കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ നക്‌സല്‍ ബാരി ആക്രമണത്തില്‍ പങ്കാളിയായ ബാലുശ്ശേരി അപ്പു ഓർമയായി

കോഴിക്കോട് | നക്സല്‍ ബാരി പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി 1969ലെ കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത അപ്പു ബാലുശ്ശേരി വിടവാങ്ങി. 1969 ഡിസംബര്‍ 18ന് പുലര്‍ച്ചെയാണ് നക്‌സല്‍ പ്രവര്‍ത്തകര്‍ കുറ്റ്യാടി സ്റ്റേഷന്‍ ആക്രമിച്ചത്. ഈ ആക്രമണത്തില്‍ പങ്കെടുത്തവരില്‍ അവസാന കണ്ണിയായിരുന്നു ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂരില്‍ താനോത്ത് അപ്പുനായര്‍ എന്ന അപ്പു ബാലുശ്ശേരി.

ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പതിനഞ്ചോളം വരുന്ന നക്സല്‍ പ്രവര്‍ത്തകരാണ് അന്ന് സ്റ്റേഷന്‍ ആക്രമിച്ചത്. പൊലീസിന്റെ വെടിയേറ്റ് നക്സല്‍ പ്രവര്‍ത്തകന്‍ പെരുവണ്ണാമൂഴി കോഴിപ്പിള്ളി വേലായുധന്‍(36) സ്റ്റേഷനു മുന്നില്‍ മരിച്ചു. പൊലീസ് വെടിവയ്പില്‍ മരിച്ച കേരളത്തിലെ ആദ്യ നക്സല്‍ പ്രവര്‍ത്തകനാണ് വേലായുധന്‍. സ്റ്റേഷന്‍ ആക്രമണത്തില്‍ 15 പേരായിരുന്നു പങ്കെടുത്തത്.

സംഭവത്തില്‍ ഒന്നാം പ്രതി വയനാട്ടിലെ വേലപ്പനായിരുന്നു. രണ്ടാം പ്രതിയായിരുന്നു ബാലുശ്ശേരി അപ്പു. മൂന്നാം പ്രതി പാലേരിയിലെ സി എച്ച് കടുങ്ങോനായിരുന്നു.
കുന്നിക്കല്‍ നാരായണന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തലശ്ശേരി പുല്‍പള്ളി ആക്രമണത്തിന്റെ വാര്‍ഷികത്തിനു മുന്‍പ് മറ്റൊരു സ്റ്റേഷന്‍ ആക്രമിക്കണമെന്ന് നക്സല്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ആയുധങ്ങളുമായി കുറ്റ്യാടി പുഴയോരത്ത് സംഘടിച്ച നക്സല്‍ പ്രവര്‍ത്തകര്‍ 18നു പുലര്‍ച്ചെയാണ് സ്റ്റേഷന്‍ ആക്രമിച്ചത്. സ്റ്റേഷന്റെ വാതില്‍ മഴുകൊണ്ട് വെട്ടിപ്പൊളിച്ച് കോഴിപ്പിള്ളി വേലായുധനും ബാലുശ്ശേരി അപ്പുവും ബോംബെറിഞ്ഞു. സ്റ്റേഷനകത്ത് ബോംബ് വീണതോടെ പോലീസ് തിരിച്ചു വെടിവച്ചു. വാതില്‍ വെട്ടിപ്പൊളിച്ചുണ്ടാക്കിയ ദ്വാരത്തിലൂടെയാണ് പൊലീസ് തിരിച്ചു വെടിവച്ചത്. എസ് ഐ പ്രഭാകരന്റെ കൈക്ക് ബോംബേറില്‍ ഗുരുതര പരുക്കേറ്റു.

സ്റ്റേഷന്‍ ആക്രമണക്കേസില്‍ പൊലീസ് ആദ്യം പിടികൂടിയത് സി എച്ച് കടുങ്ങോനെയാണ്. ഈ കേസില്‍ 14 പേരെ കോടതി ഇരുപത്തി രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

1968-76 കാലയളവിലാണ് നക്സല്‍ പ്രസ്ഥാനം കേരളത്തില്‍ സജീവമായത്. ഈ സമയത്താണ് തലശ്ശേരി-പുല്‍പ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ജന്മികള്‍ക്കെതിരായ ഉന്മൂലന നീക്കങ്ങളും അരങ്ങേറിയത്.

ആക്രമണത്തിനിടെ വെടിയേറ്റു മരിച്ച കോഴിപ്പിള്ളി വേലായുധന്റെ അനുസ്മരണ ദിനാചരണം സിപിഐ(എംഎല്‍) പ്രവര്‍ത്തകര്‍ ആചരിക്കാറുണ്ട്. അപ്പു ബാലുശ്ശേരിയും സി എച്ച് കടുങ്ങോനും പിന്നീട് സി പി എം പ്രവര്‍ത്തകരായി. ബാലുശ്ശേരി അപ്പു എല്‍ ഐ സി ഏജന്റായിരുന്നു.



source http://www.sirajlive.com/2021/07/02/487019.html

Post a Comment

أحدث أقدم