കൊടകര കവര്‍ച്ചാ കേസില്‍ നിഗൂഢതയെന്ന് ഹൈക്കോടതി

കൊച്ചി|   കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഏറെ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. പ്രധാന പ്രതികളെ പിടികൂടാനായില്ല. ഉന്നതരുണ്ടെന്ന് സംശയിക്കുന്നു. ഇവരെ കണ്ടെത്തേണ്ടതുണ്ട്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് കെ ഹരിപാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.

കൊടകര കേസുമായി ബന്ധപ്പെട്ട പരാതിയില്‍ പറയുന്നത് 25 ലക്ഷമാണ്. പോലീസ് കണ്ടെത്തിയത് 3.5 കോടിയാണ്. ഇതിലൊന്നും വ്യക്തതയായിട്ടില്ലെന്നും കോടതി പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കവര്‍ച്ചയാണെന്ന് സംശയിക്കുന്നതായും ഹൈക്കോടതി പറഞ്ഞു. കൊടകര കേസില്‍ ഈ മാസം 24ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഹൈക്കോടതി നിരീക്ഷണം കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ഇപ്പോള്‍ അന്വേഷണ സംഘം പ്രതി ചേര്‍ത്ത 22 പേരില്‍ ബി ജെ പി നേതാക്കളാരും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വെറും ഒരു കവര്‍ച്ചാ കേസായാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നത്. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കണമെന്ന് അന്വേഷണ സംഘം ശിപാര്‍ശ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ കോടതി വിഷയത്തില്‍ ചില നിരീക്ഷണം നടത്തിയ സാഹചര്യത്തില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച എന്തെങ്കിലും പോലീസ് കുറ്റപത്രത്തില്‍ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പണം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്ന് നേരത്തെ മൊഴിയുണ്ടായിരുന്നു. അത്തരത്തില്‍ ഒരു പരാമര്‍ശം കുറ്റപത്രത്തിലുണ്ടായാല്‍ അത് ബി ജെ പിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്.



source http://www.sirajlive.com/2021/07/16/489240.html

Post a Comment

أحدث أقدم