ഇന്ധന വില: സെഞ്ച്വറി കടന്ന് കേരളവും

പെട്രോളിന് കേരളത്തിലും നൂറ് രൂപ കടന്നു. പാറശ്ശാലയില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 100.04 രൂപയും തിരുവനന്തപുരത്ത് 99.80 രൂപയുമാണ്. രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കു മുമ്പേ വില നൂറ് കടന്നിരുന്നു. പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. അവര്‍ക്കു പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധാപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും നൂറ് കടന്നിരുന്നു. ഈ ജൂണ്‍ മാസത്തില്‍ മാത്രം 13 തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചത്. മെയില്‍ വില 15 തവണയും വര്‍ധിച്ചു. പെട്രോളിന് മൂന്ന് രൂപ 95 പൈസയും ഡീസലിന് നാല് രൂപ 72 പൈസയുമാണ് മെയില്‍ വര്‍ധിച്ചത്. ആറ് മാസത്തിനിടെ പെട്രോള്‍ വിലയില്‍ മാത്രം 11 രൂപയിലധികം വര്‍ധനവുണ്ടായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന പൊതുജനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് എണ്ണവിലയിലെ ഈ കുതിച്ചു കയറ്റം.

പെട്രോള്‍ ഉത്പന്നങ്ങളുടെ വില വര്‍ധനവിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയാറുള്ളത്. ഇന്ധനവിലയില്‍ പെട്രോളിനുള്ള വിലനിര്‍ണയാധികാരം 2010ല്‍ യു പി എ സര്‍ക്കാറും ഡീസല്‍ വില നിര്‍ണയാധികാരം 2014ല്‍ എന്‍ ഡി എ സര്‍ക്കാറുമാണ് എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. രാജ്യാന്തര വിപണിയിലെ 15 ദിവസത്തെ എണ്ണ വിലയും ഡോളര്‍- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ ദിനംപ്രതി വില പുതുക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ദരിദ്ര രാജ്യങ്ങളിലൊന്നുമില്ലാത്ത വിധം ഇന്ത്യയില്‍ ഇന്ധന വില കൂടാന്‍ കാരണം എണ്ണക്കമ്പനികള്‍ മാത്രമല്ല, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വന്‍തോതിലുള്ള നികുതി കൂടിയാണ്. ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില ഏകദേശം മുപ്പത് രൂപയാണ്. മുപ്പത് രൂപയിലേറെ വരുന്ന കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും ഇരുപത് രൂപക്കടുത്ത് വരുന്ന സംസ്ഥാന നികുതിയുമാണ് എണ്ണ വില നൂറ് രൂപയിലെത്തിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ സാമാന്യ കണക്കനുസരിച്ച് രാജ്യത്ത് ഇന്ധന വില കുറയേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 29 രൂപയായിരുന്ന ക്രൂഡ് ഓയില്‍ വില ലോക്ക്ഡൗണിനെത്തുടര്‍ന്ന് 2020 മെയില്‍ 14 രൂപയിലേക്ക് കൂപ്പുകുത്തിയപ്പോള്‍, വില കുറക്കേണ്ടതിന് പകരം കേന്ദ്രം ഓരോ ലിറ്ററിനും പത്ത് രൂപ വീതം ടാക്‌സ് വര്‍ധിപ്പിച്ച് എണ്ണ ഉപഭോക്താക്കളെ ഞെക്കിപ്പിഴിയുകയായിരുന്നു. 48 ശതമാനം നികുതിയാണ് അന്ന് കേന്ദ്രം പിരിച്ചെടുത്തത്. എണ്ണയുടെ നികുതിയില്‍ ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില ഉയരുമ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലില്‍ കെട്ടിവെക്കുകയും വില കുറയുമ്പോള്‍ നികുതി കുത്തനെ ഉയര്‍ത്തി വിലക്കുറവിന്റെ നേട്ടം ഉപഭോക്താവിനു നിഷേധിക്കുകയും ചെയ്യുന്നു. വിലക്കുറവിന്റെ നേട്ടം കൊയ്യുന്നത് സര്‍ക്കാറും കമ്പനിയുടമകളും മാത്രം. 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള ഒമ്പത് മാസകാലയളവില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലൂടെ സര്‍ക്കാറിനു ലഭിച്ച നികുതി വരുമാനം 2.94 ലക്ഷം കോടി രൂപ വരും. അടിക്കടിയുള്ള വിലവര്‍ധനയില്‍ എണ്ണക്കമ്പനികളും വന്‍തോതില്‍ നേട്ടം കൊയ്തു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 21,683 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലാഭമുണ്ടാക്കിയത്.

