മരണഭീതി അകന്നോ? സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയാത്തതിന് കാരണമെന്ത്?

കോഴിക്കോട് | മരണ ഭീതിയകന്നതോടെ കൊറോണ നിയന്ത്രണങ്ങള്‍ക്കു ജനം വിലകല്‍പ്പിക്കാതായെന്നും ഇതാണ് കേരളത്തില്‍ കൊവിഡ് വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ തടയാനാകാത്തതിനു പ്രധാനകാരണമെന്നും വിലയിരുത്തല്‍.
നേരത്തെ മരണ നിരക്ക് വളരെ കുറവായിരുന്നപ്പോള്‍ ഉണ്ടായ കരുതല്‍ ഇപ്പോഴില്ല. മരണ വാര്‍ത്തകള്‍ സൃഷ്ടിച്ച മരവിപ്പായിരിക്കാം ഇതിനു കാരണം. മരിക്കുന്നവരില്‍ യുവാക്കളും വന്‍തോതില്‍ ഉള്‍പ്പെടുന്നു. നേരത്തെ ‘ഭയം വേണ്ട ജാഗ്രത മതി’ എന്നായിരുന്നു പ്രഖ്യാപനം. ഇപ്പോള്‍ ഭയവും ജാഗ്രതയും നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്ന് ഐ എം എയുടെ വിദഗ്ധന്‍ ഡോ. അജിത് ഭാസ്കർ സിറാജ് ലൈവിനോടു പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി (ടി പി ആര്‍) നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്.
ഇതില്‍ പ്രധാനപ്പെട്ടത് കേരളത്തിലെ ജനസാന്ദ്രതയാണ്. ചൂരുങ്ങിയ സ്ഥലത്ത് കൂടുതല്‍ പേര്‍ കഴിയുന്ന സംസ്ഥാനം എന്ന അവസ്ഥ കേരളത്തിലെ ആരോഗ്യ വ്യാപനത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടില്‍ ഇരിക്കുമ്പോള്‍ രോഗവ്യാപനം കുറയുകയും ലോക് ഡൗണില്‍ ഇളവു വരുമ്പോള്‍ രോഗവ്യാപനം കൂടുകയും ചെയ്യുന്ന പ്രവണതയാണ് കേരളത്തില്‍ കാണുന്നത്. പുറത്തിറങ്ങാന്‍ കിട്ടുന്ന അവസരങ്ങളില്‍ മുന്‍കരുതലുകള്‍ വ്യാപകമായി അവഗണിക്കപ്പെടുന്നു. ബിവറേജസിലും പച്ചക്കറിക്കടകളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെടുന്നു. ഇവിടെയൊന്നും ഫലപ്രദമായി മാസ്‌ക്കു ധരിക്കുന്നില്ല. മധ്യവസ്‌കര്‍പോലും വായ മാത്രം മൂടുന്ന നിലയിലാണ് ഇപ്പോഴും മാസ്‌ക് ധരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിലെ അനാസ്ഥയാണ് സാമൂഹിക വ്യാപനത്തിലേക്കു നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെല്‍റ്റ വെെറസ് വ്യാപനം കൂടുതലും നടക്കുന്നതു വീട്ടിനുള്ളില്‍ വെച്ചാണ്. വീട്ടില്‍ ആരും മാസ്‌ക് ധരിക്കുന്നില്ല. എന്നാല്‍ പുറത്തുപോയി വരുന്ന ആള്‍ ഒരു സുരക്ഷയും പാലിക്കാതെയാണ് വീട്ടില്‍ പെരുമാറുന്നത്. പോസിറ്റീവായ പലരും വീട്ടില്‍ നിന്നു പുറത്തിറങ്ങാത്തവരാണെന്നാണ് അനുഭവം. പുറത്തു പോകുന്ന ആള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അയാളില്‍ വലിയ ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം കടന്നു പോകും. എന്നാല്‍ ഇയാള്‍ രോഗം കൈമാറിയ മറ്റ് അംഗങ്ങള്‍ക്ക് ഇതു രൂക്ഷമാവാം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്തത് ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌ക് ധരിക്കില്ല എന്നതും ഭക്ഷണം കഴിക്കുമ്പോള്‍ തെറിക്കുന്ന ഉമിനീര്‍ വഴി രോഗ വ്യാപനം വര്‍ധിക്കും എന്നതിനാലുമാണ്.

