രാജസ്ഥാനില്‍ വിമതനീക്കം വീണ്ടും ശക്തം

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരവെ ഫോൺ ചോര്‍ത്തല്‍ വിവാദവും. എം എല്‍ എമാര്‍ നിരീക്ഷിക്കപ്പെടുന്നു, ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി സച്ചിന്‍ പൈലറ്റ് വിഭാഗം രംഗത്തു വന്നിരിക്കുന്നു. ജയ്പൂര്‍ ജില്ലയിലെ ചാക്സുവില്‍ നിന്നുള്ള എം എല്‍ എ വേദ് പ്രകാശ് സോളങ്കിയാണ് ആരോപണം പരസ്യമായി ഉന്നയിച്ചത്. “ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതായി ചില എം എല്‍ എമാര്‍ എന്നോടു പറഞ്ഞു. ഇതില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കുണ്ടോ എന്നറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പല ഉദ്യോഗസ്ഥരും അവരോട് പറയുകയുണ്ടായി. എം എല്‍ എമാരില്‍ ചിലര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും മുഖ്യമന്ത്രി അത് ചിരിച്ചു തള്ളുകയായിരുന്നു’വെന്നാണ് സച്ചിന്‍ പൈലറ്റിന്റെ അടുത്തയാളായ വേദ് പ്രകാശ് സോളങ്കിയുടെ വെളിപ്പെടുത്തല്‍. “തീര്‍ത്തും അടിസ്ഥാനരഹിതമാണ് ഈ ആരോപണങ്ങളെന്നും എം എല്‍ എയെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ ബോധ്യപ്പെടാതെ പൊതുജന സമക്ഷത്തില്‍ പറയരുതായിരുന്നുവെന്നു’മാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് മഹേഷ് ജോഷി ഇതേക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ സച്ചിന്‍ പൈലറ്റും 18 എം എല്‍ എമാരും വിമത നീക്കം നടത്തിയപ്പോഴും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു.
രാജസ്ഥാനില്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടും പി സി സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പാനന്തരം മന്ത്രിസഭാ രൂപവത്കരണ ഘട്ടത്തില്‍ അത് രൂക്ഷമായി. മുഖ്യമന്ത്രി പദത്തിന് ഇരുവരും അവകാശവാദം ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് സച്ചിന്‍ പൈലറ്റായിരുന്നു. തന്റെ പ്രയത്‌നം കൊണ്ടാണ് 2013ല്‍ 22ല്‍ ഒതുങ്ങിയ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നില 2018ല്‍ 100ല്‍ എത്തിയതെന്നും മുഖ്യമന്ത്രി പദത്തിന് താനാണ് ഏറ്റവും അര്‍ഹനെന്നും സച്ചിന്‍ അവകാശപ്പെട്ടപ്പോള്‍, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഗെഹ്്ലോട്ടിന്റെ വാദം. അന്ന് പാര്‍ട്ടി ദേശീയ നേതൃത്വം പാടുപെട്ടാണ് സച്ചിനെ പിന്തിരിപ്പിച്ചതും ഗെഹ്‌ലോട്ടിന് മുഖ്യമന്ത്രി പദം നല്‍കിയതും.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നേരിട്ടതോടെ ഭിന്നത വീണ്ടും രൂക്ഷമായി. തന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിന്റെ തോല്‍വിക്കു കാരണം സച്ചിന്‍ പൈലറ്റാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കണമെന്നും അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ജോദ്പൂരില്‍ ബി ജെ പിയുടെ ഗജേന്ദ്ര ഷെഖാവത്തിനോട് 2.7 ലക്ഷം വോട്ടിനാണ് വൈഭവ് ഗെഹ്‌ലോട്ട് പരാജയപ്പെട്ടത്. അതേസമയം, ഗെഹ്‌ലോട്ട് മകന്റെ പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധിച്ചത്. പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ കനത്ത തിരിച്ചടി നേരിട്ടത് അതുകൊണ്ടാണെന്ന് സച്ചിന്‍ വിഭാഗവും കുറ്റപ്പെടുത്തി. ഈ ഭിന്നത മുതലെടുത്ത് ബി ജെ പി നേതൃത്വം സച്ചിനുമായി