കോഴിക്കോട് | ബി ജെ പി ഉള്‍പ്പെട്ട കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ബലിദാനി പരിവേഷം നല്‍കി രക്ഷാകവചമൊരുക്കാന്‍ ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. പാര്‍ട്ടിയിലേയും സംഘ്പരിവാര്‍ നേതൃത്വത്തിലേയും എതിര്‍പ്പുകളെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ‘ജനനായകനെ വേട്ടയാടാന്‍ വിട്ടുതരില്ല’ എന്ന പേരില്‍ ഇന്നലെ ബി ജെ പി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഇരവാദം ഉയര്‍ത്താനുള്ള നീക്കമാണെന്ന് വിമത പക്ഷം ആരോപിക്കുന്നു.
പാര്‍ട്ടിയില്‍ കൃഷ്ണദാസ്- ശോഭാ സുരേന്ദ്രന്‍ പക്ഷം നേതൃമാറ്റത്തിനായി മുറവിളികൂട്ടിക്കൊണ്ടിരിക്കെ കഴിഞ്ഞ ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ആര്‍ എസ് എസ് പ്രചാരക് ബൈഠക്കും നേതൃമാറ്റമില്ലെങ്കില്‍ കേരളത്തില്‍ ബി ജെ പി നശിക്കുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ സ്വതന്ത്ര അന്വേഷണ ഏജന്‍സിയും കേരളത്തില്‍ നേതൃമാറ്റം ആവശ്യമാണെന്ന റിപ്പോര്‍ട്ട് നല്‍കിതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു നേതൃത്വം. ഇങ്ങനെ സ്ഥാനമൊഴിയാന്‍ നാലുപാടു നിന്നും സമ്മര്‍ദ്ദം രൂക്ഷമാകുന്നതിനിടെയാണ് കുഴല്‍പ്പണക്കേസില്‍ ബി ജെ പി അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്.
സുരേന്ദ്രന്‍ മാറിയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പറ്റിയ മറ്റൊരാള്‍ ഇല്ലെന്നു സ്ഥാപിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമമാണ് കുറിപ്പെന്നു മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിലെ പ്രധാന വാചകങ്ങള്‍ ഇങ്ങനെ:
തങ്ങള്‍ക്ക് മെരുങ്ങാത്ത സുരേന്ദ്രനെ തകര്‍ക്കുക എന്നതാണ് മാര്‍കിസ്റ്റു ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാല്‍ കാറും കോളും കണ്ടാല്‍ വിറക്കുന്ന കപ്പിത്താനല്ല കെ സുരേന്ദ്രന്‍. ഈ പോരാട്ടത്തില്‍ സുരേന്ദ്രന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ല. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള പിണറായിയുടെ ഏകാധിപത്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ന് കേരളത്തില്‍ സുരേന്ദ്രനു മാത്രമേ സാധിക്കൂ.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ഇത്രയേറെ കാതോര്‍ത്ത മറ്റൊരു നേതാവും കേരളത്തില്‍ ഉണ്ടായിട്ടില്ല. സി പി എമ്മും സര്‍ക്കാരും ബി ജെ പി അധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ശബരിമല പ്രക്ഷോഭകാലത്തും ഇത്തരത്തിലുള്ള വേട്ട നടത്തി. അന്ന് സുരേന്ദ്രനെ ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടായിരുന്നു. 250 ഓളം കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.
ശബരിമല സമരത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചതോടെ സുരേന്ദ്രന്‍ ഹൈന്ദവവിശ്വാസികളുടെ പ്രിയങ്കരനായി മാറി. കെ.എസ് എന്നത് ഒരു ബ്രാന്‍ഡായി മാറാന്‍ ശബരിമല സമരം കാരണമായി. അന്നത്തെ വേട്ടയാടലിന് സമാനമായാണ് പിണറായി വീണ്ടും സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നത്. കൊടകര കവര്‍ച്ചാക്കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ ആവുന്നത്ര ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ മകനെ പോലും അതിലേക്ക് വലിച്ചിഴച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു തെളിവിന്റെയും പിന്തുണയില്ലാതെ ക്രൂശിച്ചു. കൊടകര നനഞ്ഞ പടക്കമായതോടെ മഞ്ചേശ്വരത്തെ സുന്ദരയുടെ പിന്നാലെയായി പൊലീസ് …. ഇങ്ങനെ നീളുന്നു കുറിപ്പ്.
പ്രസ്താവനയിലെ ഓരോ പ്രയോഗവും കെ സുരേന്ദ്രനെ പ്രസിഡന്റ് പദവിയില്‍ നിന്നു മാറ്റരുത് എന്ന ആവശ്യം ഉറപ്പിക്കുന്നതാണ്. സുരേന്ദ്രനെ മാറ്റുന്നത് സി പി എമ്മിനെ സഹായിക്കുന്ന നീക്കമായിരിക്കുമെന്നും സുരേന്ദ്രനു പകരം ആ സ്ഥാനം വഹിക്കാന്‍ പാര്‍ട്ടിയില്‍ സമാനനായ ഒരാള്‍ ഇല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ബുധനാഴ്ച കൊച്ചി ഭാസ്‌കരീയത്തില്‍ ചേര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍മാരുടെ വാര്‍ഷികയോഗവും കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയതോടെ കെ സുരേന്ദ്രന്‍ പക്ഷം ആശങ്കയിലായിരുന്നു. ചില നേതാക്കളെ പ്രീതിപ്പെടുത്തുന്നവര്‍ക്കാണ് ബി ജെ പിയില്‍ പദവികളെന്നും സ്വന്തം സാമ്പത്തിക ശേഷി ഉയര്‍ത്താനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും തലമുറകളായി ആര്‍ജിച്ച കരുത്തും സല്‍പ്പേരും ചോരുകയാണെന്നും ആയിരുന്നു ആരോപണം. നിലവിലുള്ള നേതൃത്വത്തെ വാഴിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസ് നേതാക്കള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. കോഴ ആരോപണം നേരിടുന്ന ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ തിരിച്ചുവിളിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
source http://www.sirajlive.com/2021/07/03/487188.html
إرسال تعليق