പ്രവാസം ഇരുളടയാതിരിക്കാന്‍

കൊറോണ വൈറസ്ബാധ ജീവിതക്രമങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ അവസാനത്തെ സ്ഥിതിവിവരക്കണക്കാണ് കഴിഞ്ഞ ദിവസം കേരളം പുറത്തുവിട്ടിരിക്കുന്നത്. ഈ പ്രതിസന്ധി കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയ പ്രവാസികളുടെ ഞെട്ടിക്കുന്ന കണക്കാണത്. പതിനഞ്ച് ലക്ഷത്തോളം വരുമത്. ഇവരില്‍ മുക്കാല്‍ ഭാഗവും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയെന്നത് കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക മണ്ഡലത്തിലുണ്ടാക്കുന്ന വെല്ലുവിളി എത്രത്തോളമാണെന്ന് ഇത് ബോധ്യപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ 13 മാസക്കാലത്തെ കണക്ക് മാത്രമാണിത്. കൊവിഡ് വ്യാപനം രൂക്ഷമായ 2020 മെയ് മുതല്‍ 14,63,176 പ്രവാസികള്‍ കേരളത്തിലെത്തിയെന്ന് നോര്‍ക്ക വെളിപ്പെടുത്തുന്നു. നിലവില്‍ 30 ലക്ഷം പ്രവാസികളാണ് വിദേശങ്ങളില്‍ ജീവിക്കുന്നത് എന്നാണ് ഏകദേശ കണക്ക്. ഇതില്‍ ഏറിയ പങ്കും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ്. 1980 മുതലുള്ള കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന് ഏറ്റവും നിര്‍ണായകമായ സംഭാവന പ്രവാസി മലയാളികളിലൂടെയുള്ള വിദേശ പണവരുമാനമാണ്. അവര്‍ വഴിയുള്ള പണം വരവാണ് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ താങ്ങി നിര്‍ത്തുന്നത്. ജി ഡി പിയുടെ 20 ശതമാനം വരും അവരുടെ വിഹിതം. കേരളം വലിയ തോതില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ പ്രവാസികളുടെ മടങ്ങിവരവും പണമൊഴുക്കിലെ കുറവും സംസ്ഥാനത്തിന്റെ ഭാവിക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നത് കാണാതിരിക്കരുത്.

കൊവിഡിന്റെ താണ്ഡവം തകര്‍ത്താടിയ മണ്ണില്‍ നിന്നാണ് പ്രവാസികൾ നാട്ടിലേക്ക് കരപറ്റിയിരിക്കുന്നത്. എന്താണെങ്കിലും നാട്ടില്‍ വന്ന് കിടക്കാമല്ലോ എന്ന് വിചാരിച്ചും ഉറ്റവരുടെ അടുത്താകുമല്ലോ എന്ന് പ്രതീക്ഷിച്ചുമാണ് അവര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിരിക്കുന്നത്. ഇങ്ങനെ മടങ്ങിവന്നവരില്‍ ഭൂരിപക്ഷത്തിനും ഒരുപക്ഷേ മടങ്ങിപ്പോക്ക് എളുപ്പമായിരിക്കില്ല. തിരിച്ചുപോകാന്‍ സാധ്യതയുണ്ടായാലും അത് പെട്ടെന്ന് നടക്കുന്ന സാഹചര്യവുമില്ല. വിമാന സര്‍വീസുകള്‍ക്ക് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സഊദിയിലേക്കുള്ള വിമാന സര്‍വീസ് നിലച്ചിട്ട് മാസങ്ങളായി. യു എ ഇയും ഒമാനുമൊക്കെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. തിരികെ പോകാനിരിക്കുന്നവര്‍ക്കും ഈ അനിശ്ചിതത്വം പ്രതിസന്ധി സൃഷ്ടിക്കും. ദീര്‍ഘകാലം അവധിയിലായവര്‍ക്ക് പകരം ആളെ കാണാനോ ബദല്‍ സംവിധാനം ഒരുക്കാനോ ഗള്‍ഫിലെ സ്ഥാപനങ്ങളും കമ്പനികളും തയ്യാറാകും. അങ്ങനെയാകുമ്പോള്‍ തിരികെയെത്തിയവരില്‍ നിന്ന് മടങ്ങി ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണം പിന്നെയും കുറയും.

