ചൊവ്വയുടെ ധ്രുവദീപ്തി ചിത്രങ്ങളുമായി ഹോപ്പ് പ്രോബ്; അതുല്യ നേട്ടം പ്രഖ്യാപിച്ച് യു എ ഇ

ദുബൈ | രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ അതുല്യമായ നേട്ടം പ്രഖ്യാപിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. സൂറത്തുല്‍ ഇന്‍ഷിഖാഖ് ലെ 17, 18, 19 ആയത്തുകള്‍ ഉദ്ധരിച്ചു കൊണ്ട്, ഇതിനെ ഒരു ദിവ്യ പ്രപഞ്ച പ്രതിഭാസം എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘യു എ ഇയുടെ ഹോപ് പ്രോബ്, ആദ്യത്തെ അറബ് ബഹിരാകാശ മിഷന്‍, ചൊവ്വയുടെ ഡിസ്‌ക്രീറ്റ് അറോറ (ധ്രുവദീപ്തി) യുടെ ആദ്യത്തെ ചിത്രങ്ങള്‍ പകര്‍ത്തി. ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ ചൊവ്വയുമായുള്ള സൗരപ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഗോള ശാസ്ത്ര സമൂഹത്തിന് വലിയ സാധ്യതകള്‍ തുറക്കുന്നതായും ട്വീറ്റില്‍ വ്യക്തമാക്കി.

ചുവന്ന ഗ്രഹത്തിന് ചുറ്റുമുള്ള ധ്രുവദീപ്തിയുടെ തിളക്കം കാണിക്കുന്നവയാണ് ചിത്രങ്ങള്‍. ഹോപ് പ്രോബ് അതിന്റെ രണ്ടുവര്‍ഷത്തെ സയന്‍സ് മിഷന്‍ അടുത്തിടെയാണ് ആരംഭിച്ചത്. ഗ്രഹത്തിലെ വിവര ശേഖരണ ഘട്ടം ആരംഭിച്ചതിന് ശേഷമുള്ള ശ്രദ്ധേയമായ സംഭവനയാണിത്.
ചൊവ്വയിലെ ഒരു വര്‍ഷത്തിലെ പകല്‍, രാത്രി, സീസണുകളിലുടനീളം ഗ്രഹത്തിന്റെ താഴത്തെയും മുകളിലെയും അന്തരീക്ഷത്തിന്റെ പൂര്‍ണ ചിത്രം തുടങ്ങിയവ ഹോപ് പ്രോബ് പിടിച്ചെടുക്കും. ചൊവ്വയുടെ ഉള്ളറകളെക്കുറിച്ച് പഠിക്കുന്നതിലൂടെ സൗരയൂഥത്തിന്റെ ഉത്പത്തിയെപ്പറ്റി വ്യക്തമായി അറിയാനുള്ള ശ്രമമാണ് ഹോപ് മിഷനിലൂടെ രാജ്യം നടത്തുന്നത്.



source http://www.sirajlive.com/2021/07/01/486836.html

Post a Comment

أحدث أقدم