പഴയ വാഹനങ്ങള്‍ ഏറെ താമസിയാതെ നിരത്തൊഴിയും. കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പറഞ്ഞ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി (വാഹനം പൊളിക്കല്‍ നിയമം) വെള്ളിയാഴ്ച ഗുജറാത്തില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിലിറക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. 2022 ഏപ്രിലോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും, 2023 ഏപ്രില്‍ മുതല്‍ വാണിജ്യ വാഹനങ്ങള്‍ക്കും 2024 ജൂണ്‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്കും നിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കനുസരിച്ച് 20 വര്‍ഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 15 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളും നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നുണ്ട്.
കാലപ്പഴക്കം ചെന്ന എല്ലാ വാഹനങ്ങളും ഉപേക്ഷിക്കേണ്ടതില്ല. നിര്‍ബന്ധിത ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കി, അതില്‍ പരാജയപ്പെട്ടവക്ക് മാത്രമേ നിയമം ബാധകമുള്ളൂ. ടെസ്റ്റ് വിജയിക്കുകയാണെങ്കില്‍ തുടര്‍ന്നും ഓടാം. എങ്കിലും ഓരോ അഞ്ച് വര്‍ഷത്തിലും വീണ്ടും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. ഈ പരിശോധന ചെലവേറിയതാണ്. ഏകദേശം 30,000 മുതല്‍ 40,000 രൂപ വരെ വരും ചെലവ്. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഗ്രീന്‍ സെസ്സും ഈടാക്കും. ഈ അധിക ചെലവുകള്‍ പഴയ വാഹനം ഉപേക്ഷിക്കുന്നതിന് ഉടമകളെ പ്രേരിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
വാഹനങ്ങള്‍ പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതം കുറക്കുകയും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയുമാണ് വാഹനം പൊളിക്കല്‍ നയത്തിന്റെ ലക്ഷ്യമായി പറയപ്പെടുന്നത്. ഇത് നടപ്പാകുന്നതോടെ 3.7 കോടി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ജി എസ് ടി വരുമാനത്തില്‍ 40,000 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നു. കൂടുതല്‍ ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവുമുള്ള പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ ഇത് പ്രേരിപ്പിക്കുമെന്നും പെട്രോളിയം ഇറക്കുമതിയില്‍ 10 ലക്ഷം കോടിയുടെ കുറവ് വരുത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ ഈ മേഖലയിലെ 99 ശതമാനം മെറ്റല്‍ മാലിന്യങ്ങള്‍ വീണ്ടെടുക്കാനുമാകും. ഇതുവഴി അസംസ്‌കൃത വസ്തുക്കളുടെ വില 40 ശതമാനം കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനത്തകരാര്‍ കാരണമുള്ള അപകടങ്ങളും കുറയും.
മനുഷ്യ വര്‍ഗമുള്‍പ്പെടെ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനു തന്നെ വലിയൊരു ഭീഷണിയാണ് അന്തരീക്ഷ മലിനീകരണം. ഇന്ത്യയില്‍ ഓരോ വര്‍ഷവും വായു മലിനീകരണം മൂലം നാൽപ്പതിനായിരത്തോളം പേര്‍ മരിക്കുന്നതായാണ് കണക്ക്. മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്. ഈയൊരു സാഹചര്യത്തില്‍ സ്വാഗതാര്‍ഹമാണ് വാഹനം പൊളിക്കല്‍ നയം. എന്നാല്‍ പരിസ്ഥിതി ആഘാതം കുറക്കുകയെന്നതിനപ്പുറം കോര്‍പറേറ്റ് താത്പര്യങ്ങളുമുണ്ട് ഈ നയത്തിനു പിന്നില്‍. ഈയിടെയായി രാജ്യത്ത് വാഹന വില്‍പ്പനയില്‍ വന്‍ ഇടിവാണ് അനുഭവപ്പെടുന്നത്. 20 വര്‍ഷങ്ങളിലെ ഏറ്റവും വലിയ മാന്ദ്യമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ ഉണ്ടായത്. കൊറോണ കാലത്ത് അത് പിന്നെയും വര്‍ധിച്ചു. ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ലോക്ക്ഡൗണ്‍ കാരണം വാഹന വ്യവസായം 2,300 കോടി രൂപക്ക് മുകളില്‍ വിറ്റുവരവ് നഷ്ടം നേരിട്ടതായാണ് കണക്ക്. ഈ മാന്ദ്യത്തിനൊരു പരിഹാരമാകും വാഹനം പൊളിക്കല്‍ നയം. പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് കൂടുതല്‍ പുതിയ വാഹനങ്ങള്‍ നിര്‍മിക്കാന്‍ അവസരമൊരുക്കുമെന്നാണ് വാഹന കമ്പനികളുടെ പ്രതീക്ഷ.
പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ള കേരളത്തില്‍ ദശലക്ഷക്കണക്കിനു പേര്‍ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. നിലവില്‍ സംസ്ഥാനത്ത് 1,41,84,184 വാഹനങ്ങളുണ്ട്. 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന തോതില്‍ വരുമിത്. പ്രതിവര്‍ഷം 10.7 ശതമാനം തോതിലാണ് കേരളത്തിലെ വാഹന വളര്‍ച്ച. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളും.
ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിലെ ജനങ്ങള്‍ക്ക് താങ്ങാനാകുന്നതാണോ പൊളിച്ചു കളയല്‍ നയം എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതുവരെ സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കിയ രാജ്യങ്ങളെ പരിശോധിച്ചാല്‍ മിക്കതും ലക്ഷം ഡോളറിന് മുകളില്‍ ആളോഹരി വാര്‍ഷിക വരുമാനമുള്ള വികസിത രാജ്യങ്ങളാണ്. ഇവിടങ്ങളിലെ പൗരന്മാര്‍ക്ക് ഒരു മാസത്തെ വരുമാനം കൊണ്ട് വാഹനം സ്വന്തമാക്കാന്‍ സാധിക്കും. പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുക അവര്‍ക്ക് അത്ര പ്രശ്‌നമല്ല. ഇന്ത്യയില്‍ അതല്ല സ്ഥിതി. പലരും വര്‍ഷങ്ങളോളം അധ്വാനിച്ചും സമ്പാദിച്ചുമാണ് സ്വന്തമായി ഒരു വാഹനം വാങ്ങുന്നത്. ഏതാനും വര്‍ഷത്തെ കാലപ്പഴക്കത്തിന്റെ പേരില്‍ അതുപേക്ഷിച്ചാല്‍ പുതിയതൊന്നു വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയുള്ളവര്‍ ചെറിയ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും. ഈ സാഹചര്യത്തില്‍ വെഹിക്കിള്‍ സ്‌ക്രാപ്പ് പോളിസി വാഹന നിര്‍മാണ മേഖലയില്‍, വാഹന കമ്പനികള്‍ പ്രതീക്ഷിക്കുന്നതു പോലുള്ള ഉണര്‍വ് സൃഷ്ടിക്കാന്‍ പ്രയാസമാണെന്നാണ് വിലയിരുത്തല്‍. അപ്രായോഗികവും അശാസ്ത്രീയവുമെന്നാണ് പുതിയ കേന്ദ്ര നയത്തോട് കേരള ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും പരിഗണിച്ചാകണം വാഹനങ്ങളുടെ പഴക്കം നിര്‍ണയിക്കേണ്ടത്. മലിനീകരണമാണ് പ്രശ്‌നമെങ്കില്‍ അത് കുറവുള്ള ഹരിത ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, വന്‍കിട വാഹന നിര്‍മാതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് പുതിയ നയമെന്നും കുറ്റപ്പെടുത്തി.
source https://www.sirajlive.com/true-or-false-in-vehicle-demolition-policy.html
إرسال تعليق