ചരിത്രത്തിന്റെ കാവിവത്കരണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയും വീരേതിഹാസ നായകനുമായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള 1921കളിലെ മലബാര്‍ സമരത്തിലെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്‍). നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച പാനലിന്റെ നിര്‍ദേശമനുസരിച്ചാണത്രെ ഈ നടപടി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ത്വരിതപ്പെടുത്താനും ഇന്ത്യാ ചരിത്രം ഹിന്ദുത്വവത്കരിക്കാനും ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ ഭാഗമാണ് ഐ സി എച്ച് ആറിന്റെ ഈ നടപടി. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമ്പോഴാണ് സംഘ്പരിവാറിന്റെ താത്പര്യങ്ങള്‍ക്കൊത്ത് രക്തസാക്ഷി നിഘണ്ടുവിനെ കാവിവത്കരിക്കുന്നത്.
1921ലെ മഹത്തായ മലബാര്‍ വിപ്ലവം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന പോരാട്ടമല്ലെന്നും മത പരിവര്‍ത്തനം ലക്ഷ്യമിട്ടുനടന്ന മതമൗലികവാദി പോരാട്ടമാണെന്നുമാണ് പാനലിന്റെ കണ്ടുപിടിത്തം. ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്നതായിരുന്നു മലബാര്‍ സമരമെന്നും സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്നും അവര്‍ പറയുന്നു. സമരം വിജയിച്ചിരുന്നുവെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനല്‍ വിലയിരുത്തുന്നു. വാരിയം കുന്നത്ത് ഒരു വര്‍ഗീയ വാദിയായിരുന്നുവെന്നും പാനല്‍ ആരോപിക്കുന്നു. അടുത്തിടെ നടന്ന “മലബാര്‍ വിപ്ലവ ഇരകളു’ടെ അനുസ്മരണ പരിപാടിയില്‍, മലബാര്‍ സമരം താലിബാന്‍ മനസ്സിന്റെ ആദ്യ പരസ്യപ്പെടുത്തലുകളിലൊന്നായിരുന്നുവെന്ന ആര്‍ എസ് എസ് നേതാവ് രാം മാധവിന്റെ പരാമര്‍ശം ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
സ്വാതന്ത്ര്യ സമരത്തിലെ അത്യുജ്വല അധ്യായങ്ങളിലൊന്നായിരുന്നു മലബാറില്‍ വാരിയം കുന്നന്റെ നേതൃത്വത്തില്‍ നടന്ന സമരമെന്ന് സത്യസന്ധമായ ചരിത്രങ്ങള്‍ ഒന്നടങ്കം പറയുന്നു. ബ്രിട്ടനെതിരായി അക്കാലത്ത് ജനങ്ങളെ സംഘടിപ്പിക്കുകയും ബ്രിട്ടീഷ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് കാലുകുത്താന്‍ കഴിയാത്ത ഒരു രാജ്യം സ്ഥാപിക്കുകയും ചെയ്ത കറകളഞ്ഞ ദേശസ്‌നേഹിയാണ് വാരിയം കുന്നത്ത്. ബോംബെ ജീവിതത്തിനിടെ ഗാന്ധിജിയുടെ ആശയങ്ങളോടുള്ള പ്രതിപത്തിയാണ് അദ്ദേഹത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് നയിച്ചത്. 1920 ആഗസ്റ്റില്‍ ഗാന്ധിജിയും ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ വന്‍ സമ്മേളനത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിച്ചിരുന്നു. കറകളഞ്ഞ ദേശീയ ബോധവും ബ്രിട്ടീഷ് വിരോധവുമാണ് ഇരുപതാമത്തെ വയസ്സില്‍ തന്നെ മലബാര്‍ മാപ്പിള സമരത്തിന്റെ നേതൃനിരയില്‍ വാരിയം കുന്നനെ എത്തിച്ചത്.
