ഹരികൃഷ്ണയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് സഹോദരി ഭര്‍ത്താവ്

ചേര്‍ത്തല | കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. രതീഷുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇതുമായി ഉണ്ടായ തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു രതീഷ് പോലീസിനോട് കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ട ഹരികൃഷ്ണയുമായി കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറഞ്ഞതായാണ് വിവരം. പെണ്‍കുട്ടിക്ക് മറ്റൊരാളുമായുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

വണ്ടാനം മെഡിക്കല്‍ കോളേജിലെ താത്കാലിക നഴ്‌സായ കടക്കരപ്പള്ളി, തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണയെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് പുത്തന്‍കാട്ടില്‍ രതീഷി (ഉണ്ണി)നെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ചേര്‍ത്തല ചെങ്ങണ്ടയില്‍നിന്ന് പോലീസ് പിടികൂടിയത്.



source http://www.sirajlive.com/2021/07/25/490578.html

Post a Comment

Previous Post Next Post