കൊളോണിയലിസത്തിന്റെ മതമെന്തായിരുന്നു? ജാതിയെന്തായിരുന്നു? അധിനിവേശം രാഷ്ട്രീയവും സാമ്പത്തികവുമായ പിടിച്ചടക്കൽ മാത്രമാണോ? മതപരമായ ലക്ഷ്യങ്ങളും ഉള്ളടക്കവും അധിനിവേശത്തിനുണ്ടായിരുന്നില്ലേ? സാംസ്‌കാരിക വംശഹത്യയുടെ നടത്തിപ്പുകാരായി കത്തോലിക്കാ സഭ മാറിയതെങ്ങനെയാണ്? ചരിത്രത്തിലെ തെറ്റുകൾക്കുള്ള പ്രതിക്രിയ വർത്തമാന കാലത്തെ വെറും മാപ്പു പറച്ചിലിൽ ഒതുക്കാവുന്നതാണോ? ഇത്തരത്തിൽ നിരവധിയായ ചോദ്യങ്ങുയർത്തുന്നുണ്ട്, കാനഡയിലെ റസിഡൻഷ്യൽ സ്‌കൂൾ കോമ്പൗണ്ടുകളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങൾ. തദ്ദേശീയ ഗോത്ര വർഗക്കാരുടെ മക്കളെ പിടിച്ചു കൊണ്ടുപോയി മതപരിവർത്തനം നടത്തി, ഇംഗ്ലീഷ് സംസ്‌കാരം പഠിപ്പിച്ച്, പുതിയ അധികാരികളുടെ അന്തസ്സിനൊത്ത യോഗ്യൻമാരാക്കാനായി കത്തോലിക്കാ സഭയും ഭരണകൂടവും നടത്തിയ ക്രൂരതകളുടെ കഥകൾ വിളിച്ചു പറയുന്നു ഈ കുഴിമാടങ്ങൾ.
ആ കുഞ്ഞുങ്ങൾ തീർക്കുന്ന നിശ്ശബ്ദതക്ക് അട്ടഹാസത്തിന്റെ മുഴക്കമുണ്ട്. ആസ്‌ത്രേലിയയിൽ, അമേരിക്കയിൽ, ജർമനിയിൽ, ബ്രിട്ടനിൽ, ഫ്രാൻസിൽ… വെള്ളക്കാരൻ മണ്ണും മനസ്സും കൊള്ളയടിക്കാൻ നടത്തിയ ബലപ്രയോഗങ്ങളുടെ ഇരകൾ എല്ലായിടത്തുമുണ്ട്. ഇന്ത്യയിലെ ആര്യൻ അധിനിവേശത്തിൽ തകർന്നു വീണ ബുദ്ധവിഹാരങ്ങൾക്കും ശവക്കൂമ്പാരങ്ങൾക്കും മുകളിലാണല്ലോ ഹിന്ദുത്വ വില്ലു കുലച്ച് നിൽക്കുന്നത്. ആട്ടിയോടിക്കപ്പെട്ടവർ, കൊല്ലപ്പെട്ടവർ, സ്വന്തം മണ്ണിൽ അന്യരാക്കപ്പെട്ടവർ. ഇവരുടെയെല്ലാം കണ്ണീരും ചോരയും കുതിർക്കാതെ ഒരു മണ്ണും ഒരു അധിനിവേശക്കാരനും കീഴ്‌പ്പെട്ടിട്ടില്ല. ഇന്ന് ആഗോള അധികാരവും അർഥവുമായി വൻ ശക്തികളായി നിലകൊള്ളുന്നവരുടെയെല്ലാം ഇരിപ്പിടങ്ങളുടെ ചുവട്ടിൽ നിന്ന് പേരറിയാത്ത കുഞ്ഞുങ്ങൾ പിറുപിറുക്കുന്നുണ്ട്.
