പെലെ കെട്ടിപ്പിടിച്ച ഒരേ ഒരു ഭാസി

ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ഫുട്‌ബോള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്നത് തന്നെ ആവേശമാണ്. അപ്പോള്‍ നേരില്‍ കാണാന്‍ അവസരം ലഭിച്ചവരുടെ അനുഭവം എത്രമാത്രം മനസില്‍ തട്ടുന്നതായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. എട്ടു പ്രാവശ്യം ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വാര്‍ത്തയും ഒരു യൂറോകപ്പ് വാര്‍ത്തയും കവര്‍ ചെയ്യാന്‍ സാധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധമായിരിക്കും. ഇങ്ങനെയൊരു അസുലഭ അവസരം ലഭിച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റാണ് കോഴിക്കോട്ടെ ഭാസി മലാപ്പറമ്പ്.

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ഫിഫ ലോകകപ്പ് കവര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം. ആദ്യമായി സ്‌പെയിന്‍ ആതിഥേയത്വം വഹിച്ച 1982 ലെ വേള്‍ഡ് കപ്പ്, 1986 ല്‍ മെക്‌സിക്കോ, 1990, 1998 ഫ്രാന്‍സ്, 2002 കൊറിയ – ജപ്പാന്‍, 2006, 2010 സൗത്ത് ആഫ്രിക്ക, 2014 ബ്രസീല്‍… അങ്ങനെ എട്ടുതവണ ലോകകായിക മാമാങ്കത്തിന്റെ പ്രസ് ഗ്യാലറിയില്‍ ഭാസിയുണ്ടായിരുന്നു. 2008 ല്‍ യൂറോപ്യന്‍ നാഷണല്‍ ചാമ്പ്യന്‍ ഷിപ്പ് ( യൂറോ കപ്പ്) റിപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇക്കാലയളവില്‍ പെലെ അടക്കമുള്ള വിശ്വതാരങ്ങളുമായി അഭിമുഖം നടത്താനും ഭാസിയ്ക്ക് അവസരം ലഭിച്ചു. ഏഴ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ മലയാള മനോരമയ്ക്കു വേണ്ടിയും ഒന്ന് ജനയുഗത്തിനു വേണ്ടിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഭാസി മലാപ്പറമ്പിന് നേരനുഭവങ്ങളുടെ ഒരായിരം സാക്ഷ്യങ്ങള്‍ പങ്കുവെക്കാനുണ്ട്. മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് മാത്രമല്ല, വിദേശ രാജ്യങ്ങള്‍ സമ്മാനിച്ച മധുരിക്കുന്ന സ്മരണകള്‍ കൂടി അദ്ദേഹത്തിന്റെ ഓര്‍മകളില്‍ നിറയുന്നു. സിറാജ്‌ലൈവിന് വേണ്ടി തന്റെ സ്‌പോര്‍സ് ജേണലിസ്റ്റ് അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം:

“1977-ല്‍ പെലെ ന്യൂയോര്‍ക്ക് കോസ്‌മോസിനു വേണ്ടി കളിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ മത്സരം നേരില്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബ്രസീല്‍ ക്ലബില്‍ നിന്ന് മാറി അമേരിക്കയില്‍ ഫുട്‌ബോള്‍ പ്രചാരണം നടത്തണം എന്ന ലക്ഷ്യത്തോടെയാണ് യുഎസ്എ യിലെ ന്യൂയോര്‍ക്ക് കോസ്‌മോസ് ക്ലബില്‍ പെലേ ചേര്‍ന്നത്. അന്ന് ന്യൂയോര്‍ക്ക് കോസ്‌മോസ് ടീം ഇന്ത്യയിലും കിഴക്കോട്ടുള്ള രാജ്യങ്ങളായ ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയില്‍ ഒറ്റ മത്സരമാണ് നടത്തിയത്. കൊല്‍ക്കത്തയില്‍ വെച്ച് ഇന്ത്യയുടെ അന്നത്തെ ഏറ്റവും മികച്ച ടീമായ കൊല്‍ക്കത്ത മോഹന്‍ ബഗാനുമായായിരുന്നു മത്സരം. ആ മത്സരം കാണാന്‍ ഞാനും സുഹൃത്തുക്കളായ ഒളിമ്പ്യന്‍ റഹ്‌മാനും ഫുട്‌ബോളര്‍ ബാലചന്ദ്രനും ബോബി എന്ന സഹദേവനും കൂടി കൊല്‍ക്കത്തയിലേക്ക് പോയി. അവിടെ നിന്ന് മലയാള മനോരമ പത്രത്തിനു വേണ്ടി മത്സരം റിപ്പോര്‍ട്ട് ചെയ്തു. അന്നെനിക്ക് പി.കെ ബാനര്‍ജി എന്ന പഴയ ഇന്ത്യന്‍ കളിക്കാരനെ കാണാനും സാധിച്ചു. അദ്ദേഹത്തിന് എന്നെ മുന്‍പ് കേട്ട പരിചയമുണ്ടെന്നു പറഞ്ഞു”.

