
പത്ത് വർഷം
മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട ആ പ്രക്ഷോഭം നടന്ന് പത്ത് വർഷം പിന്നിടുമ്പോഴും തുണീഷ്യൻ ജനത തെരുവിലാണ്. അതേ തൊഴിലില്ലായ്മ. സാമ്പത്തിക പ്രതിസന്ധി. സ്വജനപക്ഷപാതം. അഴിമതി. രാഷ്ട്രീയ അസ്ഥിരത. പോരാത്തതിന് കടിഞ്ഞാണില്ലാതെ കൊവിഡും. വിപ്ലവത്തിന്റെ പിന്തുടർച്ച സ്വയം വാരിയണിഞ്ഞ് അധികാരത്തിലേറിയ അതേ അന്നഹ്ദ തന്നെയാണ് ഇപ്പോഴും തുണീഷ്യയിലെ ഏറ്റവും വലിയ ഭരണ കക്ഷി. ഐ എം എഫാണ് ഈ സർക്കാറിന്റെ നയം നിശ്ചയിക്കുന്നത്. എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നും പിൻവാങ്ങുന്നു. മൂല്യവർധിത നികുതി കുത്തനെ കൂട്ടുന്നു. രൂക്ഷമായ വിലക്കയറ്റമാണ് ഫലം. അപ്പോഴും ബിസിനസ്സുകാർക്ക് ടാക്‌സ് ബ്രേക്കിന്റെ തണലുണ്ട്. ഗ്രാമീണ മേഖലയിൽ 30 ശതമാനവും രാജ്യത്താകെ ശരാശരി 20 ശതമാനവുമാണ് തൊഴിലില്ലായ്മ. 12 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. അഭ്യസ്തവിദ്യർക്കും സാധാരണക്കാർക്കും ഒരു പോലെ പണിയില്ല. കൂലിയില്ല. നികുതി ഭാരം. ഭക്ഷണത്തിനും ഇന്ധനത്തിനും വില കുതിച്ചുയരുന്നു.
ഐ എം എഫിൽ നിന്ന് സാമ്പത്തിക സഹായം തരപ്പെടുത്താൻ ഘടനാപരമായ മാറ്റങ്ങൾക്ക് സർക്കാർ തയ്യാറായി. കേന്ദ്ര ബേങ്കിനെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കി. മൂന്ന് പൊതു മേഖലാ ബേങ്കുകൾ പുനഃക്രമീകരിച്ചു. ദിനാറിന്റെ മൂല്യം നിരന്തരം ഇടിച്ചു. വ്യാപാര മിച്ചം പ്രതികൂലമായി. നിയമവാഴ്ച തകർന്നതോടെ തന്നെ ടൂറിസം രംഗം താറുമായിത്തുടങ്ങിയതാണ്.
കൊവിഡ് മഹാമാരിയുടെ ആഗോള ആക്രമണം കൂടിയായപ്പോൾ പ്രധാന വരുമാന സ്രേതസ്സായ ടൂറിസം സമ്പൂർണമായി അടഞ്ഞു. സമ്പദ്‌വ്യവസ്ഥ പത്ത് ശതമാനമാണ് ചുരുങ്ങിയത്. ദിനാറിന്റെ മൂല്യം 50 ശതമാനം ഇടിഞ്ഞു. ജി ഡി പിയുടെ നൂറ് ശതമാനമാണ് കടം. 2010ൽ അത് 45 ശതമാനമായിരുന്നു. അന്ന് മുഹമ്മദ് ബൗസിസ് എന്തിനാണോ സ്വയം കത്തിച്ച് പ്രതിഷേധ ജ്വാല തീർത്തത് അതേ സാഹചര്യം വിപ്ലവത്തിന്റെ ദശവർഷത്തിലും ടുണീഷ്യൻ ജനത അനുഭവിക്കുന്നു. അതുകൊണ്ട് അവർ അന്നത്തെ വഴിയിലേക്ക് തന്നെ ഇറങ്ങുന്നു. പ്രക്ഷോഭത്തിന്റെ വഴിയിലേക്ക്. പക്ഷേ, ഇത്തവണ ചില വ്യത്യാസങ്ങൾ ഉണ്ട്. അന്ന് അത് യോജിച്ച പ്രക്ഷോഭമായിരുന്നു. ഇന്ന് രാഷ്ട്രീയമായി വിഭജിക്കപ്പെട്ടതാണ് പ്രക്ഷോഭം. സ്വാർഥരായ നേതാക്കൾ ഇളക്കിവിട്ട അനുയായി വൃന്ദം ഏറ്റുമുട്ടുകയാണ് തെരുവിൽ. തുണീഷ്യക്കാകെയുള്ള മുദ്രാവാക്യങ്ങളേക്കാൾ മുഴങ്ങുന്നത് നേതാക്കൾക്കുള്ള വാഴ്ത്തുവിളികളാണ്.