“അൺമാർക്ക്ഡ് ഗ്രേവ്‌സ്’ എന്നാണ് കാനഡയിലെ റസിഡൻഷ്യൽ സ്‌കൂളുകളിൽ കണ്ടെത്തിയ കുഴിമാടങ്ങളെ വിശേഷിപ്പിക്കുന്നത്. ആരുടേതെന്നറിയില്ല. ഇവർ എങ്ങനെ മരിച്ചുവെന്നുമറിയില്ല. ചോദിക്കാൻ ശബ്ദമില്ലാത്ത ഗോത്രവർഗക്കാരന്റെ കുഞ്ഞ് അപ്രത്യക്ഷമാകുന്നത് ആരെയും അലോസരപ്പെടുത്തിയിട്ടില്ല. സ്‌കൂളിൽ താമസിച്ച് പഠിക്കാൻ പോയവർ തിരിച്ചു വന്നില്ല, അത്രതന്നെ.
കാനഡയിലെ ഈ റസിഡൻഷ്യൽ സ്‌കൂൾ സംവിധാനത്തിലെ 70 ശതമാനവും നടത്തിയിരുന്നത് കത്തോലിക്കാ സഭയായിരുന്നു. ബാക്കിയുള്ളവ ആംഗ്ലിക്കൻ സഭയും യുനൈറ്റഡ് ചർച്ചും. 1997 മുതൽ ഇവ പഴയ മതപരിവർത്തന ദൗത്യത്തിൽ നിന്ന് പിൻവാങ്ങിയിരിക്കുകയാണ്. പലതും അടച്ചുപൂട്ടി. ആദിവാസി കുട്ടികൾക്കെതിരെ നടന്ന ക്രൂരതകൾ അന്വേഷിക്കുന്ന വസ്തുതാന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം റഡാർ സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കുട്ടികളെ കൊന്ന് കുഴിച്ചിട്ടത് തെളിയുകയായിരുന്നു. നേരത്തേ തന്നെ ഇത്തരം കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും ഇത്തവണ അത് വലിയ ചർച്ചക്ക് തിരികൊളുത്തി. ജൂലൈ ഒന്നിന് നടക്കേണ്ടിയിരുന്ന കനേഡിയൻ ദേശീയ ദിനം ആയിരങ്ങൾ ബഹിഷ്‌കരിച്ചു. രാജ്യം പ്രക്ഷോഭഭരിതമായി. ഗോത്രവർഗ നേതാക്കളെ പോപ്പ് ചർച്ചക്ക് ക്ഷണിച്ചു. ദൂരെയിരുന്ന് മാപ്പിരന്നാൽ പോര, കാനഡയിൽ നേരിട്ടെത്താൻ ധൈര്യമുണ്ടോയെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പോപ്പിനെ വെല്ലുവിളിച്ചു. കാലം എന്നെങ്കിലുമൊരിക്കൽ സകലതിനും കണക്കു ചോദിക്കുമല്ലോ.
1899 മുതൽ 1997 വരെ സസ്‌കാച്ചുവാൻ പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്ന റസിഡൻഷ്യൽ സ്‌കൂളിൽ നിന്നാണ് കഴിഞ്ഞ മാസം 600ലേറെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നാലെ ബ്രിട്ടീഷ് കൊളംബിയയിലെ മറ്റൊരു സ്‌കൂളിൽ നിന്ന് 215 മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ നൂറ്റാണ്ടിൽ ഒന്നരലക്ഷത്തിലേറെ ആദിവാസി, ഗ്രോത വിഭാഗ കുട്ടികളെ ഇത്തരം റസിഡൻഷ്യൻ സ്‌കൂളിലേക്ക് നിർബന്ധപൂർവം പഠനത്തിന് അയച്ചുവെന്നാണു കണക്ക്. ഇവരിൽ ആയിരക്കണക്കിന് കുട്ടികൾ പഠനകാലത്തു മരിച്ചു. ആദിവാസിക്കുട്ടികൾ നേരിട്ട പീഡനങ്ങൾക്ക് 2008ൽ കാനഡ ഔദ്യോഗികമായി മാപ്പു പറഞ്ഞെങ്കിലും ഈ കുട്ടികൾക്ക് എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്.
