സിക്ക പ്രതിരോധം; തിരുവനന്തപുരത്ത് സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് ഡി എം ഒ

തിരുവനന്തപുരം | സിക്ക വൈറസിനെ പ്രതിരോധിക്കുന്നതിന് ജില്ലയില്‍ സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് തിരുവനന്തപുരം ഡി എം ഒ. ഡോ. കെ എസ് ഷിനു. വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഡി എം ഒ വാര്‍ത്താ സമ്മേളനം നടത്തിയത്. സിക്ക റിപ്പോര്‍ട്ട് ചെയ്‌തെന്ന് കരുതി ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ഡി എം ഒ പറഞ്ഞു.

തിരുവനന്തപുരത്തെ പാറശ്ശാലയിലാണ് സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. ഗര്‍ഭിണിയായ യുവതി സിക്ക വൈറസ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഈ മാസം 28ന് രോഗം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

അതിനിടെ, സിക്കയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രത പരിശോധിക്കും. കൊതുകിന്റെ ഉറവിട നശീകരണത്തിനുള്ള ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളും. മരണനിരക്ക് കുറവാണെങ്കിലും ഗര്‍ഭിണികളിലെ സിക്ക ബാധ കുഞ്ഞുങ്ങളില്‍ ജനിതക വൈകല്യത്തിന് കാരണമാകും. അതിനാല്‍ ഗര്‍ഭിണികളില്‍ പരിശോധന ശക്തമാക്കും. സ്‌കാനിംഗ് നടത്തി കുഞ്ഞുങ്ങള്‍ക്ക് ജനിതകവൈകല്യങ്ങളില്ലെന്ന് ഉറപ്പാക്കണമെന്ന് ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്കക്ക് കാരണം. പനി, തലവേദന, ശരീരത്തില്‍ പാടുകള്‍, സന്ധിവേദന, പേശിവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഇവയുള്ളവര്‍ പരിശോധനക്ക് തയാറാകണം. ലക്ഷണങ്ങള്‍ പെട്ടെന്ന് ഭേദമാകുമെങ്കിലും മൂന്ന് മാസം വരെ വൈറസിന്റെ സ്വാധീനം നിലനില്‍ക്കും. ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുന്നവരും അവരുടെ പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുന്‍കരുതലെടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

17 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും ആരോഗ്യപ്രവര്‍ത്തകരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരു കുഞ്ഞുമുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.



source http://www.sirajlive.com/2021/07/12/488565.html

Post a Comment

أحدث أقدم