
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍, മന്ത്രിമാര്‍ പാര്‍ലിമെന്റില്‍ നല്‍കുന്ന മറുപടികള്‍ തികഞ്ഞ ആത്മാര്‍ഥതയോടെയുള്ളതാണെന്ന് കരുതുക വയ്യ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും കഴിഞ്ഞാല്‍ ബി ജെ പിയുടെ മുഖ്യ അജന്‍ഡകളിലൊന്ന് ഏകീകൃത സിവില്‍ കോഡിന്റെ നടപ്പാക്കലാണെന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. ബഹുസ്വര സംസ്‌കൃതി എന്നതില്‍ നിന്ന് രാജ്യത്തെ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഏക സംസ്‌കാരത്തിലേക്ക് കൊണ്ടുവന്ന് ഹിന്ദു രാഷ്ട്രമായി ഇന്ത്യന്‍ യൂനിയനെ മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് എന്ന് ആര്‍ എസ് എസ് നേതാക്കള്‍ തന്നെ പ്രസ്താവിക്കുമ്പോള്‍ മന്ത്രിമാര്‍ പാര്‍ലിമെന്റിലൊക്കെ നല്‍കുന്ന മറുപടിക്ക്, ചോദ്യമുന്നയിച്ചതുകൊണ്ടൊരു മറുപടി നല്‍കി എന്ന വിലയേ കല്‍പ്പിക്കാനുള്ളൂ.
ഭരണം കൈയാളുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഷ്ട അജന്‍ഡയെ തുണക്കും വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നീതിന്യായ സംവിധാനത്തില്‍ നിന്ന് ആവര്‍ത്തിച്ചുണ്ടാകുക കൂടി ചെയ്യുന്നുവെന്ന സവിശേഷ സാഹചര്യം ഇപ്പോഴുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഏകീകൃത സിവില്‍ കോഡുണ്ടാകുന്നതാണ് അഭികാമ്യമെന്ന് സുപ്രീം കോടതി മുമ്പ് പലകുറി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ കീഴ്‌ക്കോടതികളില്‍ നിന്ന് കുറേക്കൂടി ശക്തമായ നിര്‍ദേശങ്ങള്‍ ഉയരുകയാണ്. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ആലോചന, ഭരണഘടനാ നിര്‍മാണ സഭയിലുയര്‍ന്നപ്പോള്‍ അതിനെ പിന്തുണച്ചിരുന്നവര്‍ പറഞ്ഞ ന്യായവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഇത് വേണമെന്നതായിരുന്നു. എന്നാല്‍ വിവിധ വിശ്വാസി സമൂഹങ്ങള്‍ പാര്‍ക്കുന്ന രാജ്യത്ത്, മത സ്വാതന്ത്ര്യം മൗലികാവകാശമാകുമ്പോള്‍ ഏകീകൃത സിവില്‍ കോഡെന്നത് വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള കടന്നുകയറ്റമാകുമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നത് മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കേണ്ട സംഗതികളാണ് മാര്‍ഗ നിര്‍ദേശക തത്വങ്ങളെന്നും ആയതിനാല്‍ അതങ്ങനെ ജീവനില്ലാത്ത അക്ഷരങ്ങളായി ശേഷിക്കുന്നത് ഉചിതമല്ലെന്നുമാണ് നീതിന്യായ സംവിധാനം ഇപ്പോള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സിവില്‍ നിയമങ്ങളുടെ ഏകീകരണത്തിന് വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശിച്ചത്. രാജസ്ഥാനിലെ മീണ സമുദായാംഗങ്ങളായ ദമ്പതികളുടെ വിവാഹ മോചന ഹരജി പരിഗണിക്കുമ്പോഴായിരുന്നു നിര്‍ദേശം. ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകളനുസരിച്ചാണ് ദമ്പതികളിലൊരാള്‍ വിവാഹ മോചന ഹരജി നല്‍കിയത്. പട്ടിക വര്‍ഗമായതിനാല്‍ ഹിന്ദു വിവാഹ നിയമം ബാധകമല്ലെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കാനാകില്ലെന്നുമായിരുന്നു കീഴ്ക്കോടതി വിധി. ആദിവാസി വിഭാഗങ്ങളുടെ വിവാഹം, വിവാഹ മോചനം, സ്വത്ത് കൈമാറ്റം തുടങ്ങിയവയൊക്കെ അവരുടെ ഗോത്ര നിയമപ്രകാരം നടക്കുന്നതാണ്. പൊതു നിയമത്തിന്റെ അഭാവം മൂലം വ്യക്തികള്‍ വല്ലാതെ വലയുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.
