടെ മാത്രമേ ബി ജെ പിയെ മറികടക്കാന്‍ പാകത്തിന് പ്രതിപക്ഷം പൂര്‍ത്തിയാകുകയുള്ളൂ. പരസ്പര വിശ്വാസത്തോടെയുള്ള സഖ്യങ്ങള്‍ക്ക് മാത്രമാണ് ബി ജെ പിയുടെ പണാധിപത്യത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.
ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷി എന്ന നിലക്ക് ഇവിടെ ഏറ്റവും കൂടുതല്‍ വിശ്വാസ്യത സ്ഥിരീകരിക്കേണ്ടതും ത്യാഗം ചെയ്യേണ്ടതും കോണ്‍ഗ്രസ് തന്നെയാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു തത്വമാണ്.

മോദിയുടെയും സംഘ്പരിവാരത്തിന്റെയും അസാധാരണ പ്രതിച്ഛായാ യുദ്ധങ്ങളെയോ പണക്കൊഴുപ്പിനെയോ വര്‍ഗീയ ധ്രുവീകരണത്തെയോ മറികടക്കാന്‍ രാഹുല്‍ ഗാന്ധിയെ മാത്രം ഉയര്‍ത്തിക്കാണിച്ചുള്ള “പോരാട്ടം’ മതിയാകാതെ വരുന്നു എന്ന വസ്തുതയെ കോണ്‍ഗ്രസ് തിരിച്ചറിയണം. രാഹുല്‍ എന്ന നേതാവിന്റെ പോരായ്മയല്ല അത്. കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യം മുതലെടുത്ത് ഇതിനകം ബി ജെ പി സ്ഥാപിച്ചെടുത്ത വ്യാജ വ്യവഹാരങ്ങളുടെ പരിണിതിയാണ്. അത് മറികടക്കാന്‍ രാഹുല്‍ പിന്തുണക്കുന്ന മുതിര്‍ന്ന ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തുക എന്നത് ഉചിതമായ നീക്കമായേക്കും. പ്രതിപക്ഷ പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖം എന്ന നിലക്ക് സത്യത്തില്‍ രാഹുല്‍ രാജ്യത്തെ കൃത്യമായി നയിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയ മേഖലകളിലെ പരാജയങ്ങളെ പറ്റി അത്രമേല്‍ തുടര്‍ച്ചയോടെ, ശക്തിയോടെ അയാള്‍ പ്രതികരിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒറ്റക്ക് കോണ്‍ഗ്രസ് ബി ജെ പിക്ക് ബദലാകുക എന്ന കാര്യം നടത്താന്‍ മാത്രമുള്ള സംഘടനാ സംവിധാനം ഇപ്പോള്‍ കോണ്‍ഗ്രസിനില്ല താനും.

അതേസമയം, ബംഗാളില്‍ മമതാ ബാനര്‍ജി തുടര്‍ച്ചയായി ബി ജെ പിയെ തുരത്തുന്നത് ദേശീയ തലത്തില്‍ തൃണമൂലിന്റെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാക്കുന്നു. ശരത് പവാര്‍ മതേതര കക്ഷികളുടെ ഏറ്റവും വിവേകശാലിയും പരിചയ സമ്പന്നനുമായ നേതാവായി പരിഗണിക്കപ്പെടുന്നതിനൊപ്പം വിവിധ കക്ഷികള്‍ക്കിടയില്‍ പാലമായി വര്‍ത്തിക്കാനുള്ള പവാറിന്റെ മേന്മയും കൂടിയാകുമ്പോള്‍ വിശാല പ്രതിപക്ഷത്തെ നയിക്കാന്‍ പവാര്‍ യോഗ്യനാകുന്നു എന്ന് കരുതപ്പെടുന്നു. കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ വേളയില്‍ അത്തരമൊരു പ്രതീക്ഷാവഹ പ്രതിപക്ഷ നീക്കം കാണാനായെങ്കിലും പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും അത് നല്ല രീതിയില്‍ തുടരുന്നത് കണ്ടില്ല.
2019ലെ പരാജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ ആഘാതം നല്‍കിയെങ്കിലും സി എ എ വിരുദ്ധ സമരങ്ങള്‍, കര്‍ഷക സമരം, കൊവിഡ് പ്രതിരോധത്തിലെ കേന്ദ്ര സര്‍ക്കാറിന്റെ പരാജയം തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ അവസരങ്ങള്‍ ഉണ്ടാക്കുന്നതായി അവര്‍ വിലയിരുത്തുന്നു. താരതമ്യേന ചെറിയ പ്രതിപക്ഷമായിട്ടും സഭ സ്തംഭിപ്പിക്കും വിധം പ്രതിഷേധങ്ങളുയര്‍ത്താനും മികച്ച വാദപ്രതിവാദങ്ങള്‍ സാധ്യമാക്കാനും കോണ്‍ഗ്രസ്, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് സഭകള്‍ക്കകത്ത് കഴിഞ്ഞിട്ടുണ്ട്.