ഒരുപാട് സ്വപ്‌നങ്ങളുമായി കടല്‍ കടന്നുപോയവരെയും ഒരുപാട് പ്രതീക്ഷയോടെ അവരെ കാത്തിരിക്കുന്നവരെയും സംബന്ധിച്ച് അപ്രതീക്ഷിതമായ ഈ തിരിച്ചുവരവ് വലിയൊരു ആഘാതമായിരിക്കും. ഈ ഒരു സാഹചര്യത്തില്‍ പ്രവാസികളുടെ മടങ്ങിവരവ് സാമൂഹിക, തൊഴില്‍, കുടുംബ രംഗങ്ങളില്‍ സൃഷ്ടിക്കുന്ന അലയൊലികള്‍ വ്യക്തമായി പഠിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. അതിന് സര്‍ക്കാര്‍ സഗൗരവം മുന്നിട്ടിറങ്ങേണ്ടതുണ്ട്. വിദേശത്ത് നിന്ന് മടങ്ങിവരുന്ന പ്രവാസികളുടെ പട്ടികയും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തില്‍ ശേഖരിക്കുകയും ജില്ലാതല കര്‍മ പരിപാടിയായി ക്രോഡീകരിക്കുകയും ചെയ്ത് പുനരധിവാസ പദ്ധതികള്‍ രൂപപ്പെടുത്തണം. പ്രവാസി ഡിവിഡന്റ് സ്‌കീമും പ്രവാസി ചിട്ടിയും കൂടുതല്‍ ആകര്‍ഷകമാക്കണം. വായ്പാ പദ്ധതികള്‍ ഉദാരമാക്കണം. ബജറ്റില്‍ ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചെങ്കിലും അത് പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ ഉദാരമാക്കണം. അത്തരം വായ്പകള്‍ പലിശരഹിതമാകണം. വ്യവസായ, വാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിനു വേണ്ടി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കണം.
പ്രത്യേക ഇക്കണോമിക് സോണ്‍ ആരംഭിച്ച് പ്രവാസികള്‍ക്ക് അവരുടെ നൂതന ബിസിനസ്സ്, വ്യവസായം ആരംഭിക്കുന്നതിനും അവരുടെ ജീവിതത്തില്‍ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നതിനും ആദായ വിലക്ക് ഭൂമി നല്‍കുന്ന തരത്തിലുള്ള വ്യവസായ പാര്‍ക്ക് ഒരുക്കുമെന്നതിനും നടപടി വേണം. പ്രവാസികളുടെ സഹകരണ സംഘങ്ങള്‍ക്ക് സാധ്യതകള്‍ തുറന്നിടണം. ഒരുപാട് അറിവുകളും പ്രായോഗിക പരിജ്ഞാനവും ഭാഷാ സിദ്ധിയും ഒക്കെ കൈമുതലാക്കിയ സമൂഹമാണ് മടങ്ങിവന്നത്. അവരെ അവരവരുടെ വഴിക്ക് വിടാതെ മുഖ്യധാരയിലെത്തിച്ചാല്‍ നേട്ടം ഈ സംസ്ഥാനത്തിന് മൊത്തത്തില്‍ ലഭ്യമാകും. ക്ഷേമ പെന്‍ഷന്‍ 5,000 രൂപയായി ഉയര്‍ത്തി 60 കഴിഞ്ഞ പ്രവാസികള്‍ക്ക് താങ്ങാവണം. ഇങ്ങനെ പ്രവാസികള്‍ നേരിടുന്ന നിരവധി വിഷയങ്ങളില്‍ സര്‍ക്കാറും നോര്‍ക്കയും ജാഗ്രതയോടെയും തുറന്ന സമീപനത്തോടെയും മുന്നോട്ട് പോകണം.

ഒപ്പം സാമൂഹിക സംഘങ്ങള്‍ക്കും ഈ വിഷയത്തില്‍ ഏറെ ചെയ്യാനുണ്ട്. വിദേശത്ത് നിന്ന് വെറും കൈയുമായി വരുന്ന ഒരാളെ സ്വീകരിക്കാന്‍ നമ്മുടെ സാമൂഹിക മണ്ഡലത്തിന് അസാധ്യമായിരുന്നു. കാരണം ഒരുപാട് പ്രതീക്ഷകളുടെ, സ്വപ്‌നങ്ങളുടെ ഭാഗമായാണ് കുടുംബത്തിലെ ഒരാള്‍ വിദേശത്ത് പോകുന്നത്. മാത്രവുമല്ല ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും പ്രവാസികള്‍ ആശ്രയമാണ്. വയറു ചുരുക്കിയും അരിഷ്ടിച്ചും എല്ലുമുറിയെ പണിയെടുത്തും വിദേശത്ത് ജീവിച്ചാണ് അവര്‍ തിരികെയെത്തിയതെന്ന് ഓര്‍ക്കാന്‍ സമൂഹത്തിനു സാധിക്കുന്നില്ല. ഇവിടെ പ്രവാസികളും അവരുടെ ബന്ധുക്കളും കാര്യങ്ങളെ സമചിത്തതയോടും പ്രായോഗികതയോടും കൂടി കാണേണ്ടതുണ്ട്. ശുഭാപ്തിയോടെ കാര്യങ്ങളെ നോക്കിക്കാണുക. സാഹചര്യങ്ങളെ അംഗീകരിക്കുക. ഇങ്ങനെ രണ്ട് കൂട്ടരും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടാല്‍ പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ടിക്കുന്ന കുടുംബ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമായേക്കും. ഈ ഒരു അവബോധം സൃഷ്ടിക്കാന്‍ സാമൂഹിക പ്രസ്ഥാനങ്ങളും മുന്നോട്ട് വരണം.
കേരളാ വികസനക്കുതിപ്പിന്റെ ഇന്ധനമാണ് പ്രവാസിയുടെ വിയര്‍പ്പെന്ന് നിരന്തരം പറയുമ്പോഴും ഈ സമൂഹത്തെ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന വസ്തുത മായാതെ നിലനില്‍ക്കുകയാണ്. അറിവിന്റെയും അനുഭവത്തിന്റെയും സംരംഭകത്വത്തിന്റെയും കലവറയുമായാണ് ഓരോ പ്രവാസിയും നാട്ടില്‍ മടങ്ങിയെത്തുന്നത്. അതുകൊണ്ട്, ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ സാധിക്കണം. ലഭ്യമാകുന്ന ഏറ്റവും നല്ല അവസരത്തില്‍ തിരിച്ചു പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സാഹചര്യമൊരുക്കുകയും വേണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഈ കാര്യത്തിൽ ഒരുപാട് ചെയ്യാനുണ്ട്.



source http://www.sirajlive.com/2021/07/07/487648.html

Post a Comment

أحدث أقدم