ഭാസി മലാപറമ്പ് ലോക ഫുട്‌ബോളര്‍ പെലെയോടൊപ്പം ‘ഇറ്റലി 1990’ ലോകകപ്പ് വേദിയായ റോം ഒളിംപ്ക്‌സ് സ്‌റ്റേഡിയത്തില്‍

“1982 ലാണ് എന്റെ ആദ്യത്തെ വേള്‍ഡ് കപ്പ് അനുഭവം. സ്‌പെയില്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ എനിക്കു വേണ്ടി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയ്ക്കും ഒരു കത്തെഴുതി. അതു പ്രകാരം എനിക്ക് അക്രെഡിറ്റേഷന്‍ ലഭിച്ചു. അന്നു ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന കാലമാണ്. എന്നോടൊപ്പം ഇന്ത്യയിലെ എക്കാലത്തെയും മികച്ച കളിക്കാരന്‍ ശൈലന്‍ മന്നയുമുണ്ടായിരുന്നു. ആ വേള്‍ഡ് കപ്പിനിടയിലാണ് പെലെയെ ആദ്യമായി കണ്ടുമുട്ടിയത്. മാഡ്രിഡിലെ ഫുട്പാത്തില്‍വെച്ചാണ് ഫുട്‌ബോള്‍ ഇതിഹാസത്തെ നേരില്‍ കാണുന്നത്. കോഴിക്കോട് കല്ലായിയിലെ പീടികയില്‍ നിന്ന് വാങ്ങിയ ചന്ദനത്തടിയിലെ പെന്‍ നല്‍കി ഒരു ഓട്ടോഗ്രാഫ് അന്ന് വാങ്ങിച്ചു. ആ പേനയുടെ സുഖന്ധം ആസ്വദിച്ച പെലെ പറഞ്ഞു, ഈ പേനക്ക് ഫുട്‌ബോളിന്റെ മണമാണെന്ന്.”

“ആദ്യ ലോകകപ്പ് കാണാനും റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞതില്‍ പിന്നെ തുടര്‍ന്നും പോകണമെന്ന ആവേശമായി. 1986 ല്‍ മെക്‌സിക്കോയില്‍ വെച്ച് പ്രശസ്തരായ കളിക്കാരുടെ മത്സരം കണ്ടതും അവിടുത്തെ ഗാര്‍ഡനിലെ മഹാത്മാഗാന്ധി പ്രതിമ കാണാന്‍ പറ്റിയതും അതിനൊപ്പം നിന്ന് ഫോട്ടോയെടുത്തതും മനസില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു.”

“1990 ല്‍ ഇറ്റലിയില്‍ വെച്ച് ഒരു സമ്മേളനത്തിനിടെയാണ് പെലെയോടും മറ്റു കളിക്കാരുമായും കൂടുതല്‍ ഇടപഴകിയത്. ഇറ്റലിക്കാര്‍ക്ക് ഇന്ത്യക്കാരോടുള്ള സ്‌നേഹവും ബഹുമാനവും അന്നെനിക്ക് മനസ്സിലായി. റോമിലുള്ള ഏറ്റവും പ്രശസ്തമായ മ്യൂസിയവും കാണാന്‍ കഴിഞ്ഞു. കോഴിക്കോട് മലാപ്പറമ്പിലുള്ള ബിഷപ്പിന്റെ അടുത്തു നിന്ന് പോപിനെ കാണാന്‍ വേണ്ടി ഒരു കത്ത് ഞാന്‍ വാങ്ങിയിരുന്നു. കളിയില്ലാത്ത ഒരു ദിവസം പോപ്പിനെ കാണാന്‍ വത്തിക്കാനിലേക്ക് പോയി. പ്രധാന കവാടത്തില്‍ നിന്ന് പെര്‍മിഷന്‍ കിട്ടിയതിനു ശേഷം അവരെന്നെ ഓഫീസിലേക്ക് കൊണ്ടുപോയി. കത്ത് കാണിച്ചപ്പോള്‍ പോപ്പിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോപ്പ് എന്റെ തോളില്‍ കൈവെച്ച് മുറ്റത്തെ പച്ചപ്പരവതാനിയിലൂടെ നടന്നു. അദ്ദേഹത്തിന്റെ അധീനതയിലുള്ള സുഖ സൗകര്യങ്ങള്‍ ഏറെയുള്ള സ്ഥലത്ത് എനിക്ക് താമസം ഏര്‍പ്പാട് ചെയ്തു. പോപ്പിന്റെ അതിഥിയായി അഞ്ചാഴ്ച അവിടെ തങ്ങാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായാണ് കാണുന്നത്. ഫുട്‌ബോള്‍ യാത്രകളില്‍ നിന്ന് നേട്ടങ്ങള്‍ ഒരു പാട് ഉണ്ടായിട്ടേയുള്ളൂ.”

