ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിനും സഊദിയുടെ അംഗീകാരം; പ്രവാസികള്‍ക്ക് ആശ്വാസം

ജിദ്ദ | കൊവിഡിന് എതിരായ ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സഊദി അംഗീകരിച്ച അസ്ട്ര സെനിക്ക വാക്‌സിന് തുല്യമാണെന്ന് സഊദി ആരോഗ്യ വകുപ്പ്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് സഊദിയില്‍ ഇനി ക്വാറന്റൈനില്‍ കഴിയേണ്ടിവരില്ല. കൊവിഷീല്‍ഡ് നിര്‍മിക്കുന്നത് അസ്ട്ര സെനിക്കയാണെങ്കിലും സഊദി ഇതുവരെ അസ്ട്ര സെനിക്ക എന്ന പേരില്‍ തന്നെയാണ് വാക്‌സിന്‍ പരിഗണിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് വരുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ കൊവിഷീല്‍ഡ് എന്ന് രേഖപ്പെടുത്തുന്നതിനാല്‍ ഇത് സഊദിയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. കൊവിഷീല്‍ഡ് അസ്ട്ര സെനിക്കക്ക് തുല്യമാണെന്ന് സഊദി വ്യക്തമാക്കിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി.

സഊദി അറേബ്യ ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. സഊദി അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സഊദിയില്‍ പ്രവേശിക്കുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതായിരുന്നു മാറ്റം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് കോറന്റൈന്‍ ഇളവ് അനുവദിച്ചിരുന്നത്. ഫൈസര്‍, മൊഡേണ, ജോണ്‍സണണ്‍ ആന്‍ഡ് ജോണ്‍സന്‍ എന്നിവയാണ് സഊദി അംഗീകരിച്ച മറ്റു വാക്‌സിനുകള്‍.

ഇന്ത്യയില്‍ വ്യാപകമായി വാക്‌സിനേറ്റ് ചെയ്യുന്ന കൊവിഷീല്‍ഡിന് ഇതുവരെ സഊദിയില്‍ അംഗീകാരം ഇല്ലാതിരുന്നത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കൊവിഷീല്‍ഡിന് കൂടി ഇപ്പോള്‍ സഊദി അംഗീകാരം നല്‍കിയതോടെ കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും ഇനി ക്വാറന്റൈന്‍ ഒഴിവാകും.



source http://www.sirajlive.com/2021/06/06/482652.html

Post a Comment

Previous Post Next Post