
പോലീസ് സേനയില്‍ “സേ നോ ടു ഡൗറി’ പേരില്‍ സംസ്ഥാന വ്യാപകമായി സ്ത്രീധനവിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയെടുക്കലും നടന്നുവരികയാണ്. സ്ത്രീധനത്തിനെതിരെ “മകള്‍ക്കൊപ്പം’ ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുണ്ട്. യുവജന പ്രസ്ഥാനങ്ങളെ അണിനിരത്തി ക്യാമ്പയിന്‍ ശക്തമാക്കുമെന്നും പീഡനം അനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീധന പീഡനമടക്കം ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായി ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയില്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിക്കുക വഴി വനിതാ, ശിശു വികസന വകുപ്പും ഈ ദൗത്യത്തില്‍ തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തിക സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. വര്‍ത്തമാനകാല സാഹചര്യത്തില്‍ സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കുകയുണ്ടായി.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ മരണങ്ങള്‍ സമീപ കാലത്ത് വാര്‍ത്തകളില്‍ തുടര്‍ച്ചയായി ഇടംപിടിച്ചു വരികയാണ്. ഗാര്‍ഹിക പീഡനം, ഭര്‍തൃപീഡനം, സ്ത്രീധന പീഡനം എന്നിങ്ങനെ വ്യത്യസ്ത തരങ്ങളിലായി വനിതാ കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഏറ്റവുമധികം കേസുകളുള്ളത് സ്ത്രീധന പീഡന വിഭാഗത്തിലാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട 1,096 കേസുകളാണ് 2010 ജനുവരി മുതല്‍ 2021 ജൂണ്‍ 23 വരെ കമ്മീഷനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. വനിതകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് താന്‍ ഇടപെട്ട ബഹുഭൂരിപക്ഷം കേസുകളും സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളായിരുന്നുവെന്നാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സാമൂഹിക കൂട്ടായ്മയായ “അന്വേഷി’യുടെ സ്ഥാപക കെ അജിത പറയുന്നത്.
മത-ജാതി-വര്‍ഗ ഭേദമന്യേ സമൂഹത്തിലെ സര്‍വ വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട് സ്ത്രീധനമെന്ന അലിഖിത വ്യവസ്ഥ. ഇതിന് ദേശവ്യത്യാസവുമില്ല. പല രാഷ്ട്രങ്ങളിലുമുണ്ട് ഈ സമ്പ്രദായം. നിയമപരമായി ഇത് കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. സംസ്ഥാനത്ത് പലപ്പോഴായി സ്ത്രീധനവിരുദ്ധ ക്യാമ്പയിനുകളും നടക്കാറുണ്ട്. ഇത്തരം ക്യാമ്പയിനുകള്‍ക്കോ നിയമ സംവിധാനങ്ങള്‍ക്കോ ഈ മഹാവിപത്തിനെ തടയാനാകുന്നില്ല. സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ഒരു ചടങ്ങെന്നതിലുപരി സ്ത്രീധനവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ലെന്നതാണ് ഇതിനൊരു കാരണം. ഇടക്കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി ആഡംബര വിവാഹത്തിനും സ്ത്രീധനത്തിനുമെതിരെ ആഴ്ചകള്‍ നീണ്ടു നിന്ന ഒരു ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ക്യാമ്പയിന്‍ പൊടിപൊടിക്കുന്നതിനിടെ പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ ഒരു അത്യാഡംബര വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ വരികയും ഇത് കടുത്ത വിമര്‍ശത്തിനിടയാകുകയും ചെയ്തു. ഇത്തരം ക്യാമ്പയിന്‍ കൊണ്ടെന്ത് പ്രയോജനം?
നിലവിലെ സാമ്പത്തിക വ്യവസ്ഥയും ദുരഭിമാനവുമാണ് സ്ത്രീധനത്തിന്റെ മുഖ്യ കാരണമായി സാമൂഹിക ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. മറ്റുള്ളവരോട് സാദൃശ്യപ്പെടുത്തിയാണ് മിക്കപേരും ജീവിതാവസ്ഥയെ നിര്‍ണയിക്കുന്നത്. മധ്യവര്‍ഗ കുടുംബങ്ങള്‍ വിവാഹം പോലുള്ള ചടങ്ങുകളില്‍ ധാരാളം ആഭരണവും പണവും കൈമാറുമ്പോള്‍ തൊട്ടടുത്ത് താമസിക്കുന്നവരും അതേ തരത്തില്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. തന്റെ മകള്‍ക്കും അയല്‍വാസി നല്‍കിയ പോലെ നല്‍കിയെങ്കിലേ സാമൂഹികമായ മാനം ലഭിക്കുകയുള്ളൂവെന്ന മിഥ്യാധാരണയാണ് പൊതുവെ. ഈ ചിന്തയില്‍ തങ്ങളുടെ ജീവിത പരിസരങ്ങളെ തന്നെ മറന്നുപോകുന്നു അവര്‍. ഇത്തരം മിഥ്യാധാരണയില്‍ നിന്നും ദുരഭിമാന ചിന്തയില്‍ നിന്നും സമൂഹം മോചിതമാകാത്ത കാലത്തോളം സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനാകില്ല.
സ്ത്രീധനത്തിനെതിരെ മതപണ്ഡിതര്‍ പ്രതികരിക്കുന്നില്ലെന്നും ബോധവത്കരണം നടത്തുന്നില്ലെന്നും പരാതി ഉയരാറുണ്ട് ചില കേന്ദ്രങ്ങളില്‍ നിന്ന്. ശുദ്ധ അസംബന്ധമാണിത്. സ്ത്രീധനത്തിനു വേണ്ടി വിലപേശുന്നത് ഇസ്‌ലാമികമല്ല, പ്രവാചക ചര്യക്ക് വിരുദ്ധമാണെന്ന് പണ്ഡിതന്മാര്‍ അടിക്കടി ഉണര്‍ത്താറുള്ളതാണ്. മര്‍കസ് തുടങ്ങി സംസ്ഥാനത്തെ സുന്നി സ്ഥാപനങ്ങളില്‍ സ്ത്രീധനവിരുദ്ധ ബോധവത്കരണം നടന്നു വരുന്നുവെന്ന് മാത്രമല്ല, സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുക വഴി സ്ത്രീധനരഹിത വിവാഹത്തിന് മാതൃകയാകുകയും ചെയ്യുന്നു. എന്നാല്‍ പണ്ഡിതന്മാരുടെ പ്രസ്താവനകളിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അവരെ സ്ത്രീവിരുദ്ധരായി മുദ്രയടിക്കുകയോ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ അല്ലാതെ അവര്‍ ചെയ്യുന്ന മാതൃകാപ്രവര്‍ത്തനത്തെ കണ്ടറിയുന്നില്ല പൊതുവെ സമൂഹം.
source http://www.sirajlive.com/2021/07/19/489711.html
إرسال تعليق