കഴിഞ്ഞ വര്‍ഷം മെയ് 25ന് അമേരിക്കന്‍ നഗരമായ മിനിയാപൊളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിനെ 21 വര്‍ഷവും ആറ് മാസവും തടവിന് കഴിഞ്ഞ ദിവസം മിനിയാപൊളിസ് കോടതി ശിക്ഷിച്ചിരിക്കുകയാണ്. ലോകത്തിലെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കറുത്ത വര്‍ഗക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് കരുത്തേകുകയാണ് മിനിയാപൊളിസ് കോടതി വിധി. ബ്ലാക്‌സ് ലിവിംഗ് മാറ്റര്‍ എന്ന ശീര്‍ഷകത്തില്‍, കറുത്തവര്‍ക്കെതിരെ അധികരിച്ചു വരുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള സജീവമായ പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും വിജയം കൂടിയാണ് ഈ വിധി.
വര്‍ഗീയതയും വര്‍ണവെറിയും അമേരിക്കന്‍ ജനതയുടെ മസ്തിഷ്‌കങ്ങളില്‍ ഇപ്പോഴും വലിയൊരളവില്‍ തന്നെ കുടികൊള്ളുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. വിചാരണക്കിടെ ഫ്‌ളോയിഡിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ ഡെറിക് അതിന് തയ്യാറായിരുന്നില്ല. വര്‍ണവെറിയാല്‍ ആഴത്തിലൂട്ടപ്പെട്ട അദ്ദേഹത്തിന്റെ മനസ്സ് അതിനനുവദിച്ചില്ലെന്ന് വേണം പറയാന്‍. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ശേഷം ആറ് പേരെയാണ് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ അധികൃതര്‍ ഈ മരണങ്ങളെല്ലാം ഇപ്പോള്‍ അന്വേഷിക്കുകയാണ്. മിക്കവയും പോലീസ് ആത്മഹത്യയെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചവയാണ്. മരിച്ചവരെല്ലാം കറുത്ത വര്‍ഗക്കാരുമാണ്.
ആഗോള മാധ്യമമായ സി എന്‍ എന്‍ അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. പോലീസ് ഇതിന് ചൂട്ടുപിടിക്കുകയും ചെയ്യുന്നു. 2018ല്‍ മാത്രം ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ ഇരയായിത്തീര്‍ന്നവരില്‍ 70 ശതമാനവും കറുത്തവരാണ്. 2018ല്‍ ബി ബി സി പുറത്തുവിട്ട കണക്കനുസരിച്ച് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ 59.6 ശതമാനവും വംശവും വര്‍ണവുമായി ബന്ധപ്പെട്ടവയാണ്. 2017നേക്കാള്‍ 16 ശതമാനം വര്‍ധനവാണ് കറുത്തവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ തൊട്ടടുത്ത വര്‍ഷങ്ങളിലുണ്ടായിരിക്കുന്നത്. അടിമത്തം നിരോധിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞിട്ടും വംശീയതയും വര്‍ണവെറിയും അമേരിക്കന്‍ സമൂഹത്തില്‍ മരുന്നില്ലാത്ത മഹാമാരിയായി ഇപ്പോഴും നിലനില്‍ക്കുന്നു. പുരോഗമന ചിന്താഗതിക്കാരെന്ന് നടിക്കുന്ന അമേരിക്കന്‍ ജനതയിലെ വിദ്യാസമ്പന്നരായ വലിയൊരു വിഭാഗം ഇപ്പോഴും വര്‍ണവെറിയും വംശീയ മേധാവിത്വവും മനസ്സില്‍ താലോലിക്കുന്നവരാണ്.
ദ ഗാര്‍ഡിയന്‍ പത്രം നടത്തിയ ഒരു കണക്കെടുപ്പില്‍ 2015ല്‍ 316 കറുത്ത വര്‍ഗക്കാര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 38 കോടിയിലേറെ ജനങ്ങളുള്ള, അതില്‍ 13 ശതമാനം കറുത്ത വര്‍ഗക്കാരായ ഒരു രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നത്. 15നും 34നും ഇടയിലുള്ള കറുത്ത വര്‍ഗക്കാരായ പുരുഷന്മാര്‍ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ്. പക്ഷേ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെടുന്ന ഈ പ്രായത്തില്‍പ്പെട്ടവരില്‍ 15 ശതമാനവും കറുത്ത വര്‍ഗക്കാരാണെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ പ്രായത്തിലുള്ള വെള്ളക്കാരായ യുവാക്കളുടെ അഞ്ചിരട്ടി കൂടുതലാണിത്. വംശീയ വിദ്വേഷത്തിന്റെ ആഴം ഇതില്‍ നിന്ന് വ്യക്തമാണല്ലോ.
