ഭിക്ഷാടനം: കോടതി വിധികള്‍ പരിശോധിക്കുമ്പോള്‍

ഭിക്ഷാടനവുമായി ബന്ധപ്പെട്ട രണ്ട് കോടതി നിരീക്ഷണങ്ങള്‍ അടുത്ത ദിവസങ്ങളിലായി ഉണ്ടായി. ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന സുപ്രീം കോടതിയുടെ നിലപാടാണ് ഒന്ന്. “ഭിക്ഷ യാചിച്ച് ജീവിക്കാന്‍ ആരും ആഗ്രഹിക്കില്ല. ദാരിദ്ര്യം കൊണ്ടാണ് ആളുകള്‍ തെരുവില്‍ ഭിക്ഷ തെണ്ടുന്നത്. പ്രമാണി വര്‍ഗത്തിന്റെ കാഴ്ചപ്പാടല്ല ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് ഉള്ളത്. വലിയൊരു സാമൂഹിക, സാമ്പത്തിക പ്രശ്‌നമായേ ഭിക്ഷ യാചിക്കുന്ന സാഹചര്യത്തെ കാണാന്‍ സാധിക്കൂ’വെന്നാണ് കൊവിഡ് ഭീഷണി തടയാന്‍ തെരുവുകളിലെ ഭിക്ഷ യാചന വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജിയില്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടത്. സര്‍ക്കാറുകളുടെ സാമൂഹിക ക്ഷേമ നയങ്ങളിലെ പോരായ്മകള്‍ കൊണ്ട് കൂടിയാണ് ആളുകള്‍ക്ക് ഭിക്ഷ യാചിക്കേണ്ടി വരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാഫിക് സിഗ്നലുകളിലും മറ്റും ഭിക്ഷാടനം താത്കാലികമായി നിര്‍ത്തലാക്കാന്‍ ഡല്‍ഹി സര്‍ക്കാറിനും പോലീസിനും നിര്‍ദേശം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിയാണ് മറ്റൊന്ന്. കൊവിഡ് വ്യാപനത്തെക്കുറിച്ച് യാചകര്‍ക്ക് യാതൊരു അവബോധവുമില്ലെന്നും മിക്ക ഭിക്ഷാടനക്കാരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ നരേന്ദര്‍ പാല്‍ സിംഗ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ജൂണ്‍ ഒന്നിന് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ചിന്റെ ഈ വിധിപ്രസ്താവം. ഭിക്ഷാടനം പരിഹരിക്കുന്നതിനും യാചകരെ പുനരധിവസിപ്പിക്കുന്നതിനും സംവിധാനങ്ങള്‍ എന്‍ സി ടി അഡ്മിനിസ്‌ട്രേഷനും ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡും (ഡി യു എസ് ഐ ബി) ചേര്‍ന്ന് നടപ്പാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഭിക്ഷാടനവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നത്തിന്റെ വ്യത്യസ്ത വശങ്ങളാണ് ഇവിടെ രണ്ട് കോടതികള്‍ പരിഗണിച്ചത്. ഭിക്ഷാടനത്തിന്റെ മാനുഷിക വശമാണ് സുപ്രീം കോടതി മുഖ്യമായും പരിഗണിച്ചത്.

