ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

കൊച്ചി | ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം കേസിലെ പ്രതിയായ എസ് വിജയനെ ചോദ്യം ചെയ്തു. ഗൂഢാലോചന കേസില്‍ ഒന്നാം പ്രതിയാണ് വിജയന്‍. ഇദ്ദേഹം ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വിധി പറയും .മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.

ഹരജി പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗദത് എന്നിവരാണ് ഹരജിക്കാര്‍. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുരുക്കാന്‍ പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍. കേസില്‍ നമ്പിനാരായണന്റെ മൊഴി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സിബിഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്.

സിബി മാത്യൂസ് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ 18പേരെ പ്രതിചേര്‍ത്ത് സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐയായിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി, രണ്ടാം പ്രതി വഞ്ചിയൂര്‍ എസ്‌ഐയായിരുന്ന തമ്പി എസ് ദുര്‍ഗാദത്ത്, നാലാം പ്രതി ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ്, ഏഴാം പ്രതി ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആര്‍ രാജീവന്‍, കെ കെ ജോഷ്വ എന്നിവരടക്കമാണ് പതിനെട്ട് പ്രതികള്‍.സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസില്‍ അന്വേഷണം തുടങ്ങിയത്.



source http://www.sirajlive.com/2021/07/01/486778.html

Post a Comment

أحدث أقدم