ഹരിത പിരിച്ചുവിടാൻ ലീഗിൽ സമ്മർദം; അടുത്ത യോഗങ്ങളിൽ സ്വാദിഖലി തങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യം മുന്നോട്ടു വെച്ചേക്കും

കോഴിക്കോട് | എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത പിരിച്ചുവിടാൻ മുസ്‍ലിം ലീഗിൽ കടുത്ത സമ്മർദം. സ്വാദിഖലി ശിഹാബ് തങ്ങളുടെ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് സംഘടനയെ പിരിച്ചുവിടണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യം കടുപ്പിക്കുന്നത്. എം എസ് എഫ് നേതാക്കൾക്കെതിരായ സ്ത്രീ അധിക്ഷേപ പരാതി പാർട്ടിക്ക് വലിയ തോതിൽ ക്ഷതമുണ്ടാക്കിയെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഹരിതക്കെതിരെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിനാ റഷീദ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രംഗത്തുവന്നത് ഇതിന്റെ മുന്നാടിയായാണ്. ഹരിത വനിതാ ലീഗിന്റെ പാരലൽ സംഘടനയാണോ എന്ന് ചോദിച്ച അവർ, ക്യാമ്പസിന് പുറത്തേക്ക് സംഘടന വളരേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.

പാർട്ടിയുടെ അടുത്ത യോഗങ്ങളിൽ സ്വാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ ഹരിത പിരിച്ചുവിടണമെന്ന ആവശ്യം മുന്നോട്ടു വെക്കുമെന്നാണറിയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട്. ആദ്യ ഘട്ട ചർച്ചയിൽ തന്നെ ഹരിത പിരിച്ചുവിടണമെന്ന നിർദേശമാണ് സ്വാദിഖലി തങ്ങൾ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ ഹരിതക്ക് പിന്നിൽ പാർട്ടിയിൽ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ പിന്തുണയുണ്ടെന്ന് തിരിച്ചറിഞ്ഞ് നടപടി മരവിപ്പിക്കലിൽ ഒതുക്കുകയായിരുന്നു. ഡോ. എം കെ മുനീർ, ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ് ഉൾപ്പെടെയുള്ള നേതാക്കൾ ഇതുവരെ ഹരിതയെ തള്ളിപ്പറഞ്ഞിട്ടില്ല. പാർട്ടിക്ക് പരാതി നൽകിയിട്ട് തൃപ്തികരമല്ലാത്തതിനാലായിരിക്കാം അവർ വനിതാ കമ്മീഷന് പരാതി നൽകിയതെന്ന് മുനീർ വ്യക്തമാക്കിയിരുന്നു. വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെയും അദ്ദേഹം വിമർശിച്ചില്ല. ഹരിതക്കെതിരെ എം എസ് എഫ് ദേശീയ നേതൃത്വത്തിൽ നിന്ന് കത്ത് ലഭിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള അഡ്വ. പി എം എ സലാമും വ്യക്തമാക്കിയിരുന്നു. കത്ത് നൽകിയെന്ന് ദേശീയ പ്രസിഡന്റ് ടി പി അശ്‌റഫലിയും വൈസ് പ്രസിഡന്റ്അഡ്വ. ഫാത്വിമ തഹ്‌ലിയയും വ്യക്തമാക്കിയപ്പോഴായിരുന്നു സലാം ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ നിഷേധിച്ചത്.

അതിനിടെ, ഹരിതയെ പിരിച്ചുവിടണമെന്ന ആവശ്യത്തിന് കൂടുതൽ പിന്തുണ കിട്ടാനും നവാസിനെ സംരക്ഷിച്ചു നിർത്താനും പാർട്ടിയിലെ ഒരു വിഭാഗം എം എസ് എഫ് പ്രവർത്തകരെ രംഗത്തിറക്കി. ഹരിതയിലെ പരാതിക്ക് പിന്നിൽ ദേശീയ പ്രസിഡന്റ്ടി പി അശ്‌റഫലിയാണെന്ന് ചൂണ്ടിക്കാട്ടി ഇവർ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും ഉൾപ്പെടെയുള്ളവരാണ് പരാതി നൽകിയത്. പി കെ നവാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് പരാതി വന്നതിന് പിന്നിൽ അശ്്റഫലിയാണ്. പല ഭാരവാഹികളുടെയും വ്യാജ ഒപ്പുകളോടെയാണ് പരാതി വന്നതെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ വിവാദങ്ങൾ പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് പി കെ നവാസിനെ പിന്തുണക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ, ഹരിത അവിഭാജ്യ ഘടകമാണെന്ന ആവശ്യമാണ് നവാസ് വിരുദ്ധ പക്ഷം ഉയർത്തുന്നത്. ഒന്നോ രണ്ടോ പേരിൽ നിന്ന് പെൺകുട്ടികൾ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ അതിന് സംഘടനയെ മൊത്തം അധിക്ഷേപിക്കേണ്ടതില്ലെന്നാണ് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്വീഫ് തുറയൂർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, ഹരിത വിഷയത്തിൽ മുസ്‌ലിം ലീഗിനെതിരെ വിമർശവുമായി സി പി എം രംഗത്തെത്തി. കോടിയേരി ബാലകൃഷ്ണൻ, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവരാണ് ലീഗിനെതിരെ കടുത്ത വിമർശമുന്നയിച്ചത്. ലീഗ് പ്രവൃത്തികൾ താലിബാനെ അനുസ്മരിപ്പിക്കുന്നതാണെന്നായിരുന്നു റഹീമിന്റെ ആരോപണം.

ഹരിത പ്രവർത്തകരെ അദ്ദേഹം ഡി വൈ എഫ് ഐയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഹരിത വിഷയത്തിൽ മുസ്‌ലിം ലീഗിൽ അഗാധമായ പ്രതിസന്ധിയുണ്ടെന്നായിരുന്നു കോടിയേരിയുടെ വാക്കുകൾ.



source https://www.sirajlive.com/pressure-on-the-league-to-dissolve-the-greens-at-the-next-meeting-swadikhali-and-others-including-themselves-may-put-forward-the-demand.html

Post a Comment

Previous Post Next Post