ദൈവത്തിന്റെ പ്രതിപുരുഷൻമാരെന്ന് അവകാശപ്പെടുന്നവർ മേൽനോട്ടം വഹിക്കുന്ന സ്‌കൂളുകളിൽ എന്തുകൊണ്ടാണ് ഈ കുട്ടികൾ കൊല്ലപ്പെട്ടതെന്ന ചോദ്യം കാര്യമായി ഉയർന്നു വന്നതേയില്ല. ഇത്തവണ പക്ഷേ, സ്ഥിതി മാറി. പ്രക്ഷോഭകാരികൾ ചർച്ചുകൾക്ക് കല്ലെറിഞ്ഞു. ചിലതിന് തീയിട്ടു. സഭാ നേതൃത്വം നടത്തുന്ന മുഴുവൻ സ്‌കൂൾ സമുച്ചയങ്ങളും ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥിതി വന്നു. മതപരിവർത്തനത്തിനായുള്ള ബലപ്രയോഗങ്ങളുടെ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തു വന്നു. അതോടെ, പുതിയ മരണ കാരണങ്ങൾ തേടിയുള്ള അന്വേഷണത്തിലായി സഭ. എത്ര വിദഗ്ധമായാണ് മരണ കാരണം കണ്ടെത്തിയിരിക്കുന്നതെന്ന് വ്യക്തമാകാൻ ഒരു സഭാ വെബ്‌സൈറ്റിൽ വന്ന ഈ വാർത്താ ശകലം വായിക്കാം: “ഒരാഴ്ചക്കിടെ കാനഡയിൽ അഞ്ച് കത്തോലിക്കാ ദൈവാലയങ്ങൾ ഉൾപ്പെടെ ആറ് ദൈവാലയങ്ങൾ അഗ്‌നിക്കിരയായ സാഹചര്യത്തിൽ വിശ്വാസികൾ വർധിത ആശങ്കയിലാണ്. പ്രവർത്തനം നിർത്തിയ കത്തോലിക്കാ റസിഡൻഷ്യൽ സ്‌കൂളുകളിൽനിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ദൈവാലയങ്ങൾക്കും തിരുസ്വരൂപങ്ങൾക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമായത്. രണ്ട് റസിഡൻഷ്യൽ സ്‌കൂളുകൾക്ക് സമീപത്തു നിന്ന് ആയിരത്തിൽപ്പരം കുഴിമാടങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങളിൽ ഭൂരിപക്ഷവും തദ്ദേശീയ (ഗോത്രവർഗ) കുട്ടികളുടേതാണ്.സഭയുടെ മേൽനോട്ടത്തിലുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ കുട്ടികളെ പീഡിപ്പിച്ചുകൊന്നു എന്ന വിധത്തിൽ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും മരണകാരണവും മറ്റും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗോത്രജനതയുടെ സ്വാഭാവിക പരിതസ്ഥിതിയിൽനിന്നും മാറ്റിയത് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ മുതൽ, അക്കാലത്ത് ചികിത്സാവിധികൾ, അന്യമായിരുന്ന രോഗങ്ങൾ വരെയുള്ളവ മരണകാരണമായിട്ടുണ്ടോ എന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു. കൊലയാളി രോഗം എന്ന് കുപ്രസിദ്ധിനേടിയ ക്ഷയവും വസൂരിയും വരെയുള്ള പകർച്ചവ്യാധികൾ അനേകരെ കൊന്നൊടുക്കിയ കാലഘട്ടം കൂടിയാണിത്. വസ്തുതകൾ ഇങ്ങനെയായിരിക്കേ, റസിഡൻഷ്യൽ സ്‌കൂളുകളിൽ കൊടുംപീഡനങ്ങൾ നടന്നെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയരുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്’
