സംസ്ഥാനത്ത് 14 പേര്‍ക്ക്കൂടി സിക്ക സ്ഥിരീകരിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് പുതിയ ആശങ്ക സൃഷ്ടിച്ച് 14 പേര്‍ക്ക്കൂടി സിക്ക സ്ഥിരീകരിച്ചു. ഇതില്‍ കൂടുതല്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഇന്നലെ സ്ഥിരീകരിച്ച ഒരു കേസ് അടക്കം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സിക്ക കേസുകളുടെ എണ്ണം 15 ആയി. തിരുവനന്തപുരം ജില്ലയിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്.

കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ പകല്‍ സമയങ്ങളില്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

1950 കള്‍ മുതല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ പനി കാണപ്പെട്ടിരുന്നു. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റര്‍ ദ്വീപ് 2015 ല്‍ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയന്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും പകര്‍ച്ചവ്യാധിയുടെ കണക്ക് വ്യാപിച്ചു.

2016 ന്റെ തുടക്കത്തില്‍ സിക്ക വൈറസ് അമേരിക്കയിലെങ്ങും പടര്‍ന്നുപിടിച്ചു. 2015 ഏപ്രിലില്‍ ബ്രസീലില്‍ തുടങ്ങിയ ഈ പൊട്ടിപ്പുറപ്പെടല്‍ തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും മധ്യ അമേരിക്കയിലേക്കും കരീബിയനിലേക്കും എത്തുകയായിരുന്നു.

ഇന്ത്യയില്‍ 2018ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആദ്യമായി സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് സിക്ക വൈറസ്?

ഫ്ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ് (ദശസമ ്ശൃൗ െ(ദകഗഢ)). പകല്‍ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് ഇവ പകരാന്‍ ഇടായാക്കുന്നത്. ആഫ്രിക്കയിലെ കുരങ്ങുകകളിലാണ് സിക്ക വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്.

രോഗ ലക്ഷണങ്ങള്‍

പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. മരണനിരക്ക് കുറഞ്ഞ വൈറസ് ആണിത്. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ആര്‍ക്കെല്ലാം ബാധിക്കാം?

ഗര്‍ഭിണികളേയാണ് സിക്ക വൈറസ് ഗുരുതരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്ത് വൈറസ് ബാധയേല്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് അംഗ വൈകല്യം സംഭവിക്കാനിടയുണ്ട്. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിദ്രത്തിനും വരെ സിക്ക കാരണമാകും.

കുട്ടികളിലും മുതിര്‍ന്നവരിലും വൈറസ് സങ്കീര്‍ണതക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നാഡീസംബന്ധമായ പ്രശങ്ങള്‍ക്കാണ് ഇത് ഇടയാക്കുക.

ചികിത്സ ലഭ്യമാണോ?

സിക്ക വൈറസ് ബാധക്ക് ശരിയായ ചികിത്സ ഇപ്പോഴും ലഭ്യമല്ല. രോഗം ബാധിച്ചവരില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് നല്‍കിവരുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ വിശ്രമമെടുക്കുകയും നന്നായി വെള്ളം കുടിക്കുകയും വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എങ്ങിനെ പ്രതിരോധിക്കാം?

കൊതുകുകള്‍ വഴിയാണ് സിക്ക വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. അതിനാല്‍ കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഒന്നാമത്തെ വഴി. പകല്‍ സമയത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ജനാലകളും വാതിലുകളും അടച്ചിട്ട് മുറിയില്‍ കൊതുകിന് പ്രവേശനം നിഷേധിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉറങ്ങുമ്പോള്‍ കൊതുക് വല ഉപയോഗിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കുന്നതില്ലെന്ന് ഉറപ്പ് വരുത്തണം.

സിക്ക ബാധ സ്ഥിരീകരിക്കുന്നത് എങ്ങനെ?

സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് നിലവില്‍ രാജ്യത്ത് എല്ലായിടത്തും സൗകര്യങ്ങളില്ല. എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂനെ എന്നിവിടങ്ങളില്‍ മാത്രമാണ് സിക്ക പരിശോധിക്കാന്‍ സംവിധാനമുള്ളത്. കൊവിഡിന് സമാനമായ ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് ഇതിനായി നടത്തുന്നത്.



source http://www.sirajlive.com/2021/07/09/487963.html

Post a Comment

أحدث أقدم