
കേന്ദ്രത്തിന്റെ ഈ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ സുപ്രീം കോടതി, പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു സമാനമായി, ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി. സാമ്പത്തിക ബാധ്യത പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ സര്‍ക്കാറിനു കഴിയില്ല. നഷ്ടപരിഹാരം നിയമപരവും നിര്‍ബന്ധിതവുമാണെന്നും വിവേചനപരമല്ലെന്നും ഓര്‍മിപ്പിച്ച കോടതി ഈ കടമ നിര്‍വഹിക്കുന്നതില്‍ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ ഡി എം എ) വീഴ്ച വരുത്തിയതായും നിരീക്ഷിച്ചു. ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചതു പ്രകാരം ശ്മശാന ജീവനക്കാര്‍ക്കായി പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും കോടതി നിര്‍ദേശമുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജിയിലാണ് പരമോന്നത കോടതിയുടെ നിര്‍ണായക വിധി. അതേസമയം ഒരു കുടുംബത്തിന് നല്‍കേണ്ട തുകയെത്രയെന്ന കാര്യത്തില്‍ കോടതി അഭിപ്രായം രേഖപ്പെടുത്തിയില്ല. ഇക്കാര്യം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്. എത്ര തുകയെന്നതും ഇതിനുള്ള മാര്‍ഗരേഖയും അതോറിറ്റി ആറ് ആഴ്ചക്കകം തയ്യാറാക്കി കോടതിയെ അറിയിക്കണം.
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് കേന്ദ്രം നേരത്തേ വിവിധ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസ സ്‌റ്റൈപെന്‍ഡും 23 വയസ്സാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശം, സ്വകാര്യ സ്‌കൂളിലാണ് പഠനമെങ്കില്‍ ചെലവ് സര്‍ക്കാര്‍ വക, 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശം, ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.അതേസമയം, കൊവിഡ് മരണങ്ങള്‍ക്കു സുപ്രീം കോടതി നിര്‍ദേശിച്ച ധനസഹായം അര്‍ഹതപ്പെട്ട നല്ലൊരു വിഭാഗത്തിനും ലഭിക്കാനിടയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ചില സംസ്ഥാനങ്ങള്‍ കൊവിഡ് മരണങ്ങളെ മറ്റു മരണങ്ങളില്‍ പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. കൊവിഡ് രോഗം ഗുരുതരമായി അവയവങ്ങളെ ബാധിച്ച് മരണപ്പെടുന്നവരെ മാത്രമേ കൊവിഡ് ബാധിച്ച് മരിച്ചവരായി കണക്കാക്കുന്നുള്ളൂ. കൊവിഡ് നെഗറ്റീവായ ശേഷവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കാരണം നിരവധി പേര്‍ മരിക്കുന്നുണ്ട്. ഇവരെ കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. മരണത്തിനു തൊട്ടുമുമ്പ് നെഗറ്റീവായവരെ പോലും ഇതര മരണങ്ങളുടെ ഗണത്തിലാണ് ചേര്‍ക്കുന്നത്. ഒരു ഹൃദ്രോഗി കൊവിഡ് ബാധിതനായി മരിച്ചാല്‍ അയാളെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് സംസ്‌കരിക്കുന്നതെങ്കിലും മരണ കാരണം രേഖപ്പെടുത്തുന്നത് ഹൃദ്രോഗമെന്നാണ്. ഇതവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കും. വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യവും അവ്യക്തമാണ്. കേരളത്തിലും ആരോഗ്യവകുപ്പ് കൊവിഡ് മരണ നിരക്ക് കുറച്ചു കാണിച്ചതായി വിവിധ തലങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ ആരോപണം കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഇത് ശക്തമായി നിഷേധിക്കുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശാനുസാരം ഐ സി എം ആറിന്റെയും ഡബ്ല്യു എച്ച് ഒയുടെയും മാനദണ്ഡങ്ങളനുസരിച്ചാണ് കേരളത്തില്‍ മരണ കാരണം രേഖപ്പെടുത്തുന്നത്. ആശുപത്രികളിലും വീടുകളിലും സംഭവിക്കുന്ന മരണങ്ങള്‍ ആശുപത്രി സൂപ്രണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് സെന്ററുകളിലെ മരണങ്ങള്‍ അതിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറും. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം പുതുക്കിയാല്‍ അത് പാലിക്കാന്‍ കേരളം സന്നദ്ധമാണെന്നാണ് ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കൊവിഡുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന മരണങ്ങള്‍ പുനഃപരിശോധിക്കാന്‍ സന്നദ്ധമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിക്കുകയുണ്ടായി. മരണ കാരണം രേഖപ്പെടുത്തുന്നതിലെ സാങ്കേതികത മൂലം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പരിഹാരമെന്ന നിലയില്‍ മരണ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ ലളിതമാക്കി മാര്‍ഗരേഖയിറക്കണമെന്നും മരണ കാരണം രേഖപ്പെടുത്തിയതില്‍ കുടുംബത്തിന് ആക്ഷേപമുണ്ടെങ്കില്‍ തിരുത്താന്‍ സംവിധാനമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. അര്‍ഹര്‍ക്ക് ധനസഹായം ഉറപ്പാക്കാന്‍ ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവാദിത്വത്തില്‍ തന്നെ ഒരു മാനദണ്ഡം തയ്യാറാക്കുകയായിരിക്കും ഉചിതം.
source http://www.sirajlive.com/2021/07/02/487056.html
إرسال تعليق