എന്തൊരു ദുരന്തമാണിത്. അധിനിവേശത്തിന്റെയും ആഭ്യന്തര സംഘർഷങ്ങളുടെയും തീവ്രവാദ പ്രവണതകളുടെയും ഇരകളായിത്തീരാൻ വിധിക്കപ്പെട്ട അഫ്ഗാൻ ജനതയുടെ ഭാവി കൂടുതൽ രക്തപങ്കിലമാകുമെന്ന യാഥാർഥ്യത്തിലേക്കാണ് കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിനടുത്ത് നടന്ന സ്‌ഫോടനം വിരൽ ചൂണ്ടുന്നത്. ഒന്നും നേടാനാകാതെ അഫ്ഗാനിൽ നിന്ന് മടങ്ങുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന് കൂടുതൽ ക്രൗര്യത്തോടെ ആക്രമണം തുടരാനുള്ള പഴുതൊരുക്കലാണോ ഈ സ്‌ഫോടനം? അതോ, യു എസ് നേതൃത്വവുമായി താലിബാൻ ഉണ്ടാക്കിയ നീക്കു പോക്കിനോട് എതിർപ്പുള്ള സായുധ ഗ്രൂപ്പുകൾ അപകടകരമായ രീതിയിൽ തിരിച്ചടി തുടങ്ങിയതാണോ? ഇതിൽ ഏത് ഉത്തരമെടുത്താലും അഫ്ഗാൻ ജനതയുടെ ഭയത്തിലും കണ്ണീരിലുമാണ് അവയെല്ലാം ചെന്ന് തറക്കുക.
ഇത്തരമൊരു ആക്രമണം നടക്കുന്നത് കണ്ടെത്താനാകാത്ത വിധം ദുർബലമാണ് യു എസ് ഇന്റലിജൻസ് സംവിധാനമെന്നത് ആഗോള മാധ്യമങ്ങൾ വലിയ അത്ഭൂതത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ജോ ബൈഡനെ ആക്രമിക്കാൻ യു എസിലെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ അത് ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ തൊണ്ട തൊടാതെ വിഴുങ്ങാവുന്നതല്ല ഈ ഇന്റലിജൻസ് പരാജയം. യു എസിന്റെ അഫ്ഗാൻ പിൻമാറ്റം പൂർത്തിയായിട്ടില്ല. ബഗ്രാം സൈനിക താവളം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും യു എസ് സൈനിക സാന്നിധ്യം ഇപ്പോഴും അഫ്ഗാനിലുണ്ട്. സൈനിക ദൗത്യം അവസാനിച്ചുവെന്ന് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. സുരക്ഷിതമായ ഒഴിപ്പിക്കലിന് പിന്തുണ നൽകാനുള്ള ഉത്തരവാദിത്വം അവശേഷിക്കുന്ന സൈനികർക്ക് നൽകിയിട്ടുണ്ടെന്നാണ് പെന്റഗൺ വ്യക്തമാക്കുന്നത്. എന്നിട്ടും കാബൂൾ വിമാനത്താവളത്തിനടുത്ത് ജനങ്ങൾക്കിടയിൽ ചാവേറുകൾക്ക് പൊട്ടിത്തെറിക്കാൻ സാധിച്ചുവെന്നതും ഒരു ഡസനിലധികം യു എസ് സൈനികർ മരിച്ചുവെന്നതും എങ്ങനെയാണ് വിശദീകരിക്കാനാകുക.
