ഗുണ്ടാ സംഘങ്ങള്‍ വാഴുന്നത് രാഷ്ട്രീയത്തണലിലാണ്

ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് കരിപ്പൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഒരു പ്രാദേശിക സി പി എം നേതാവിന്റേതാണെന്ന കണ്ടെത്തലാണ് രാഷ്ട്രീയ പാര്‍ട്ടി – ക്വട്ടേഷന്‍ സംഘ ബന്ധങ്ങളെ അനാവരണം ചെയ്തത്. സി പി എം കോയ്യോട് മൊയാരം ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ ചെമ്പിലോട് നോര്‍ത്ത് വില്ലേജ് സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ സജേഷിന്റേതായിരുന്നു അര്‍ജുന്‍ സഞ്ചരിച്ച വാഹനം. വിവരം പുറത്തു വരികയും രാഷ്ട്രീയ വിവാദമാകുകയും ചെയ്തതോടെ സജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് സി പി എം ജില്ലാ സെക്രട്ടേറിയറ്റ്.

സംസ്ഥാനത്തെ മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം പ്രത്യേക ഗുണ്ടാ സംഘങ്ങളും ബോംബ് ഉള്‍പ്പെടെ ആയുധ ശേഖരങ്ങളുമുണ്ടെന്നത് നേരത്തേ അറിയപ്പെട്ടതാണ്. കേരളത്തില്‍ പലപ്പോഴായി നടന്ന ഒട്ടേറെ കൊലപാതകങ്ങളിലും അക്രമ സംഭവങ്ങളിലും ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്ക് വെളിപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടുന്നതും ബോംബ് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മരണപ്പെടുന്നതും ഗുരുതര പരുക്കേല്‍ക്കുന്നതുമെല്ലാം പതിവു വാര്‍ത്തയാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളുമാണ് സംസ്ഥാനത്ത് രാഷ്ട്രീയ സായുധ വിഭാഗത്തിന്റെയും രാഷ്ട്രീയ ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളുടെയും പിറവിക്കു വഴിയൊരുക്കിയത്. എതിര്‍ രാഷ്ട്രീയക്കാരെ പ്രതിരോധിക്കാനും സ്വന്തം പാളയത്തിലെ പട ഒതുക്കാനുമെല്ലാം തങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളെയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാമുണ്ട് ഇത്തരം സംഘങ്ങള്‍. പാര്‍ട്ടിക്കു വേണ്ടി ആയുധമെടുക്കുന്നതിനു പുറമെ മദ്യശാലകള്‍ക്ക് കാവല്‍, മണല്‍ക്കടത്തിനും സ്വര്‍ണക്കടത്തിനും സഹായം ചെയ്യല്‍ തുടങ്ങി മറ്റു മേഖലകളിലും ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നു.

