മുഖ്യമന്ത്രി വാഗ്ദാനം ലംഘിച്ചുവെന്ന്; വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്

തൃശൂര്‍ | മുഖ്യമന്ത്രി വ്യാപാരി സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് പിന്നാക്കം പോയെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക്. ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തിലാണ് സമരം. ആഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും ഒമ്പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും സമിതി തീരുമാനിച്ചു. ആറ് ദിവസമായിരിക്കും സെക്രട്ടേറിയറ്റിനു മുമ്പിലെ ധര്‍ണ. തൃശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് നേരത്തെ സമരം പിന്‍വലിച്ചതെന്ന് സമിതി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടി പി ആര്‍ കുറഞ്ഞിട്ടില്ല. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി തിരിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാകും. കടകള്‍ തുറക്കാനാകാത്തതിനാല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണം. ഒമ്പതാം തീയതി കടകള്‍ തുറക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് ദുരനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസിറുദ്ദീന്‍ പ്രഖ്യാപിച്ചു.

 



source http://www.sirajlive.com/2021/07/28/491104.html

Post a Comment

أحدث أقدم