നമ്മുടെ ലോക്ക് ഡൗണ്‍ രീതികളും ജനങ്ങളെ കൂട്ടം കൂടാന്‍ പ്രേരിപ്പിക്കുന്നതാണ്. ശനിയും ഞായറും ലോക്ക്ഡൗണ്‍ ആണെന്നതിനാല്‍ വെള്ളിയാഴ്ച കടകളിലെല്ലാം ജനങ്ങള്‍ വന്‍തോതില്‍ കൂട്ടം കൂടുന്നു. ഇത്തരം കൂട്ടങ്ങളിലൊന്നും പലരും ശരിയായി മാസ്‌ക് ധിരിക്കുന്നില്ല. ആള്‍ക്കൂട്ടത്തില്‍ നിന്നു സംസാരിക്കുമ്പോള്‍ പലരും മാസ്‌കം സ്പര്‍ശിക്കും. ഇതുവഴി വളരെ വേഗം രോഗം വ്യാപിക്കും. രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ ഇനി രോഗം വരില്ലെന്ന ധൈര്യത്തിലാണ് പൊതു ഇടങ്ങളില്‍ പെരുമാറുന്നത്. എഴുപതു ശതമാനത്തോളം പേര്‍ക്കും കുത്തിവെപ്പു നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ സ്വാഭാവിക പ്രതിരോധം എന്ന പ്രതിഭാസം സാധ്യമാവു എന്ന കാര്യം ഇവര്‍ ഗൗനിക്കുന്നില്ല. ഇത്തരം സ്ഥലങ്ങളില്‍ നിന്നു രോഗം വാങ്ങിയാണ് മിക്കവറും വീട്ടില്‍ വിതരണം ചെയ്യുന്നത്. കൊവിഡ് വന്നവര്‍ക്കു വീണ്ടും വരില്ലെന്ന തെറ്റായ ധാരണയും പലരും വച്ചു പുലര്‍ത്തുന്നു.

നിയന്ത്രണങ്ങളെ എങ്ങിനെ മറികടക്കാമെന്നാണ് എല്ലാവരും ശ്രമിക്കുന്നത്. വിവാഹത്തിന് 50 പേര്‍ എന്നു പറഞ്ഞാല്‍ എല്ലാ സമയത്തും 50 പേര്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥയാണുണ്ടാവുന്നത്. ജോലിക്കും മറ്റും പുറത്തുപോയി വരുന്നവര്‍ വസ്ത്രങ്ങളും മാസ്‌കും കുളിമുറിയില്‍ സോപ്പിട്ടു വച്ച ശേഷം കുളികഴിഞ്ഞേ വീട്ടില്‍ പ്രവേശിക്കാവു എന്ന ജാഗ്രത കൈമോശം വന്നിരിക്കുന്നു. കേരളത്തില്‍ പൊതുവെ സഞ്ചാരം കൂടുതലാണ്. ജോലിക്കും മറ്റുമായി ഏറെ യാത്ര ചെയ്യുന്നവരാണ് ഏറെയും. ഇതു രോഗ ബാധ പടരാന്‍ ഇടനല്‍കുന്നു. ഒരുബസ്സില്‍ ഒരു രോഗിയുണ്ടെങ്കില്‍ എല്ലാവരിലും വൈറസ് ബാധക്ക് അതുമതി. മൊബൈല്‍ ഫോണിന്റെ ഉപയോഗവും വൈറസ് ബാധക്ക് വലിയ കാരണമാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മിക്കപേരും മാസ്‌ക് താഴ്തുന്നു.

ജനിതകമാറ്റം വന്ന വൈറസ് കൂടുതല്‍ അപകടകാരിയാണെന്നും മരണത്തിലേക്കു നയിച്ചേക്കാമെന്നുമുള്ള ബോധം ജനങ്ങളെ ചിന്തിപ്പിക്കുന്നില്ല. എല്ലാ വ്യാപാര കേന്ദ്രങ്ങളും തുറക്കാന്‍ വേണ്ടി സമരം നടക്കുകയാണ്. എല്ലാവര്‍ക്കും ജീവിത പ്രശ്‌നമുണ്ട്. കടകള്‍ തുറക്കാനാവാത്ത വ്യാപാരികളെ സഹായിക്കാന്‍ പദ്ധതി തയ്യാറാക്കുകയല്ലാതെ വ്യാപാര കേന്ദ്രങ്ങള്‍ പഴയ പടി തുറക്കുന്നത് രോഗ വ്യാപനം കൂട്ടും.

കേസുകള്‍ കുറയുമ്പോഴും മരണ നിരക്കു കൂടുന്നു എന്ന പ്രവണത പലരും പറയുന്നു. എന്നാല്‍ കേസുകള്‍ കുറയുകയല്ല. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുകയാണ്. രോഗം ഗുരുതരമാകുമ്പോഴേക്കു ടെസ്റ്റ് നെഗറ്റീവായിരിക്കും എന്നേയുള്ളൂ. മരണത്തിലേക്കു നയിക്കുന്നത് ഏറെയും ന്യുമോണിയയാണ്. വിദഗ്ധ ഡോക്ടര്‍മാരില്ലാത്ത ആശുപത്രികളിലാണ് ഇത്തരക്കാര്‍ ചികിത്സ തേടുന്നത്. ചികിത്സയില്‍ വിദഗ്ധര്‍ പറയുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങളേയാണു പലരും ആശ്രയിക്കുന്നത്. സ്വയം ചികിത്സ അപകടമുണ്ടാക്കുന്നു. ചിലര്‍ പ്രതിരോധം വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നു. പ്രതിരോധം ഉയര്‍ത്തുന്ന ഒരു ചികിത്സയും മോഡേണ്‍ മെഡിസിന്‍ മുന്നോട്ടു വയ്ക്കുന്നില്ല. കൊവിഡ് അനന്തര ചകിത്സ എന്ന പേരില്‍ ആശുപത്രികളില്‍ എത്തുന്നവരെല്ലാം രോഗം പടര്‍ത്താന്‍ കഴിയുന്നവരാണ എന്നും ഡോ. അജിത്ത് ഭാസ്കർ പറയുന്നു.



source http://www.sirajlive.com/2021/07/08/487829.html

Post a Comment

أحدث أقدم