2014ല്‍ മോദി സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറിയപ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍പ്പനയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് എക്‌സൈസ് നികുതിയായി ലഭിച്ചിരുന്നത് 9.48 രൂപയായിരുന്നു. ഇന്നത് 30.90 രൂപയാണ്. 2014ല്‍ ഒരു ലിറ്റര്‍ ഡീസലില്‍ നിന്ന് കേന്ദ്രത്തിനു ലഭിച്ചിരുന്നത് 3.56 രൂപയായിരുന്നെങ്കില്‍ നിലവില്‍ 31.80 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പെട്രോളിന്റെ എക്‌സൈസ് നികുതിയില്‍ വരുത്തിയ വര്‍ധന 206 ശതമാനവും ഡീസല്‍ നികുതിയിലെ വര്‍ധന 377 ശതമാനവുമാണ്. ഇന്ത്യയാണ് ലോകത്ത് ഏറ്റവും അധികം ഇന്ധന നികുതി ചുമത്തുന്ന രാജ്യം. അമേരിക്കയില്‍ 20 ശതമാനമാണ് ഇന്ധന നികുതി.

ഇന്ധന നികുതി നിരന്തരം വര്‍ധിപ്പിച്ച് സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കാര്യത്തില്‍ ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. 2015ല്‍ 34.61 ശതമാനമായിരുന്ന കോര്‍പറേറ്റ് നികുതി നിലവില്‍ 25.17 ശതമാനമാണ്. കഴിഞ്ഞ ആറ് വര്‍ഷത്തെ കോര്‍പറേറ്റ് നികുതിയിളവ് മൂലം സര്‍ക്കാറിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വെളിപ്പെടുത്തിയത്. കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതിയിളവിന്റെ ഭാരവും പേറേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരാണ്.

പെട്രോള്‍, ഡീസല്‍ വില വര്‍ധന വാഹന ഉടമകളെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കും. ചരക്ക് സേവന നിരക്ക് ഉയരുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ തുടങ്ങി എല്ലാ വിഭാഗം സാധനങ്ങളുടെയും വില കുത്തനെ ഉയരും. പണപ്പെരുപ്പത്തിനും ഇത് വഴിവെക്കും. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നത്. പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയില്‍ വന്നാല്‍ അനിയന്ത്രിതമായ വില വര്‍ധനയുടെ ഭാരത്തില്‍ നിന്ന് ജനം രക്ഷപ്പെടുമായിരുന്നു. നിലവിലെ ക്രൂഡ് ഓയില്‍ വിലയനുസരിച്ച് 28 ശതമാനം ജി എസ് ടി ചുമത്തിയാലും ഒരു ലിറ്റര്‍ പെട്രോള്‍ 72 രൂപക്ക് നല്‍കാനാകുമെന്ന് ഡീലര്‍മാര്‍ പറയുന്നു. പൊതു ഖജനാവിലെ വരുമാനത്തില്‍ ഇത് സഹസ്ര കോടികളുടെ കുറവ് വരുത്തുമെന്നതിനാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഈ നീക്കത്തെ എതിര്‍ക്കുകയാണ്. ജി എസ് ടി 28 ശതമാനമെങ്കില്‍ 14 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. നിലവില്‍ ഇന്ധന വില്‍പ്പന നികുതിയിനത്തില്‍ കേരളത്തിന് പ്രതിവര്‍ഷം 7,900 കോടി രൂപ ലഭിക്കുന്നുണ്ട്. ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതിന്റെ പകുതിയായി കുറയും. ഇന്ധന വിലയിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഈ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്.



source http://www.sirajlive.com/2021/06/25/485946.html

Post a Comment

أحدث أقدم