ഗോള്‍ഡ് ഫിഷിനെ പുറത്തെ ജലാശയത്തില്‍ ഉപേക്ഷിക്കരുത്; മുന്നറിയിപ്പുമായി മിനസോട്ട അധികൃതര്‍

സെയ്ന്റ് പോള്‍ | വീടുകളില്‍ വളര്‍ത്തുന്ന ഗോള്‍ഡ് ഫിഷിനെ പുറത്തുള്ള ജലാശയത്തില്‍ ഉപേക്ഷിക്കരുതെന്ന് മിനസോട്ടയിലെ അധികൃതരുടെ മുന്നറിയിപ്പ്. ഈ മത്സ്യങ്ങള്‍ വീട്ടിലെ അക്വേറിയത്തില്‍ നിന്ന് പുറത്തെ ജലാശയങ്ങളിലെത്തുമ്പോള്‍ വലിയ തോതില്‍ വളര്‍ന്ന് അവിടുത്തെ ആവാസവ്യവസ്ഥയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മിനസോട്ട, ഗോള്‍ഡ് ഫിഷിനെ അപകടകാരിയായ മത്സ്യമായാണ് കാണുന്നത്. അതുകൊണ്ട് ജലാശയങ്ങളില്‍ അവയെ ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണ്.

വീട്ടിലെ അക്വേറിയത്തില്‍ വളര്‍ത്തുന്ന ഒരു ഗോള്‍ഡ് ഫിഷ് ഏകദേശം 5.1 സെന്റിമീറ്റര്‍ വരെ മാത്രമേ നീളം വയ്ക്കൂ. എന്നാല്‍, പുറത്തെ വലിയ ജലാശയങ്ങളിലെത്തിയാല്‍ വന്‍ വളര്‍ച്ച നേടുകയും കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യുന്നു. പിന്നീട് മറ്റു മത്സ്യങ്ങളുടെ നിലനില്‍പ്പിന് ഇവ ഭീഷണിയാകും. പുറത്തെ ജലാശയങ്ങളില്‍ മത്സ്യങ്ങളെ ഉപേക്ഷിക്കാതെ മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളോട് അധികൃതര്‍ അവശ്യപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാര്‍വര്‍ കൗണ്ടിയിലെ ഒരു ജലാശയത്തില്‍ നിന്നും 50,000 ഗോള്‍ഡ് ഫിഷുകളെ നീക്കം ചെയ്തിരുന്നു. മത്സ്യങ്ങള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കുന്നതിനുമുള്ള മൂന്നു വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവയെ നീക്കം ചെയ്തത്. ജര്‍മനിയിലെ മ്യൂണിച്ച് സിറ്റി കൗണ്‍സില്‍ 2017 -ല്‍ വളര്‍ത്തുമത്സ്യങ്ങളെ പുറത്തുള്ള ജലാശയത്തില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് വലിയ പിഴ പ്രഖ്യാപിച്ചിരുന്നു.



source http://www.sirajlive.com/2021/07/18/489591.html

Post a Comment

Previous Post Next Post