ബന്ധപ്പെടുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഹൈക്കമാന്‍ഡ് ഇടപെട്ടാണ് ആ നീക്കം പരാജയപ്പെടുത്തിയതും സച്ചിനെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തിയതും. അന്ന് പാര്‍ട്ടി നേതൃത്വം സച്ചിന് ചില ഉറപ്പുകള്‍ നല്‍കുകയും പ്രശ്‌ന പരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. അതുകഴിഞ്ഞ് ഒരു വര്‍ഷമാകാറായെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ഇതില്‍ കടുത്ത അസന്തുഷ്ടരാണ് പൈലറ്റും സംഘവും. അടുത്തിടെ ഒരു ദേശീയ മാധ്യമത്തോടുള്ള അഭിമുഖത്തില്‍ സച്ചിന്‍ ഇക്കാര്യം തുറന്നു പറഞ്ഞു. ‘പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടില്ല. പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സര്‍വം സമര്‍പ്പിക്കുകയും ചെയ്ത നിരവധി പ്രവര്‍ത്തകരെ പാര്‍ട്ടി നേതൃത്വം കേള്‍ക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്’. സച്ചിന്‍ വിഭാഗത്തിന് ഹൈക്കമാന്‍ഡ് അന്ന് മന്ത്രിസ്ഥാനങ്ങള്‍ അടക്കം വാഗ്ദാനം ചെയ്തിരുന്നു.
ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി പത്തി മടക്കിയിരുന്ന സച്ചിന്‍ വിഭാഗം വീണ്ടും വിമതനീക്കം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് സച്ചിന്റെ വിശ്വസ്തനും ഗുണ്ടാമലാനി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയുമായ ഹേമാറാം ചൗധരിയുടെ രാജി. കഴിഞ്ഞ വര്‍ഷം അശോക് ഗെഹ്‌ലോട്ടിനെതിരെ വിമത സ്വരമുയര്‍ത്തിയ ഘട്ടത്തില്‍ സച്ചിനൊപ്പമുണ്ടായിരുന്ന 19 എം എല്‍ എമാരില്‍ പ്രമുഖനാണ് ഹേമാറാം ചൗധരി. ഒരു മാസം മുമ്പാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. മാര്‍ച്ചില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം തന്റെ മണ്ഡലത്തിലെ റോഡ് വികസനത്തിലെ വിവേചനം ചൂണ്ടിക്കാട്ടി സര്‍ക്കാറിനെ വിമര്‍ശിക്കുകയും ഇങ്ങനെയെങ്കില്‍ നമ്മളും ബി ജെ പിയും തമ്മില്‍ എന്ത് വ്യത്യാസമെന്നു ചോദിക്കുകയും ചെയ്തിരുന്നു. സച്ചിന്‍ പക്ഷത്തെ മുകേഷ് ബക്കര്‍, മുരാരി ലാല്‍ മീണ എന്നിവരും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന് രാഹുല്‍ ഗാന്ധി വീണ്ടും അജയ്മാക്കനെ അയക്കാനുള്ള നീക്കം നടത്തിയെങ്കിലും, അതുമായി സഹകരിക്കില്ലെന്നും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഗെഹ്്ലോട്ടിനോട് നിര്‍ദേശിക്കുകയാണ് രാഹുല്‍ ഗാന്ധി വേണ്ടതെന്നും വിമത വിഭാഗം അറിയിച്ചതോടെ അദ്ദേഹം ഈ നീക്കം ഉപേക്ഷിക്കുകയാണുണ്ടായത്. രാഹുല്‍ ഗാന്ധി നേരത്തേ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നതാണ് വിമതപക്ഷം ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം.
ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍ നിലവില്‍ ഒമ്പത് പേര്‍ക്ക് കൂടി മന്ത്രിപദത്തിന് അവസരമുണ്ട്. ഇതില്‍ ആറ് സ്ഥാനങ്ങളെങ്കിലും വേണമെന്നാണ് സച്ചിന്‍ വിഭാഗത്തിന്റെ ആവശ്യം. താമസിയാതെ മന്ത്രിസഭാ വികസനം നടത്തി സച്ചിന്‍ പക്ഷത്തിനു അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയാണ് സംസ്ഥാന കോണ്‍ഗ്രസിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള മാര്‍ഗം. അതിനു പക്ഷേ, ഗെഹ്‌ലോട്ട് വഴങ്ങുമോ എന്നതാണ് പ്രശ്‌നം.



source http://www.sirajlive.com/2021/06/15/484047.html

Post a Comment

أحدث أقدم