ജനസേവനമെന്ന ആശയാദര്‍ശ രാഷ്ട്രീയം അധികാര-കച്ചവട താത്പര്യങ്ങള്‍ക്ക് വഴിമാറിയതും മാഫിയകളും ഗുണ്ടകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകാന്‍ ഇടയാക്കി. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുള്ളവരില്‍ നല്ലൊരു വിഭാഗം നിയമവിധേയമോ അല്ലാത്തതോ ആയ ഏതെങ്കിലും ബിസിനസ്സ് സംരംഭങ്ങളില്‍ കൂടി പ്രവര്‍ത്തിക്കുന്നവരാണ്. പണം കൊള്ളപ്പലിശക്ക് കൊടുക്കുന്നവര്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാര്‍, ട്രക്ക്-ലോറി ബിസിനസ്സുകാര്‍, മരം കള്ളക്കടത്തുകാര്‍ തുടങ്ങിയവരെല്ലാമുണ്ട് ഈ ഗണത്തില്‍. തഴച്ചു വളരുന്ന മണല്‍ മാഫിയ, സ്പിരിറ്റ് കടത്ത്, കുഴല്‍പ്പണ ഇടപാട്, സ്വര്‍ണക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട ശൃംഖലകളുടെ അറ്റത്തും രാഷ്ട്രീയ സാന്നിധ്യം കണ്ടെത്താവുന്നതാണ്. കരിപ്പൂര്‍ വഴിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത്. ഈ മേഖലയില്‍ സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായമാണ് ഇതിനു കാരണം. എയര്‍പോര്‍ട്ട്, കസ്റ്റംസ,് പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രബലരായ രാഷ്ട്രീയ നേതാക്കളും ഇത്തരം സംഘങ്ങളുടെ സംരക്ഷകരായുണ്ട്.
പ്രത്യക്ഷത്തില്‍ രാഷ്ട്രീയ സംഘട്ടനങ്ങളെയും കൊലപാതകങ്ങളെയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയുന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ് കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതും പിടിക്കപ്പെട്ടാല്‍ മോചിപ്പിക്കാനായി എല്ലാ സഹായവും നല്‍കുന്നതും. രണ്ട് വര്‍ഷം മുമ്പത്തെ പോലീസ് കണക്കനുസരിച്ച് സംസ്ഥാനത്തെ ഗുണ്ടകളുടെ എണ്ണം 2,200 ആണ്. കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് അവരെ വിട്ടയക്കാന്‍ നിര്‍ബന്ധിതരാകുന്നതായി പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. രാഷ്ട്രീയ കടന്നു കയറ്റം പോലീസിന് കൃത്യനിര്‍വഹണത്തില്‍ വല്ലാതെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ദാസ്യപ്പണി എടുക്കുന്നവരാണ് പോലീസെന്ന സ്ഥിതിയിലേക്ക് മാറുന്നു പലപ്പോഴും കാര്യങ്ങള്‍.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് സി പി എം പുറത്താക്കിയതാണ് പ്രമുഖ ക്വട്ടേഷന്‍ സംഘ നേതാവും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ സഹായിയുമായ അര്‍ജുന്‍ ആയങ്കിയെ. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അര്‍ജുനുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം വെളിച്ചത്തു വന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു ശുദ്ധികലശത്തിനുള്ള തയ്യാറെടുപ്പിലാണ് സി പി എമ്മെന്നാണ് വിവരം. പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വ്യക്തിശുദ്ധി ഉറപ്പാക്കണമെന്നും ജനങ്ങള്‍ സംശയത്തോടെ കാണുന്നവരുമായുള്ള സൗഹൃദം പാര്‍ട്ടി അംഗങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തരക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്നവരുടെ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതികരണങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ബ്ലേഡ് മാഫിയകള്‍, ക്വട്ടേഷന്‍-കള്ളപ്പണ-സ്വര്‍ണക്കടത്ത് സംഘങ്ങള്‍, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ദുഷ്പ്രവണതകള്‍ക്ക് അടിപ്പെട്ടവര്‍ തുടങ്ങിയവരുമായുള്ള ബന്ധം ഒരുതരത്തിലും അംഗീകരിക്കില്ല. മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കിയതു പോലെ സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം പാര്‍ട്ടി മാര്‍ഗരേഖ തയ്യാറാക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭരണത്തുടര്‍ച്ച ലഭിച്ച സാഹചര്യത്തില്‍ ഗുണ്ടകളുടെയും സ്വഭാവ ദൂഷ്യങ്ങള്‍ക്കടിപ്പെട്ടവരുടെയും പേരുകള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത് സര്‍ക്കാറിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന തിരിച്ചറിവായിരിക്കണം ശുദ്ധീകരണ പ്രക്രിയ എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വത്തെ എത്തിച്ചത്. പ്രഖ്യാപനത്തിനപ്പുറം കൃത്യമായി നടപ്പാക്കുകയാണെങ്കില്‍ മാതൃകാപരവും സ്വാഗതാര്‍ഹവുമാണ് ഈ തീരുമാനം.



source http://www.sirajlive.com/2021/06/30/486577.html

Post a Comment

Previous Post Next Post