വേണം, വ്യക്തത വേണം. കൊലയാളി രോഗമാണ് പ്രശ്‌നമെങ്കിൽ ഈ കുട്ടികളുടെ മരണം എന്തിന് മറച്ചു വെച്ചു? അതിന് ഒരു റെക്കോർഡും ഇല്ലാതെ പോയതെങ്ങനെ? തോക്കു ചൂണ്ടിയും കത്തി കാണിച്ചും കുടുംബാംഗങ്ങളെയും ഗ്രാമവാസികളെയും പേടിപ്പിച്ച് നിർത്തി കുട്ടികളെ പിടിച്ചു കൊണ്ടുവരും. പോലീസും പട്ടാളവുമാണിത് ചെയ്യുക. പഠിപ്പിച്ച് പരിഷ്‌കൃതരാക്കാനുളള ചെലവ് സർക്കാർ നൽകും. മര്യാദ പഠിപ്പിക്കാനുള്ള ഇത്തരവാദിത്വം ചർച്ചിനാണ്. സ്വന്തം ഭാഷ സംസാരിക്കാൻ അവരെ അനുവദിക്കില്ല. സ്വന്തം ഭക്ഷണം നൽകില്ല. ഗോത്രാചാരങ്ങൾ അനുവദിക്കില്ല. എല്ലാ അർഥത്തിലും പരിവർത്തിപ്പിച്ച് അവരെ ഊരുകളിലേക്ക് അയക്കും, മുതിർന്നവരെ സ്വന്തം വിശ്വാസങ്ങളിൽ നിന്നും സംസ്‌കാരത്തിൽ നിന്നും അകറ്റാൻ. കൗമാരക്കാരിൽ ചിലർ ആത്മഹത്യ ചെയ്തു. ചിലർ ഒളിച്ചോടി ഗ്രാമത്തിലെത്തി. അവരെ രായ്ക്കുരാമാനം വളഞ്ഞിട്ട് പിടിച്ച് തിരിച്ചെത്തിച്ചു. സഹികെട്ട് ചിലർ അക്രമാസക്തരായി. സ്‌കൂളിൽ വലിയ സംഘർഷം അരങ്ങേറി. അരുംകൊലകളും. ഈ സംവിധാനത്തെ സ്‌കൂൾ എന്ന് വിളിക്കുന്നത് ചരിത്രവിരുദ്ധമാണ്. അവ ജയിലുകളായിരുന്നുവെന്ന് സിൻഡി ബ്ലാക്‌സ്റ്റോക്ക് പറയുന്നു. മോൺട്രിയാൽ മക്ഗിൽസർവകലാശാലാ പ്രൊഫസറും ഗോത്രവർഗ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ ഡയറക്ടറുമാണ് അവർ. ഇവിടെ നടന്നത് “കൾച്ചറൽ ജെനോസൈഡ്’ ആണെന്ന് ഈ റസിഡൻഷ്യൽ സ്‌കൂളുകളെ കുറിച്ച് പഠിക്കാൻ 2008ൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ട്രുത്ത് ആൻഡ് റികൺസിലിയേഷൻ റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന ഈ രേഖയിൽ പറയുന്ന 94 നിർദേശങ്ങളിൽ കാൽ ഭാഗം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. റികൺസിലിയേഷൻ കമ്മീഷന് മുമ്പാകെ തെളിവ് നൽകിയ ചില മുൻ വിദ്യാർഥികൾ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൗമാര പ്രായത്തിലെത്തിയ പെൺകുട്ടികളെ പുരോഹിതൻമാർ ലൈംഗികമായി പീഡിപ്പിക്കുക പതിവായിരുന്നുവത്രേ. ഗർഭിണികളായവരും നിരവധിയുണ്ട്. ഹോസ്റ്റലിൽ പ്രസവിച്ച ഇവരിൽ നിന്ന് കുഞ്ഞുങ്ങളെ അകറ്റും. ഒടുവിൽ കൊല്ലും.
