ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ആഇശ സുല്‍ത്താന

കൊച്ചി | രാജ്യദ്രോഹ കേസ് ചുമത്തിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ലക്ഷദ്വീപ് സമര നയികയും സിനി സംവിധായികയുമായ ആഇശ സുല്‍ത്താന. ഹൈക്കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഹരജിയില്‍ പറയുന്നു. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ആഇശയുടെ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

ചനാല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു വക്ക് ഏറ്റെടുത്ത് ലക്ഷദ്വീപ് ബി ജെ പി പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കവരത്തി പോലീസ് ആഇശക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിലായിരുന്നു പരാതി. എന്നാല്‍ വാക്ക് പിഴവാണെന്ന് ആഇശ വ്യക്തമാക്കിയിരുന്നു.
കേസില്‍ ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കവരത്തി പോലീസ് ആഇശക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടെയാണ് ആഇശ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിരിക്കുന്നത്.

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയതെന്ന് ആഇശ കേസ് എടുത്ത സംഭവത്തില്‍ പ്രതികരിച്ചിരുന്നു. എഫ് ഐ ആര്‍ ഇട്ടിട്ടുണ്ട്… രാജ്യദ്രോഹ കുറ്റം. പക്ഷേ സത്യമേ ജയിക്കൂ…കേസ് കൊടുത്ത ബി ജെ പി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കുമെന്നും ആഇശ പറഞ്ഞിരുന്നു.

 

 



source http://www.sirajlive.com/2021/06/14/483912.html

Post a Comment

Previous Post Next Post