യു എസ് അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ മറ്റ് രാജ്യങ്ങളിൽ നുഴഞ്ഞ് കയറാൻ ഉപയോഗിക്കുന്ന പതിവു ന്യായീകരണം അവിടങ്ങളിലെ ജനങ്ങൾ സുരക്ഷാ ഭീതിയിലാണ് എന്നതാണല്ലോ. അമേരിക്കയുടെ ഭീതി ലോകത്തിന്റെതാക്കി മാറ്റും. കൂട്ട നശീകരണ ആയുധമുണ്ടെന്നോ കൊടുംഭീകരനെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നോ തീവ്രവാദ സംഘങ്ങൾക്ക് ഒളിയിടം നൽകുന്നുവെന്നോ ഉള്ള ‘ഞെട്ടിക്കുന്ന സത്യങ്ങളും’ നിരത്തി വെക്കും. ഇത്തരം സുരക്ഷാ ആഖ്യാനങ്ങൾ പൊളിയുന്നതാണ് കാബൂളിൽ കണ്ടത്. സുരക്ഷ ഒരുക്കാനുള്ള താത്പര്യമോ പ്രാപ്തിയോ ഇപ്പറഞ്ഞ ഒരു ശക്തിക്കുമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ സ്വന്തം നാട്ടിൽ തിരിച്ചെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ചിതറിത്തെറിച്ചു പോകുകയെന്ന ദുരന്തത്തിന് യു എസ് സൈനികർ കീഴടങ്ങേണ്ടി വരുമായിരുന്നില്ല. മരിച്ചു വീണ സിവിലിയൻമാരുടെ ജീവൻ വില കുറച്ചു കാണുകയല്ല. അമേരിക്ക പറയുന്ന സുരക്ഷയുടെ കവചം സ്വന്തം സൈനികർക്ക് പോലും ഒരുക്കാനാകുന്നില്ലെന്ന് പറയാനാണ് ശ്രമിച്ചത്. സത്യത്തിൽ ഈ സൈനികരും മരിച്ചു വീണ സാധാരണ മനുഷ്യരും എവിടെയോ എഴുതപ്പെടുന്ന നിഗൂഢമായ തിരക്കഥകളുടെ ഇരകളാണ്.
രക്ത രഹിതമായി കാബൂൾ പിടിക്കാൻ താലിബാന് സാധിച്ചിടത്താണ് ഈ കൂട്ടക്കുരുതി നടന്നതെന്നോർക്കണം. താലിബാന് എന്തു ചെയ്യാൻ സാധിച്ചു? അവർ ഒരുക്കിയ ചെക്‌പോയിന്റുകൾ അനായാസം കടന്നല്ലേ ചാവേറുകളെത്തിയത്. അഫ്ഗാൻ ജനത എങ്ങനെയാണ് താലിബാനെ വിശ്വസിക്കുക. നിലവിലുള്ള ഭരണ സംവിധാനം തകർത്തെറിയുമ്പോൾ ആ ജനതക്ക് നിർഭയത്വം നൽകാൻ കഴിയാത്ത ഒരു ശക്തിയെ എങ്ങനെയാണ് ന്യായീകരിക്കാനാകുക. സത്യത്തിൽ താലിബാന് ഇപ്പോൾ കൈവന്ന അധികാരം യു എസിന്റെ സമ്മാനമാണ്. ഉസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയെന്ന് പ്രഖ്യാപിച്ചത് മുതൽ അമേരിക്ക അഫ്ഗാനെ ഉപേക്ഷിച്ചു തുടങ്ങിയിരുന്നു. ബരാക് ഒബാമ സൈനികരുടെ എണ്ണം കൂട്ടിയെങ്കിലും പിൻമാറ്റത്തിന്റെ ആലോചനകൾ തുടങ്ങി വെച്ചു. യുദ്ധോത്സുകനെന്ന് കരുതപ്പെട്ട ഡൊണാൾഡ് ട്രംപ് അഫ്ഗാൻ വിഷയത്തിൽ ഉയർന്ന പ്രായോഗികവാദിയായി. ദോഹ വട്ട ചർച്ചകൾക്ക് പച്ചക്കൊടി കാട്ടി. യു എസിന് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്ന് 2001ൽ ചില ഉന്നത താലിബാൻ നേതാക്കൾ സമ്മതിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് പെന്റഗൺ പ്രഖ്യാപിച്ചത് താലിബാന്റെ മാത്രമല്ല, മുഴുവൻ തീവ്രവാദ ഗ്രൂപ്പുകളുടെയും വേരറുത്തിട്ടേ അടങ്ങൂ എന്നായിരുന്നു. 9/11 പശ്ചാത്തലത്തിൽ ജോർജ് ഡബ്ല്യു ബുഷിന്റെ രാഷ്ട്രീയ ആവശ്യമായിരുന്നു അത്. ലോകത്തിന്റെ ആവശ്യമായി അതിനെ പരിവർത്തിപ്പിക്കാൻ യു എസിന് അനായാസം സാധിച്ചതോടെ വല്ലാത്തൊരു ലെജിറ്റിമസി അഫ്ഗാൻ ദൗത്യത്തിന് കൈവന്നു.