2008ൽ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച കനേഡിയൻ ഫെഡറൽ ഭരണകൂടം പക്ഷേ, കുട്ടികൾക്കായുള്ള തിരച്ചിൽ ഏറ്റെടുത്തില്ല. പകരം അത് ഗേത്ര വർഗക്കാരെ തന്നെ ഏൽപ്പിച്ചു. സ്വന്തം മക്കളുടെ എല്ലിൻ കഷ്ണമോ ഒരു മുടിനാരോ കണ്ടെത്താൻ സ്‌കൂൾ കോമ്പൗണ്ടിൽ കുഴിയെടുക്കുന്ന മനുഷ്യർ! എത്ര ഭീകരമായ കാഴ്ചയാണത്. മറഞ്ഞു പോയവരെ നമുക്ക് തിരിച്ചു കൊണ്ടുവരാനാകില്ല. എന്നാൽ അവരുടെ ഓർമകളെ നാം പിന്തുടരും. ആ സ്മരണകളെ നാം ബഹുമാനിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുന്നത്. എന്നാൽ ട്രൂഡോയുടെ ഈ വാക്കുകൾ വിശ്വസിക്കാൻ കാനഡയിലെ റെഡ് ഇന്ത്യൻ സമൂഹം തയ്യാറല്ല. കാരണം, പൊതു മണ്ഡലത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തൽ ഇപ്പോഴും അവർ അനുഭവിക്കുകയാണ്. നിയമത്തിനു മുന്നിലും അവസരങ്ങളിലും അവർ കടുത്ത വിവേചനം നേരിടുന്നു. പരമ്പരാഗത ഗോത്ര മതാചാരങ്ങളും ആത്മീയതയും ഉപേക്ഷിച്ച് ക്രിസ്തുമതത്തിൽ ചെന്നിട്ടും അവർക്ക് തെമ്മാടിക്കുഴി തന്നെയാണ് കിട്ടുന്നത്. രാജ്യത്തെ ജയിലിൽ 30 ശതമാനം ഗോത്ര സമൂഹങ്ങളിൽ നിന്നുള്ളവരാണ്. അവരുടെ ജനസംഖ്യ വെറും അഞ്ച് ശതമാനവും. തൊഴിലിലും വിദ്യാഭ്യാസത്തിലും കടുത്ത വിവേചനം തുടരുന്നു. ഡിസംബറിൽ പോപ്പ് ഗോത്രവർഗ പ്രതിനിധികളെ റോമിൽ കാണുന്നുണ്ടല്ലോ. എന്താവും അദ്ദേഹം അവരോട് പറയുക.
കൊളോണിയലിസത്തിനും അധിനിവേശകർക്കും മതമുണ്ടായിരുന്നുവെന്ന് തുറന്ന് പറയുമോ? തങ്ങളുടെ അധികാര പ്രയോഗത്തിന് എതിര് നിൽക്കാനാകാത്ത വിധം തദ്ദേശീയരെ ബുദ്ധിപരമായി ഷണ്ഡീകരിക്കാൻ കൊളോണിയലിസം ഭാഷയെയും വിദ്യാഭ്യാസത്തെയും അച്ചടിയെയും ഉപയോഗിച്ചുവെന്ന് സമ്മതിക്കുമോ? ഈ തന്ത്രം പ്രാവർത്തികമാക്കാൻ ക്രിസ്ത്യൻ സഭകളെ നിയോഗിച്ചുവെന്നും മതവും രാഷ്ട്രീയവും ഒരേ ലക്ഷ്യത്തിനായി കൈകോർത്തുവെന്നും ഏറ്റു പറയുമോ? സഭാ സ്‌കൂൾ കോമ്പൗണ്ടിൽ മറഞ്ഞു പോയ കുഞ്ഞുങ്ങൾ എത്രയെന്ന് കണ്ടുപിടിക്കാൻ സമ്മർദം ചെലുത്തുമോ? പരിവർത്തിത ക്രിസ്ത്യാനികൾക്ക് തുല്യപദവി നൽകുമോ?
പിൻകുറി: എന്തിന് കാനഡ വരെ പോകണം? ലത്തീൻ- പരിവർത്തിത ക്രൈസ്തവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ സവർണ ക്രിസ്ത്യാനികൾക്കു കൂടി പങ്കുവെക്കണമെന്ന് വാദിക്കുന്ന സഭാ പ്രവർത്തകർ കേരളത്തിലുള്ളപ്പോൾ!
source http://www.sirajlive.com/2021/07/04/487267.html
إرسال تعليق