സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈൽ സിഗ്നൽ തടസ്സപ്പെടാം


ന്യൂഡൽഹി | അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയോട് അടുക്കുന്നുവെന്ന് ശാസ്ത്ര ഗവേഷകർ. മണിക്കൂറിൽ 1.6 ദശലക്ഷം കിലോമീറ്റർ വേഗത്തിലാണ് ചുടുകാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നത്. അടുത്ത ഞായറാഴ്ചയോ തിങ്കളാഴ്ചയോ കാറ്റ് ഭൂമിയുടെ ബാഹ്യ അന്തരീക്ഷത്തിൽ എത്തുമെന്ന് സ്‌പേസ്‌വെതർ ഡോട്ട് കോം വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

സൂര്യന്റെ അന്തരീക്ഷത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഈ കൊടുങ്കാറ്റ് ഉപരിതലത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെങ്കിലും ഭൂമിയുടെ കാന്തിക വലയങ്ങളടങ്ങിയ സ്‌പേസിൽ (മാഗ്നറ്റോസ്ഫിയർ) കാര്യമായ മാറ്റങ്ങളുണ്ടാക്കും.

സൂര്യന്റെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾചാർജ്ഡ് കണങ്ങളുടെ വൻ പ്രവാഹവും സൗരക്കാറ്റും സൃഷ്ടിക്കുന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇതേത്തുടർന്ന് വടക്കൻ, തെക്കൻ ധ്രുവങ്ങളിൽ ആകാശത്ത് വർണരാജി ദൃശ്യമാകും. മണിക്കൂറിൽ 1.6 ദശലക്ഷം കിലോമീറ്ററാണ് യു എസ് ബഹിരാകാശ ഏജൻസിയായ നാസ സൗര കൊടുങ്കാറ്റിന്റെ വേഗം കണക്കാക്കുന്നതെങ്കിലും വേഗം കൂടിയേക്കാമെന്നാണ് നിഗമനം.

ഉപഗ്രഹ സിഗ്നലുകൾ താറുമാറാകാൻ സൗര കൊടുങ്കാറ്റ് കാരണമായേക്കാമെന്ന് നാസയിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ബാഹ്യ അന്തരീക്ഷം ശക്തമായി ചൂടാകുന്നതുകൊണ്ടാണ് ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്നത്.

ജി പി എസ് നാവിഗേഷൻ, മൊബൈൽ സിഗ്നൽ, സാറ്റലൈറ്റ് ടി വി സിഗ്നൽ എന്നിവയിലും പ്രശ്‌നങ്ങളുണ്ടായേക്കാം. വൈദ്യതി ലൈനുകളിൽ കറണ്ട് പെട്ടെന്ന് ഉയരുന്നതിനാൽ ട്രാൻസ്‌ഫോർമറുകളിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് സ്‌പേസ്‌വെതർ ഡോട്ട് കോം വ്യക്തമാക്കുന്നു.
എന്നാൽ, ഈ പ്രത്യാഘാതങ്ങൾക്ക് നേരിയ സാധ്യതയേ ഉള്ളൂവെന്ന് വിദഗ്ധർ പറയുന്നത്.



source http://www.sirajlive.com/2021/07/13/488701.html

Post a Comment

أحدث أقدم