അസ്ഥിരം, അരാജകം
പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി പാർലിമെന്റ്പിരിച്ചുവിട്ടിരിക്കുകയാണ് തുണീഷ്യയിൽ. പ്രധാനമന്ത്രി ഹിശാം മശീശിയെ പുറത്താക്കി പാർലിമെന്റ് മരവിപ്പിക്കാൻ പ്രസിഡന്റ് ഖൈസ് സഈദിന് ന്യായങ്ങളുണ്ടാകാം. തെരുവിൽ മുദ്രാവാക്യം മുഴക്കുന്ന മനുഷ്യരെ പക്ഷേ, അത് ശാന്തരാക്കുന്നില്ല. പാർലിമെന്റിന് പുറത്ത് പ്രക്ഷോഭകരും സർക്കാർ അനുകൂലികളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി പേർക്ക് പരുക്കേറ്റു. പ്രധാനമന്ത്രിയെ പുറത്താക്കിയ പ്രസിഡന്റിന്റെ പ്രഖ്യാപനം ഏറ്റെടുത്ത സർക്കാർ വിരുദ്ധർ വ്യാപകമായി ആഹ്ലാദ പ്രകടനം നടത്തുകയാണ്. അന്നഹ്ദ പാർട്ടിയാകട്ടേ പ്രസിഡന്റിനെ അട്ടിമറിക്കാരനെന്നും രാജ്യദ്രോഹിയെന്നും മുദ്ര കുത്തി വ്യാപക രോഷപ്രകടനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു. സഈദിന്റെ നടപടി അംഗീകരിക്കാനാകില്ല. സൈന്യത്തെ കൂട്ടുപിടിച്ച് നടന്ന അട്ടിമറിയാണിതെന്നാണ് അന്നഹ്ദ മേധാവിയും പാർലിമെന്റ് സ്പീക്കറുമായ റാശിദ് ഗനൂശി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
തന്റെ നടപടി ചോദ്യം ചെയ്ത് സായുധ കലാപത്തിന് മുതിർന്നാൽ തിരിച്ചടി ഭീകരമായിരിക്കുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അരാജകത്വത്തിന്റെ കാലൊച്ച കേട്ടു തുടങ്ങിയെന്ന് ചുരുക്കം. സൈനിക വാഴ്ചയിലേക്ക് നീങ്ങാവുന്ന സ്ഥിതി. അന്നഹ്ദാ പാർട്ടിയുടെ നിഗൂഢവും തീവ്രവാദപരവുമായ ഇടപാടുകൾക്ക് കുടപിടിച്ചുവെന്നാരോപിച്ച് പരമോന്നത കോടതി ജഡ്ജിയെ സൈന്യം വീട്ടു തടങ്കലിലാക്കിയെന്നാണ് ഏറ്റവും പുതിയ വാർത്ത.
അന്നഹ്ദക്ക് മറുപടിയുണ്ടോ?