താലിബാൻ ഭരണത്തിലെ അതിക്രമങ്ങൾ യു എസിന്റെ ക്രൂരതകളെ ന്യായീകരിക്കാനുള്ള ഉപാധിയായി മാറുകയും ചെയ്തു. സോവിയറ്റ് യൂനിയന്റെ അഫ്ഗാൻ അധിനിവേശ ഘട്ടത്തിൽ യു എസ് ആളും അർഥവും ആശയവും നൽകി വളർത്തിക്കൊണ്ടു വന്ന സായുധസംഘങ്ങളുടെ തുടർച്ച തന്നെയായിരുന്നു താലിബാൻ. സാമൂഹിക പ്രതിബദ്ധതയുള്ള മദ്‌റസാ വിദ്യാർഥികളുടെ കൂട്ടായ്മയെന്നൊക്കെ പറയുമെങ്കിലും താലിബാൻ ഒരു സായുധ സംഘമായി വളരുന്നത് സോവിയറ്റ് വിരുദ്ധതയും വഹാബിസ്റ്റ് തത്വങ്ങളും സമം ചേർത്ത് യു എസ് സൃഷ്ടിച്ച അക്രമാസക്തതയിൽ നിന്ന് ഊർജമുൾക്കൊണ്ടായിരുന്നു. അവരെ പിന്തുണച്ച ഗോത്ര വിഭാഗങ്ങൾ കൈയിലേന്തിയ ആയുധങ്ങൾ യു എസ് നൽകിയതുമായിരുന്നു. എന്നിട്ടും അമേരിക്ക താലിബാനുമായും മറ്റ് സായുധ ഗ്രൂപ്പുകളുമായും യുദ്ധം പ്രഖ്യാപിച്ചു. അത്തരം മലക്കം മറിച്ചിലുകൾക്ക് കാരണം കണ്ടെത്താൻ എത്ര രഹസ്യാന്വേഷണ റിപ്പോർട്ട് വേണമെങ്കിലും യു എസിന്റെ കൈയിലുണ്ടല്ലോ. ഒടുവിൽ അതേ താലിബാനുമായി നേർക്കു നേർ ചർച്ചക്കിരുന്ന അമേരിക്ക കത്തിയും കഴുത്തും അവരെ ഏൽപ്പിക്കുകയായിരുന്നു. ഇപ്പോൾ ഈ രാജ്യത്ത് ഒരിക്കൽ കൂടി മനുഷ്യ കബന്ധങ്ങൾ നിറയുമ്പോൾ തിരശ്ശീലക്ക് പിന്നിൽ നീക്കു പോക്കുകളുണ്ടാക്കിയ അമേരിക്കയും താലിബാനും ഒരു പോലെ കുറ്റക്കാരായി നിൽക്കുകയാണ്.
രണ്ടാം താലിബാൻ വ്യത്യസ്തമാകുമെന്ന് പറയുന്നവർക്കുള്ള രണ്ട് ഉത്തരങ്ങൾ ഈ സ്‌ഫോടനത്തിലുണ്ട്. ഒന്ന്, ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നുവെന്നത് തന്നെയാണ്. ഭയക്കേണ്ടതില്ല, ഞങ്ങൾ പഴയ താലിബാനല്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും ജനം പരക്കം പായുന്നു. വിമാനത്തിന്റെ ചിറകിൽ തൂങ്ങി നാടുവിടാൻ സാഹസപ്പെടുന്നു. എന്ത് ചക്കര വർത്തമാനം പറഞ്ഞാലും വിശ്വാസത്തിലെടുക്കാൻ സാധിക്കാത്തത്ര ദുരന്തപൂർണമായ അനുഭവങ്ങൾ താലിബാൻ ഒന്നാം വേർഷൻ അവർക്ക് സമ്മാനിച്ചിട്ടുണ്ട്. മതം മുന്നോട്ട് വെക്കുന്ന ചില അച്ചടക്കങ്ങളെ തങ്ങൾക്ക് തോന്നിയ പോൽ വ്യാഖ്യാനിച്ചും അക്രമോത്സുകമായി നടപ്പാക്കിയും ആയുധത്തിന്റെ ഭാഷയിൽ മാത്രം മനുഷ്യരോട് സംസാരിച്ചും താലിബാൻ വിതച്ച ഭയം ഇന്നും ആളിക്കത്തുന്നത് അത്‌കൊണ്ടാണ്. താലിബാൻ 2.0 എന്ന പ്രയോഗത്തിൽ തന്നെ ഒന്നാം വരവിലെ അപരാധങ്ങൾ അടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗം താലിബാനിസമാണെന്ന് കൊണ്ടാടാൻ ഇസ്‌ലാമോഫോബിക്കുകൾക്ക് അവസരമൊരുക്കുകയായിരുന്നുവല്ലോ അവർ ചെയ്തത്. മതത്തിൽ ബലാത്കാരമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ലോകത്തെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികൾ താലിബാനെ തള്ളിപ്പറയുന്നത് ഇസ്‌ലാമിന്റെ രാഷ്ട്രീയം ഇതല്ല എന്നത് കൊണ്ടു തന്നെയാണ്.
