നിയന്ത്രണം ലംഘിക്കാനുറച്ച് വ്യാപാരികള്‍; പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട നീക്കം

കോഴിക്കോട് | കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം സംഘര്‍ഷത്തിലേക്കു നീങ്ങാതിരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍. വ്യാപാരി നേതാക്കളും സി പി എം കേന്ദ്രങ്ങളും ഇക്കാര്യത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ബുധനാഴ്ച രാവിലെ, ലീവില്‍ കഴിയുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കണ്ണൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരത്തും തിരക്കിട്ട ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്.

നിലവില്‍ വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സിറാജ്‌ലൈവിനോടു പറഞ്ഞു.

സംസ്ഥാനത്തെ 15 ലക്ഷം വ്യാപാരികള്‍ വ്യാഴ്ച കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊവിഡ് കാലത്തെ അടച്ചിടല്‍ മൂലം ദുരിതത്തിലായ വ്യാപാരികള്‍ ബലിപെരുന്നാള്‍ മുന്നില്‍ കണ്ട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വ്യാപാരികളുടെ അവസ്ഥ മനസ്സിലാക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് പ്രകോപന പരമായ പ്രതികരണം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നസിറുദ്ദീന്‍ പറഞ്ഞു.

അതേസമയം, സി പി എം അനുകൂല വ്യാപാരി വ്യവസായി സമിതിയിലെ അംഗങ്ങള്‍ കൊവിഡ് പ്രോടോകോള്‍ ലംഘിച്ചു കടകള്‍ തുറക്കില്ലെന്നു സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ സിറാജ്ലൈവിനോടു പറഞ്ഞു. എന്നാല്‍ തുറക്കുന്ന വ്യാപാരികളെ എതിര്‍ക്കില്ല. പ്രശ്‌നം വ്യാപാരികളും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു പോകാതിരിക്കാന്‍ സമിതി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപന സാധ്യത തടഞ്ഞുകൊണ്ട് ജീവനോപാധി എന്ന നിലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ എങ്ങിനെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി തുറക്കുന്നതോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതായി എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാവുകയും അവര്‍ മുന്‍ കരുതല്‍ കൈയ്യൊഴിയുകയും ചെയ്യും. ഇതു രോഗ വ്യാപനത്തിനു കാരണമാകുമെന്നാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്.

കഴിഞ്ഞ ദിവസം കടകള്‍ തുറക്കാനെത്തിയ വ്യാപാരികളും പോലീസും തമ്മില്‍ കോഴിക്കോട്ട് കൊമ്പുകോര്‍ത്തതുപോലുള്ള സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നതിനാലാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്.



source http://www.sirajlive.com/2021/07/14/488905.html

Post a Comment

أحدث أقدم