ഈജിപ്തിൽ ബ്രദർഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയെപ്പോലെ, തുണീഷ്യയിൽ അന്നഹ്ദയായിരുന്നു വിപ്ലവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കൾ. സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും ദീർഘകാലം പ്രവർത്തിച്ച, കേഡർ സ്വഭാവമുള്ള ഈ ഗ്രൂപ്പുകൾ ആത്യന്തികമായി പാരമ്പര്യ നിഷേധികളും മതപരിഷ്‌കരണ വാദികളും തീവ്രവാദ പ്രവണതകൾ ഉൾക്കൊള്ളുന്നവരുമാണ്. സംഘടനാ ശേഷിയുടെ പിൻബലത്തിൽ അധികാരത്തിലേക്ക് നീങ്ങിയിരിക്കാൻ അവർക്ക് സാധിച്ചു. പക്ഷേ, ജനാഭിലാഷത്തിന്റെ കാവൽക്കാരാകാൻ ഈ ഇസ്‌ലാമിസ്റ്റ് പാർട്ടികൾക്കായില്ല. ഇസ്‌ലാമിന്റെ മഹത്തായ രാഷ്ട്രീയ പ്രയോഗമെന്നും അറബ് ജനാധിപത്യമാതൃകയുടെ പതാകവാഹകരെന്നും സ്വയം അവകാശപ്പെടുന്ന അന്നഹ്ദയും ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയും ജനങ്ങൾക്ക് സമ്മാനിച്ചത് ഇച്ഛാഭംഗം മാത്രമാണ്. പോളിംഗ് ബൂത്തിൽ വരി നിൽക്കാനും കൊടിപിടിക്കാനും പാങ്ങുണ്ടാക്കുന്നതാണ് ജനാധിപത്യമെന്നാണോ ഇവർ കരുതിയത്? തുണിസിലെ ഒരു വ്യാപാരി അന്താരാഷ്ട്ര മാധ്യമത്തോട് ചോദിച്ചതും ഈ ചോദ്യമായിരുന്നു: സ്വാതന്ത്ര്യം കൊണ്ട് വയറു നിറയുമോ?
ഭരണമാറ്റമല്ല, നയം മാറ്റമാണ് മുല്ലപ്പൂ പ്രക്ഷോഭകാരികൾ മുന്നോട്ട് വെച്ചിരുന്നത്. തൊഴിലും കൂലിയും കവർന്നെടുക്കുന്ന നവ ഉദാരവത്കരണത്തിനും പാശ്ചാത്യവത്കരണത്തിനും എതിരെയാണ് തുണീഷ്യൻ യുവത തെരുവിലിറങ്ങിയത്. എല്ലാ സൗകര്യങ്ങളും വിദേശ ടൂറിസ്റ്റുകൾക്ക്, തദ്ദേശീയർക്ക് അവഗണന. ഈ വൈരുധ്യത്തെയാണ് അവർ ചോദ്യം ചെയ്തത്. അത് സ്വാഭാവികമായും ഭരണ മാറ്റത്തിൽ കലാശിച്ചുവെന്ന് മാത്രം. ഇത് മനസ്സിലാകാൻ ടുണീഷ്യയിൽ വിപ്ലവാനന്തരം എന്ത് സംഭവിച്ചുവെന്ന് നോക്കിയാൽ മാത്രം മതിയാകും. വിപ്ലവത്തിന് ശേഷം വന്ന ഇടക്കാല സർക്കാറിന് നേതൃത്വം നൽകിയത് അന്നഹ്ദയായിരുന്നു. കമ്പോള സാമ്പത്തിക ക്രമത്തിൽ നിന്നും ഐ എം എഫിൽ നിന്നും ഒരടി മുന്നോട്ട് പോകാൻ ഇസ്‌ലാമിസ്റ്റ് സഖ്യത്തിന് സാധിച്ചില്ല. മൂന്ന് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പിൽ അവർ തൂത്തെറിയപ്പെട്ടു. പകരം വന്നത് 2012ൽ മാത്രം രൂപവത്കരിക്കപ്പെട്ട, സൈനുൽ ആബിദീൻ ബിൻ അലിയുമായി പല നിലയിൽ ബന്ധം ആരോപിക്കാവുന്ന നിദാ ടുണിസ് പാർട്ടിയാണ്. ആ പാർട്ടിയുമായി അധികാരം പങ്കിടേണ്ട ഗതികേടിൽ അന്നഹ്ദ ചെന്നെത്തി. പിന്നെയും രാഷ്ട്രീയ അസ്ഥിരത തുടർന്നു. കക്ഷി രാഷ്ട്രീയത്തിന്റെ കുടുസ്സ് ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ഏറ്റുമുട്ടലുകൾ തുണീഷ്യയെ സമ്പൂർണ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. ദേശീയ ഐക്യത്തിലേക്ക് ഉണർത്തുന്ന ലക്ഷ്യങ്ങളും മുദ്രാവാക്യങ്ങളും രൂപപ്പെട്ടു വരാത്തിടത്തോളം അവിടെ നിന്ന് നല്ല വാർത്തകൾ പ്രതീക്ഷിക്കാനാകില്ല.
source http://www.sirajlive.com/2021/08/01/491628.html
إرسال تعليق