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സര രംഗം കാണുന്നതെന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ജാതി രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞ ഉത്തര്‍ പ്രദേശ് ഇത്തവണ ആര്‍ക്കും എളുപ്പമല്ലാത്ത സ്ഥിതിയിലാണ്. എന്നാല്‍ ബി ജെ പിക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയം ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അവര്‍ക്ക് ഏറെ കടുത്ത പരീക്ഷണമാക്കി മാറ്റിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടികളുടെ ഐക്യമോ കോണ്‍ഗ്രസുമായുള്ള ധാരണകളോ ബി ജെ പിയെ മറികടക്കാന്‍ സഹായകമായില്ല എന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠമാണ്. പോരാത്തതിന് ബി എസ് പിയുടെ ബി ജെ പിയോടുള്ള സമീപനമാകട്ടെ പലപ്പോഴായി ദുര്‍ബലപ്പെടുന്നു എന്ന ആരോപണവും ശക്തമാണ്. ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ വിശാല മുന്നണി ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാട്ടി “രാജ്യത്തിനും ഹിന്ദുത്വക്കും വേണ്ടി ഒറ്റക്ക് പോരാടുന്ന പാര്‍ട്ടി’ എന്ന മട്ടിലുള്ള പ്രചാരണമാണ് ബി ജെ പി നടത്താറുള്ളത്. അത് ഉത്തര്‍ പ്രദേശില്‍ നല്ലവണ്ണം വിറ്റുപോകുകയും ചെയ്യും.

ഹിന്ദി- ഹിന്ദു ഹൃദയ ഭൂമി എന്നറിയപ്പെടുന്ന രാജസ്ഥാന്‍- മധ്യപ്രദേശ്- ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ അധികാരം നേടിയിട്ടും ലോക്‌സഭയില്‍ അമ്പേ പരാജയപ്പെടാനുണ്ടായ കാരണം പരിശോധിച്ച് പരിഹരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ടോ? ഇതേ ചോദ്യം ബിഹാറിലും ഉത്തര്‍ പ്രദേശിലും ബാധകമാണ്. ആര്‍ ജെ ഡിയും എസ് പി- ബി എസ് പികളും ഇത് അഭിമുഖീകരിക്കേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് മാത്രം ആലോചിക്കുന്ന ഏര്‍പ്പാട് മതിയാകില്ലെന്ന് തിരിച്ചറിയലാണ് മുഖ്യം. രാഷ്ട്ര മഞ്ച് ആദ്യം ചെയ്യേണ്ടതും അതാണ്.

മുതിര്‍ന്ന നേതാക്കളുടെ വീട്ടില്‍ ചായസത്കാരം നടത്തിയതുകൊണ്ട് അടിത്തട്ടില്‍ ഒരു ചുക്കും സംഭവിക്കില്ല. അതിന് മണ്ണിലിറങ്ങി പണിയെടുക്കണം. പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ ബി ജെ പി വിരുദ്ധ മുന്നേറ്റം ഉറപ്പാക്കണം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ കണക്കുകൂട്ടലുകളും തെറ്റിക്കണം. സംസ്ഥാനങ്ങളില്‍ വിരുദ്ധ ചേരികളില്‍ മത്സരിക്കുന്നവര്‍ക്ക് തന്നെ ദേശീയ തലത്തില്‍ ഒരേ ചേരിയിലേക്ക് വരാനുള്ള ബുദ്ധിമുട്ടുകളാണ് പലപ്പോഴും പല സഖ്യങ്ങളും പാളിപ്പോകുന്നതിന്റെ കാരണം. ഇത് പ്രായോഗിക തലത്തില്‍ പരിഹരിച്ചില്ലെങ്കിൽ ബി ജെ പിക്ക് ഇക്കുറിയും കാര്യങ്ങള്‍ എളുപ്പമാകും.



source http://www.sirajlive.com/2021/06/25/485941.html

Post a Comment

Previous Post Next Post