
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനാണ് പണം കോഴിക്കോട്ട് നിന്ന് സ്വകാര്യ വാഹനത്തില്‍ അയച്ചത്. സപ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനുമാണ് താനെന്നും ബിസിനസ്സ് ആവശ്യാര്‍ഥം ഡല്‍ഹിയിലുള്ള ഗോവിന്ദ് എന്ന മാര്‍വാഡി കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് അയച്ചതെന്നുമാണ് ധര്‍മരാജന്റെ വാദം. കൊള്ളയടിക്കപ്പെട്ട പണത്തില്‍ നിന്ന് പോലീസ് കണ്ടെടുത്ത ഒരു കോടി നാല്‍പത് ലക്ഷം രൂപ തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുമുണ്ട് അദ്ദേഹം. ഇതടിസ്ഥാനത്തില്‍ പണം നിയമവിധേയമാണെന്നു തെളിയിക്കുന്ന രേഖകളുമായെത്താന്‍ അന്വേഷണ സംഘം ധര്‍മരാജനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ അദ്ദേഹം ഹാജരായില്ല. രേഖകളുമായെത്താന്‍ ഒരിക്കല്‍ കൂടി ആവശ്യപ്പെട്ട ശേഷം അന്നും ഹാജരായില്ലെങ്കില്‍ ഇക്കാര്യം കോടതിയെ അറിയിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് കൈക്കൂലി നല്‍കിയ കേസില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരം ബത്തേരി പോലീസാണ് കേസെടുത്തത്. ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്തോറും കേസുകള്‍ ഒന്നൊന്നായി ബി ജെ പി നേതൃത്വത്തെ കൂടുതല്‍ വരിഞ്ഞു മുറുക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പാര്‍ട്ടിക്ക് തീരുമാനിക്കേണ്ടി വന്നത്.
മാത്രമല്ല, കേസന്വേഷണവുമായി മുന്നോട്ടു പോയാല്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്. ‘മുഖ്യമന്ത്രിക്ക് അധിക നാള്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയില്ല. മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരു’മെന്നാണ് കൊടകര കേസില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി കോര്‍ കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. കൊടകര കുഴല്‍പ്പണ കേസില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കലുള്‍പ്പെടെ ഏതറ്റം വരെയും പോകണമെന്ന് ആര്‍ എസ് എസ് ബൗദ്ധിക വിഭാഗം നേതാവ് ടി ജി മോഹന്‍ദാസും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലാണ് ഈ ആഹ്വാനം. ഇക്കാര്യത്തില്‍ 2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോദി ആസൂത്രണം ചെയ്ത വംശഹത്യയെ മാതൃകയാക്കാമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഒരു പ്രശ്‌നമുണ്ടായാല്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമുണ്ടാക്കുകയാണ് ജനശ്രദ്ധ തിരിച്ചു വിടാനുള്ള മാര്‍ഗം. ആയുധം നമ്മുടെ കൈയിലുണ്ട്. അത് പ്രയോഗിക്കാന്‍ സമയമായെന്നും ഇനി നാം ഒട്ടും മടിച്ചു നില്‍ക്കരുതെന്നും മോഹന്‍ദാസ് ഓര്‍മിപ്പിക്കുന്നു.
കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പണം ബി ജെ പിയുടേതല്ലെന്നാണ് പാര്‍ട്ടി പറയുന്നതെങ്കിലും പാര്‍ട്ടിയുടേത് തന്നെയാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ സമ്മതിച്ചിട്ടുണ്ട്. രണ്ട് തവണയായി നടന്ന ചോദ്യം ചെയ്യലിലും പണം ബി ജെ പിയുടേതാണെന്ന മൊഴി അദ്ദേഹം ആവര്‍ത്തിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ബി ജെ പി നേതാക്കളുടെ നിര്‍ദേശപ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്ക് നല്‍കാനായി ഒളിച്ചു കടത്തിയ ഹവാലാ പണമായിരുന്നു ഇതെന്ന് പ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുകയും ചെയ്യുന്നു.
കേസുമായി സഹകരിക്കേണ്ടെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം നിയമത്തോടുള്ള വെല്ലുവിളിയാണ്. കൊള്ളയടിക്കപ്പെട്ട പണം പാര്‍ട്ടിയുടേതല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ അത് നിയമാനുസൃതം തെളിയിക്കാം. കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തി കേസില്‍ നിന്നൊഴിവാകുകയും ചെയ്യാം. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്, അത് പാര്‍ട്ടി നേതാക്കളായാലും സാധാരണക്കാരനായാലും. ഭരണഘടന മുന്‍വെക്കുന്ന സാമൂഹിക നീതിയുടെ വിവക്ഷയും അതാണ്. എത്ര ഉന്നതനായാലും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നായിരുന്നല്ലോ സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില പ്രമുഖരിലേക്ക് നീണ്ടപ്പോള്‍ ബി ജെ പി നേതാക്കള്‍ പറഞ്ഞിരുന്നത്. കൊടകര കേസിലും പാര്‍ട്ടി നേതൃത്വം ആ നിലപാട് തുടരുകയാണ് വേണ്ടത്. വക്ര മാര്‍ഗത്തിലൂടെയും ഭീഷണി മുഴക്കിയും കലാപം സൃഷ്ടിച്ചും കേസില്‍ നിന്ന് ഊരിച്ചാടാനും ജനശ്രദ്ധ തിരിച്ചുവിടാനും ഒരുമ്പെടുന്നത് കള്ളന്‍ കപ്പലില്‍ തന്നെ എന്ന വിശ്വാസം ബലപ്പെടുത്താനേ ഉപകരിക്കൂ.
source http://www.sirajlive.com/2021/06/19/484786.html
Post a Comment