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം ഒരു ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടിയുള്ളതായിരുന്നില്ല. ബ്രിട്ടീഷ്‌വിരോധമായിരുന്നു അതിന്റെ മുഖമുദ്ര. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനവുമായി കൈകോര്‍ത്താണ് ഖിലാഫത്ത് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. അക്കാലത്ത് തന്നെ ജന്മിമാരുടെ ചൂഷണത്തിനെതിരെ രൂപം കൊണ്ട കുടിയാന്‍ സംഘവും ഇതിനൊപ്പം ചേര്‍ന്നു. നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, കുടിയാന്‍ സംഘം എന്നീ മൂന്ന് ധാരകള്‍ ചേര്‍ന്നതാണ് മലബാര്‍ സമരം. ഇത് മൂന്നും ബ്രിട്ടനെതിരായിരുന്നു. എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചാണ് ഈ സമരങ്ങളില്‍ അണിനിരന്നത്. എല്ലാ വിഭാഗം ജനങ്ങളോടും നീതി പുലര്‍ത്തുന്നതായിരുന്നു വാരിയം കുന്നന്റെ രാഷ്ട്രീയ കാഴ്ചപ്പാടെന്നും അദ്ദേഹം ഒരു വര്‍ഗീയ വാദിയായിരുന്നില്ലെന്നും കെ മാധവന്‍ നായരുടെ മലബാര്‍ സമര ചരിത്ര പുസ്തകം വ്യക്തമാക്കുന്നുണ്ട്. “നമുക്ക് ഹിന്ദുക്കളോട് പകയില്ല. അവരും ഈ നാട്ടുകാരാണ്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ സഹായിക്കുകയോ ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും- ഹിന്ദുവായാലും മുസ്‌ലിമായാലും- നിര്‍ദയമായി നാമവരെ ശിക്ഷിക്കും. അകാരണമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്യുന്നവരെയും ശിക്ഷിക്കും. ഹിന്ദുക്കളെ നാം ദ്രോഹിച്ചാല്‍ അവര്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഭാഗം ചേരും. അത് നമ്മുടെ തോല്‍വിക്ക് കാരണമാകും’- വാരിയം കുന്നന്‍ നടത്തിയ സമര പ്രഖ്യാപനത്തിലെ ഈ വരികള്‍ ശ്രദ്ധേയമാണ്.
ബ്രട്ടീഷുകാര്‍ക്കെതിരെയുള്ള മലബാര്‍ വിപ്ലവകാരികളുടെ സായുധ സമരത്തില്‍ പലരും വധിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കള്‍ മാത്രമല്ല, ഖാന്‍ ബഹദൂര്‍ ചേക്കുട്ടി സാഹിബ്, ഹൈദ്രോസ്‌കുട്ടി ഉള്‍പ്പെടെ മുസ്‌ലിംകളുമുണ്ട് ഇക്കൂട്ടത്തില്‍. ബ്രിട്ടന്റെ ഏജന്റായി പ്രവര്‍ത്തിച്ചതിനാണ് മലബാര്‍ സമര പോരാളികള്‍ അവരെ വധിച്ചത്. കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍ ബ്രിട്ടന്‍ ചുമതലപ്പെടുത്തിയ ചാരനായിരുന്നു ഹൈദ്രോസ്‌കുട്ടി. വര്‍ഗീയമായിരുന്നില്ല മലബാര്‍ സമരമെന്ന് ഈ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മലബാറിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹിച്ച്കോക്കിന്റെ നേതൃത്വത്തില്‍ മലബാര്‍ സമരത്തെ ഹിന്ദു-മുസ്‌ലിം കലാപമായി ചിത്രീകരിച്ചിരുന്നു. ഈ തെറ്റായ വ്യാഖ്യനം പല ഭാഷകളില്‍ ലഘുലേഖകള്‍ അച്ചടിച്ച് വിതരണവും നടത്തി. ഈ പ്രചാരണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ മലബാര്‍ സമരങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ ബ്രിട്ടീഷ് കുതന്ത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും പ്രയോഗിക്കുന്നത്. പ്രമുഖ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഐ സി എച്ച് ആറിന്റെ ഈ നടപടിക്കു പിന്നില്‍ മറ്റു ഇടപെടലുകളുണ്ടെന്നും ഇത് രാഷ്ട്രീയ പ്രേരിതമാകാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
source https://www.sirajlive.com/poetry-on-the-list-of-martyrs.html
إرسال تعليق