കാബൂൾ സ്‌ഫോടനം മുന്നോട്ടു വെക്കുന്ന രണ്ടാമത്തെ വസ്തുത, ഇനി താലിബാൻ വിചാരിച്ചാൽ പോലും അഫ്ഗാനിൽ സമാധാനം കൊണ്ടുവരാൻ അവർക്ക് സാധിക്കില്ല എന്നതാണ്. താലിബാനെ വെല്ലുവിളിക്കാൻ, പല കോണിൽ നിന്ന് ആയുധവും പരിശീലനവും സിദ്ധിച്ച സായുധ ഗ്രൂപ്പുകൾ രംഗത്ത് വരുമെന്നുറപ്പാണ്. ഐ എസ് കെ എന്നൊരു നാമം ഉദയം ചെയ്തു കഴിഞ്ഞു. മരിച്ചു വീണ മനുഷ്യർക്ക് മേൽ ഇനി ആ പേര് ഉയർന്നു കേൾക്കും. ഷിൻജിയാംഗിലെ മുസ്‌ലിംകളെ മര്യാദ പഠിപ്പിച്ചു കൊള്ളാമെന്ന് താലിബാൻ ക്വട്ടേഷനെടുത്തെന്നു വെച്ച് ചൈന അഫ്ഗാൻ ജനതയുടെ രക്ഷക്ക് വരുമോ? അശാന്തമായ അയൽ രാജ്യം അവർക്ക് സ്വൈരക്കേടാണെങ്കിലും ഒരു പരിധിക്കപ്പുറം ആ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ ചൈന ഇടപെടുമെന്ന് തോന്നുന്നില്ല. അതിർത്തി ഭദ്രമാക്കുകയെന്നതിനാകും ചൈനയുടെ മുൻഗണന. കമ്പോളമറിഞ്ഞു കളിക്കുന്നവരാണ് ചൈനക്കാർ. ലാഭമില്ലാത്ത ഒരു കച്ചവടത്തിനും അവരെ കിട്ടില്ല.
ഒടുവിൽ അമേരിക്ക തന്നെയാകും ചാടി വീഴുക. കൂടുതൽ അപകടകാരികളായ ഡ്രോണുകളുമായി യു എസ് തിരിച്ചു വരും. മലമടക്കുകളിലെ ഒളിത്താവളങ്ങളിലേക്ക് നുഴഞ്ഞു ചെല്ലുന്ന വിദൂര നിയന്ത്രിത ആയുധങ്ങൾ അവർ ഇറക്കും. സ്വന്തം സൈനികരെ ആകാശത്ത് മാത്രം നിർത്തി പുതിയ യുദ്ധ തന്ത്രങ്ങൾ മെനയും. ജോ ബൈഡനെതിരായ വിമർശം എത്ര രൂക്ഷമാകുന്നുവോ അത്രയും സത്വരവും ക്രൂരവുമായിരുക്കും അമേരിക്കയുടെ അടുത്ത നീക്കം. അശുഭാപ്തി വിശ്വാസം മാത്രം മുന്നോട്ട് വെക്കുന്നതിൽ ക്ഷമിക്കുക. അഫ്ഗാൻ ജനതക്ക് മേലാണ് ഈ ആയുധങ്ങളെല്ലാം പതിക്കുക. അഭയം തേടി അവർ എങ്ങോട്ട് പോകും?
source https://www.sirajlive.com/you-have-a-share-in-this-blood.html
Post a Comment