ജനസംഖ്യയിലെ വലിയൊരു വിഭാഗത്തില്‍ പതിയിരിക്കുന്ന വംശീയതയെ വെള്ളക്കാരായ അമേരിക്കക്കാര്‍ നിഷേധിക്കുകയാണ് പതിവ്. വെള്ളക്കാരുടെ കുറ്റകൃത്യങ്ങള്‍ തലതിരിഞ്ഞ ചില വ്യക്തികള്‍ നടത്തുന്ന ചെറിയ തെറ്റുകള്‍ മാത്രമായി മുദ്ര കുത്തി വെള്ളപൂശുന്നു. അതേസമയം കറുത്തവര്‍ തിരിച്ചടിച്ചാല്‍ അത് വ്യക്തിഗതമായി കാണാന്‍ അവര്‍ തയ്യാറുമല്ല. മിനിയാപൊളിസില്‍ ജോര്‍ജ് ഫ്ളോയിഡിനെ മൃഗീയമായി കൊലപ്പെടുത്തിയ ഡെറിക് ചൗവിന്‍ എന്ന പോലീസുകാരനെതിരെ, കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയല്ല കേസെടുത്തിട്ടുള്ളതെന്നത് നേരത്തേ പുറത്തുവന്ന വാര്‍ത്തയാണ്. വര്‍ണവെറിയന്മാരായ പോലീസുകാരോട് ഭരണകൂടം പുലര്‍ത്തുന്ന മൃദുസമീപനമാണ് ഇത് കാണിക്കുന്നത്. ജോര്‍ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ പോലീസുകാരന്‍ ഒരു വ്യക്തിയല്ല, പ്രതീകമാണ്.
തൊലിയുടെ നിറത്തിന്റെ പേരില്‍ വ്യക്തികളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ അമേരിക്കയില്‍ ശക്തമായ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും അവയൊക്കെ വംശീയ വിദ്വേഷത്തിന് മുന്നില്‍ വഴിമാറുകയാണ്. അക്രമവും സമരവും ഒന്നിനും പരിഹാരമല്ല എന്നു വിലയിരുത്തുന്ന ചില ലിബറല്‍ അമേരിക്കന്‍ മാധ്യമങ്ങളും വിദഗ്ധരും അവകാശങ്ങള്‍ക്ക് വേണ്ടി ലോകത്ത് അരങ്ങേറിയ സമരങ്ങളുടെ നീണ്ട ചരിത്രമാണ് സൗകര്യപൂര്‍വം വിസ്മരിക്കുന്നത്. വ്യവസ്ഥിതിയെ താത്കാലികമായെങ്കിലും തടസ്സപ്പെടുത്താതെ വിജയിച്ച സമരങ്ങള്‍ ചരിത്രത്തില്‍ വിരളമാണല്ലോ.
തങ്ങളുടെ പൗരന്മാരെ അമേരിക്കന്‍ പോലീസ് പലപ്പോഴായി ആക്രമണങ്ങള്‍ക്ക് വിധേയരാക്കാറുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെയും നിരന്തരം പോലീസ് അതിക്രമങ്ങളുണ്ടാകുന്നു. ഇതില്‍ തന്നെ കൂടുതലും ഇരകളാക്കപ്പെടുന്നത് ആഫ്രിക്കന്‍ അമേരിക്കക്കാരാണ്. പോലീസ് ക്രൂരതക്ക് ഇരയായവരില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണം വെളുത്ത വര്‍ഗക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആന്റിബ്ലാക്ക് വംശീയ ബോധമായിരിക്കുമെന്നാണ് ഇതുസംബന്ധിച്ച് നടന്ന പഠനങ്ങളുടെ വിലയിരുത്തല്‍.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരായ പോലീസ് ക്രൂരത പല നഗര പ്രദേശങ്ങളിലും ഗുരുതരമായ പ്രശ്നമായിത്തീര്‍ന്നിരുന്നുവെങ്കിലും 1960കളുടെ പകുതി വരെ മിക്ക വെള്ളക്കാര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. കാരണം നഗരങ്ങളിലെ വായനക്കാരില്‍ പ്രധാനമായും വെളുത്തവരായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഇത്തരം ആക്രമണങ്ങളെ വാര്‍ത്താ പ്രാധാന്യമുള്ളതായി കണക്കാക്കിയില്ല. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കു തന്നെ കറുത്തവരുടെ പത്രങ്ങളില്‍ പോലീസ് ക്രൂരതയുടെ വാര്‍ത്തകള്‍ പതിവായിരുന്നു.