“മെക്‌സിക്കോയില്‍ നിന്ന് മടങ്ങുമ്പോള്‍ പാരീസ് വഴിയാണ് വന്നത്. എന്റെ കൂട്ടുകാരന്‍ തിരുവനന്തപുരത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്നുണ്ട്. അവനെനിക്ക് ഇറ്റലിക്കാരനായ ലോകപ്രശസ്ത ചിത്രകാരന്റെ ചിത്രം കാണിച്ചു തന്നു. എന്നും ഓര്‍മ്മിക്കാന്‍ വേണ്ടി മ്യൂസിയത്തിന് അകത്തും പുറത്തും നിന്ന് ഞാന്‍ കുറേ ഫോട്ടോകള്‍ എടുത്തു. 2002-ല്‍ കൊറിയ – ജപ്പാന്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാന്‍ പോയത്. കൊറിയക്കാരുടെ ഓര്‍ഗനൈസേഷന്‍ എനിക്കൊരു അവാര്‍ഡ് തന്നിരുന്നു.”

“2010 – ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ചായിരുന്നു മത്സരം. ഇന്ത്യക്കാരെക്കുറിച്ച് നല്ല മതിപ്പും മഹാത്മാഗാന്ധിയോട് ഏറെ ഇഷ്ടവും ആദരവും അവിടുത്തുകാര്‍ക്കുണ്ട്. ഞാന്‍ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞ പെലെ എന്നെ കെട്ടിപ്പിടിച്ച സംഭവം മറക്കാനാകാത്ത അനുഭവമാണ്. 2014-ല്‍ ബ്രസീല്‍ വേള്‍ഡ്കപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന സമയത്ത് 26 മണിക്കൂറോളം ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. യാത്ര വലച്ചെങ്കിലും മത്സരവും അവിടുത്തെ കാഴ്ചകളും ആനന്ദകരമായിരുന്നു. ബ്രസീലിലെ പെലെ മ്യൂസിയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് വ്യത്യസ്ത അനുഭവമായി തോന്നിയിട്ടുണ്ട്. സത്യത്തില്‍ മ്യൂസിയത്തിലേക്കുള്ള വഴി കോഴിക്കോടു നിന്ന് വയനാട്ടിലേക്ക് പോകുന്ന പ്രതീതിയായിരുന്നു. ചുരം പോലെ കയറ്റിറക്കങ്ങളോടുകൂടിയ വളഞ്ഞുപുളഞ്ഞുള്ള റോഡ്. കടകമ്പോളങ്ങള്‍ ഇല്ലാത്ത തണുപ്പുള്ള കുന്നിന്‍ പ്രദേശം. അവിടെ പെലെയുടെ പ്രതിമയുണ്ട്. ഒട്ടും കാഴ്ചകള്‍ മടുപ്പിക്കാത്ത മ്യൂസിയം.”

“2018-ല്‍ റഷ്യയില്‍ വെച്ചുള്ള മത്സരം നേരില്‍ കാണാന്‍ പറ്റിയിട്ടില്ല. ഫിഫ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിനുള്ള അക്രെഡിറ്റേഷന്‍ തന്നിരുന്നു. പക്ഷേ ഭാര്യ പാര്‍വതി അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍ തനിച്ചാക്കി പോകാന്‍ മനസു വന്നില്ല. അവസരം പാഴാക്കരുതെന്ന് അവളൊരുപാട് പറഞ്ഞു, ഞാനതു കേട്ടില്ല. 2019 -ല്‍ അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.”

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ കത്തും മാധ്യമങ്ങളുടെ സഹായവും ആവശ്യമില്ലാതെ തന്നെ ഫിഫയില്‍ നേരിട്ട് അപേക്ഷിച്ചാല്‍ ഭാസി മലാപ്പറമ്പിന് ലോകകപ്പ് മത്സരം കാണാനുള്ള മീഡിയാ പാസ് കിട്ടും. ലോകത്തിലെ മുതിര്‍ന്ന കായിക മാധ്യമ പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ ഭാസിയുടെ പേരുമുണ്ട്. ഫിഫ ന്യൂസ് മാഗസിന്‍ എല്ലാ മാസവും മുടങ്ങാതെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുന്നതും ഈ രംഗത്തെ ഭാസിയുടെ അനുഭവസമ്പത്തിന്റെ കരുത്താണ്.

 



source http://www.sirajlive.com/2021/07/02/486983.html

Post a Comment

أحدث أقدم