കോഴിക്കോട് | കുറ്റ്യാടി എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ പി കുഞ്ഞമ്മദ്കുട്ടിക്കെതിരെ പാര്‍ട്ടിതല നടപടി. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ പി കുഞ്ഞമ്മദ്കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധങ്ങളിലാണ് നടപടി. ഇത് സംബന്ധിച്ച ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗാകാരത്തിന് അയച്ചതായാണ് റിപ്പോര്‍ട്ട്.
കുറ്റ്യാടി സീറ്റ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനായിരുന്നു സി പി എമ്മിന്റെ ആദ്യ തീരുമാനം. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഖ്ബാല്‍ മത്സര രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ സി പി എമ്മിലെ ഒരു വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് മറ്റ് മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ സാധ്യതക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ സി പി എം തീരുമാനം പുനഃപരിശോധിക്കുകും കുഞ്ഞമ്മദ്കുട്ടിക്ക് സീറ്റ് നല്‍കുകയുമായിരുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കുഞ്ഞമ്മദ്കുട്ടിക്ക് കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടി തീരുമാനത്തിനെതിരായി നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കുഞ്ഞമ്മദ്കുട്ടിയുടെ സ്ഥാനാര്‍ഥി മോഹമാണന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. എളമരം കരീം, എ കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് തീരുമാനം എടുത്തത്. നടപടിക്കെതിരെ കുഞ്ഞമ്മദ് കുട്ടി സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
source http://www.sirajlive.com/2021/07/02/487005.html
إرسال تعليق