വ്യത്യസ്ത കാരണങ്ങളാല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ദശകങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരായ പോലീസ് ക്രൂരതകള്‍ രാജ്യത്തുടനീളം കൂടുതല്‍ തീവ്രമായിത്തീര്‍ന്നു. മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി ഗ്രാമീണരായ വെള്ളക്കാര്‍ അടുത്തുള്ള നഗരങ്ങളിലേക്ക് കുടിയേറ്റമാരംഭിച്ചപ്പോള്‍ നഗര പ്രദേശങ്ങളിലുള്ള ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഈ കുടിയേറ്റങ്ങള്‍ക്ക് വലിയൊരു തടസ്സമായിരുന്നു. തങ്ങള്‍ക്ക് കറുത്തവരോടൊപ്പം ജീവിക്കാന്‍ പ്രയാസമുണ്ടെന്നും അവരെ പുറത്താക്കണമെന്നും അവര്‍ വാദിക്കാന്‍ തുടങ്ങി. ഈയൊരവസരം കറുത്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പോലീസിന് വഴിയൊരുക്കുകയായിരുന്നു.
1965ലെ വാട്ട്‌സ് ലഹളയും 1967ലെ ഡെട്രോയിറ്റ് കലാപവും ഉള്‍പ്പെടെ അമേരിക്കയിലെ നഗരങ്ങളില്‍ നടന്ന പല വംശീയ കലാപങ്ങള്‍ക്കും പോലീസ് ക്രൂരത ഒരു കാരണമായിരുന്നു. 1980ല്‍ നിരായുധനായ ഒരു ആഫ്രോ-അമേരിക്കക്കാരനെ പോലീസ് കൊന്നതിനെച്ചൊല്ലി കലാപം പൊട്ടിപ്പുറപ്പെട്ടു. മൂന്ന് ദിവസത്തിനിടെ 18 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ അറസ്റ്റുചെയ്യപ്പെടുകയും 100 മില്യന്‍ ഡോളറിലധികം സ്വത്ത് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം റോഡ്നി കിംഗിനെ ലോസ്ആഞ്ചല്‍സ് പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിക്കുകയും മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാരോപിച്ച് കുറ്റം ചുമത്തുകയും ചെയ്തത് 1992ലെ ലോസ്ആഞ്ചല്‍സ് കലാപത്തിന് കാരണമായി. ആറ് ദിവസത്തിനിടെ അമ്പതിലധികം ആളുകള്‍ കൊല്ലപ്പെടുകയും 2,300ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ കലാപത്തിലെ സ്വത്ത് നാശനഷ്ടം ഒരു ബില്യന്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു.
അമേരിക്കന്‍ പോലീസിന്റെ ക്രൂരതക്ക് ഇരയായവരില്‍ ഭൂരിഭാഗവും ദരിദ്രരും താഴ്ന്ന വരുമാനക്കാരായ തൊഴിലാളി വര്‍ഗത്തില്‍ നിന്നുള്ളവരുമായിരുന്നു. പോലീസിന്റെ ക്രൂരതയെക്കുറിച്ചുള്ള പരാതികള്‍ ഫലപ്രദമായി പുറത്തു കൊണ്ടുവരുന്നതിനാവശ്യമായ രാഷ്ട്രീയ സ്വാധീനമോ സാമ്പത്തിക സ്രോതസ്സുകളോ അവര്‍ക്കുണ്ടായിരുന്നില്ല. എന്നിരുന്നാലും, കറുത്തവര്‍ കുറച്ചെങ്കിലും ഭൂരിപക്ഷമുള്ള മിക്കവാറും എല്ലാ പ്രധാന യു എസ് നഗരങ്ങളിലും ഇപ്പോള്‍ ആന്റിബ്രൂട്ടാലിറ്റി ക്യാമ്പയിനുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
അമേരിക്കയിലെ കറുത്തവരിപ്പോള്‍ ശക്തമായ നേതൃത്വത്തെ തേടുകയാണ്. പൂര്‍വീകരുടെ ധീരമായ ഓര്‍മകളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് നേതൃത്വം കൊടുക്കാന്‍ സാധിക്കുന്ന ഒരു നേതാവിനെ അവര്‍ ആവശ്യപ്പെടുന്നു. എന്തായാലും കറുത്തവരുടെ നിയമപരമായ പോരാട്ടങ്ങളുടെ ശാശ്വത വിജയമായി ജോര്‍ജ് ഫ്‌ളോയിഡ് കേസിലെ വിധിയെ കണക്കാക്കാനാകില്ല. നിയമ പോരാട്ടങ്ങള്‍ ഇനിയും കൂടുതല്‍ ശക്തമായി തന്നെ നടക്കേണ്ടതുണ്ടുണ്ടെന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരും അവരോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റു അമേരിക്കന്‍ ജനതയും വിശ്വസിക്കുന്നു.
source http://www.sirajlive.com/2021/07/02/487052.html
Post a Comment