ഹൈക്കോടതിയാകട്ടെ യാചന സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും. അധ്വാനിക്കാതെ, വിയര്‍പ്പൊഴുക്കാതെ ചുളുവില്‍ സമ്പാദിക്കാനുള്ള ഒരു മാര്‍ഗമായി യാചനയെ ഉപയോഗപ്പെടുത്തുന്നവരുണ്ടെങ്കിലും സുപ്രീം കോടതി നിരീക്ഷിച്ചതു പോലെ യാചകരില്‍ ഗണ്യമായൊരു വിഭാഗവും കൊടിയ ദാരിദ്ര്യത്താല്‍ ഗതികേട് മൂലമാണ് മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്നത്. ഒരു നേരത്തെ അന്നത്തിനാണ് ഇഷ്ടമില്ലാതിരുന്നിട്ടും അവര്‍ യാചനക്ക് നിര്‍ബന്ധിതരാകുന്നത്. സ്വതന്ത്ര ഇന്ത്യ മുക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ടെങ്കിലും രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു പങ്കും ഇപ്പോഴും ദിവസം ഒരു നേരം പോലും വയര്‍ നിറച്ചുണ്ണാന്‍ വകയില്ലാത്തവരാണ്. ഭരണാധികാരികള്‍ “ഗരീബി ഹഠാവോ’ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും 107 രാജ്യങ്ങളടങ്ങിയ 2020ലെ ആഗോള പട്ടിണി സൂചികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. ഗുരുതര പട്ടിണി സാഹചര്യങ്ങളുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പിടിമുറുക്കിയതോടെ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ഇരട്ടിയായെന്നാണ് ലോക ബേങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ആഗോള ഏജന്‍സിയായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് യാചന നിരോധിക്കണമെന്ന ആവശ്യത്തോട് പരമോന്നത കോടതി പുറംതിരിഞ്ഞു നിന്നത്. സര്‍ക്കാറുകളുടെ സാമൂഹികക്ഷേമ നയങ്ങളിലെ പോരായ്മകള്‍ കൊണ്ട് കൂടിയാണ് ആളുകള്‍ക്ക് തെരുവില്‍ ഭിക്ഷ യാചിക്കേണ്ടി വരുന്നതെന്ന് കോടതി നിരീക്ഷിച്ചതും ഇതുകൊണ്ടാണ്. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുകയോ ജോലിയെടുക്കാന്‍ ആരോഗ്യമില്ലാത്ത നിരാലംബരും ദരിദ്രരുമായ ആളുകളെ പൂര്‍ണമായും പുനരധിവസിപ്പിക്കുകയോ ചെയ്ത ശേഷമായിരിക്കണം യാചനാ നിരോധനം നടപ്പാക്കേണ്ടതെന്നാണ് സുപ്രീം കോടതിയുടെ കാഴ്ചപ്പാട്.

അതേസമയം യാചന കൊണ്ട് സമൂഹം ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന കാര്യവും വിസ്മരിക്കാവതല്ല. ക്രിമിനലുകളും സാമൂഹികവിരുദ്ധരും ധാരാളമായി കടന്നു വരുന്നുണ്ട് ഈ രംഗത്തേക്ക്. പകലില്‍ യാചനയില്‍ ഏര്‍പ്പെടുന്ന പലരും രാത്രിയില്‍ മോഷണത്തിലും മറ്റും ഏര്‍പ്പെടുന്നവരാണ്. യാചനക്കെത്തിയവര്‍ വീടുകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ തട്ടിപ്പറിച്ചോടിയ സംഭവങ്ങള്‍ ധാരാളം. പകലന്തിയോളം യാചിച്ചു നേടിയ സമ്പാദ്യം കൊണ്ട് വൈകുന്നേരമായാല്‍ കുടിച്ചു കൂത്താടുന്നു മറ്റു ചിലര്‍. അധ്വാനിക്കാന്‍ ശേഷിയുണ്ടായിട്ടും പ്രയാസമന്യേ സമ്പാദിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ യാചനയില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. ഇതര സംസ്ഥാന ഭിക്ഷാടകരില്‍ ഏറിയ പങ്കും ഇത്തരക്കാരാണ്. കേരളത്തിലെ ഭിക്ഷാടകരില്‍ കൂടുതലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മാഫിയകളാണ് അവരെ ഇവിടെ എത്തിക്കുന്നത്. യാചന ഒരു സാമൂഹിക വിരുദ്ധ പ്രതിഭാസമായി മാറിയത് കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. നിരോധന നിയമമനുസരിച്ച് പൊതു സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തുന്നതു കണ്ടാല്‍ പോലീസിന് വാറണ്ടില്ലാതെ തന്നെ അറസ്റ്റുചെയ്യാം. സ്വകാര്യ സ്ഥലത്താണെങ്കില്‍ ഉടമയുടെ പരാതി വേണം. പിടികൂടിയവരെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. മൂന്ന്‌വര്‍ഷം വരെ ഇവരെ തടവില്‍വെക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് പത്ത് വര്‍ഷം വരെ നീളും. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും യാചകവൃത്തി നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും ഐക്യകേരളം നിലവില്‍ വന്ന ശേഷം ഇത് സംബന്ധിച്ച് നിയമമൊന്നും വന്നിട്ടില്ല. 2013ല്‍ സംസ്ഥാന നിയമ വകുപ്പ് ഭിക്ഷാടനം നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കി സാമൂഹിക നീതി വകുപ്പിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. മറ്റു ഗതിയില്ലാത്തതു കൊണ്ട് യാചനക്കിറങ്ങുന്നവരെ നിയമ നടപടിക്കു വിധേയമാക്കാത്തതും അതേസമയം യാചന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന് മറയാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതുമായ നിയമമാണ് ഇതുസംബന്ധിച്ച് രൂപപ്പെടേണ്ടത്.



source http://www.sirajlive.com/2021/07/29/491186.html

Post a Comment

Previous Post Next Post