പിന്നീട് വന്നത്, കേരള ഹൈക്കോടതിയില്‍ നിന്നാണ്. ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം വിവാഹ മോചനത്തിന് കാരണമാണോ അല്ലയോ എന്നതായിരുന്നു പരിഗണനാ വിഷയം. ദീര്‍ഘ കാലത്തെ നിയമ യുദ്ധത്തിന്റെ തുടര്‍ച്ചയിലാണ് ഹരജി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും ഡോ. കൗസറുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച്, വിവാഹ മോചനം അനുവദിച്ച കീഴ്ക്കോടതി വിധി ശരിവെച്ചു കൊണ്ടാണ് വിവാഹം, വിവാഹ മോചനം എന്നിവ സംബന്ധിക്കുന്ന ഏകീകൃത മതേതര നിയമം വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. സിവില്‍ നിയമങ്ങളുടെ ഏകീകരണമെന്ന വിശാല വിഷയത്തിലേക്ക് കടന്നില്ല എങ്കിലും വിവാഹം, വിവാഹ മോചനം എന്നിവ സംബന്ധിച്ച ഏകീകൃത നിയമമെന്ന നിര്‍ദേശം ഏകീകൃത സിവില്‍ കോഡെന്ന ആശയത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. വ്യക്തി നിയമങ്ങളനുസരിച്ച് വിവാഹം കഴിച്ചാലും ഏകീകൃതമായ മതേതര നിയമത്തിന്റെ പരിധിയില്‍ കൂടി വിവാഹങ്ങള്‍ കൊണ്ടുവരണമെന്നും വിവാഹ മോചനമൊക്കെ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വേണമെന്നുമാണ് ജഡ്ജിമാര്‍ നിരീക്ഷിച്ചത്.
പൊതുവില്‍ നിഷ്‌കളങ്കമെന്നും പുരോഗമനം ലക്ഷ്യമിട്ടുള്ളതെന്നുമൊക്കെ കോടതികളുടെ വിധികളെ കാണാം. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ കൂടുതല്‍ വികസിച്ചു വരുന്ന കാലത്ത് സിവില്‍ വ്യവഹാരങ്ങളുടെ കാര്യത്തിലും വ്യക്തികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും ഉറപ്പാക്കും വിധത്തിലുള്ള നിയമങ്ങളുണ്ടാകുക എന്നത് ഉചിതമാണെന്നും. പക്ഷേ, ജാതി, മത വൈവിധ്യം നിലനില്‍ക്കുന്ന, അവയുടെ സ്വത്വം നിലനിര്‍ത്തുക എന്നത് അവരുടെ വലിയ ഉത്തരവാദിത്വമായി വരുന്ന രാഷ്ട്രീയ – സാമൂഹിക അവസ്ഥ ഹിന്ദുത്വ വര്‍ഗീയത സൃഷ്ടിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ വര്‍ഗീയ ശക്തികള്‍ക്കും അവരുടെ ഭരണകൂടത്തിനും നല്‍കുന്ന അവസരം ചെറുതല്ല തന്നെ. സിവില്‍ നിയമങ്ങളുടെ ഏകീകരണത്തിന് വേണ്ട നടപടികളെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ച ഡല്‍ഹി ഹൈക്കോടതി, രാജ്യത്ത് മത – ജാതി വേര്‍തിരിവുകള്‍ ഏതാണ്ട് അവസാനിക്കുകയാണെന്നും ആയതിനാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമാണ് പറഞ്ഞത്.
മതത്തെ അധികരിച്ചുള്ള വേര്‍തിരിവ് കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഭരണകൂടവും സംഘ്പരിവാരവും നിയമ ഭേദഗതികളിലൂടെയും അല്ലാതെയും ശ്രമിക്കുന്ന കാഴ്ച നിരന്തരം രാജ്യത്ത് കാണുന്നുണ്ട്. മത ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ രണ്ടാം തരക്കാരായോ രാജ്യത്തു നിന്ന് പുറത്താക്കേണ്ടവരായോ ചിത്രീകരിക്കുമ്പോഴാണ് മത വേര്‍തിരിവ് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് നീതിന്യായ സംവിധാനം പറയുന്നത്. അയിത്തമുള്‍പ്പെടെ ജാതി വേര്‍തിരിവിന്റെ പല പ്രാകൃത രീതികളും രാജ്യത്ത് പലേടത്തും ഇപ്പോഴും തുടരുന്നുണ്ട്. മേല്‍ ജാതിക്കാരുടെ ഇംഗിതങ്ങള്‍ക്ക് വിധേയരായി ജീവിക്കാന്‍ മാത്രമുള്ളവരാണ് കീഴ് ജാതിക്കാരെന്ന സ്ഥിതിയും നിലനില്‍ക്കുന്നു. അതിന്റെ ഭാഗമായി അരങ്ങേറുന്ന കൊടിയ ലൈംഗിക അതിക്രമങ്ങളുടെ കഥകള്‍ തലസ്ഥാന നഗരിയില്‍ നിന്ന് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജാതിയുടെ പേരിലുള്ള കൊലകള്‍, നവോത്ഥാന നായകരുടെ നാടായ കേരളത്തില്‍ പോലും അരങ്ങേറുന്നു. അപ്പോഴാണ് ജാതി ഭേദം ഏതാണ്ട് ഇല്ലാതായിരിക്കുന്നുവെന്ന് ന്യായാസനം പറയുന്നത്.
രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ അവസ്ഥ ഒട്ടും മനസ്സിലാക്കാതെ, ഏകപക്ഷീയ തീരുമാനങ്ങള്‍ മാത്രമെടുക്കുന്ന ഭരണകൂടത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന വിധത്തിലാണോ വിവിധ സാമൂഹിക വിഭാഗങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്ന വിഷയങ്ങളില്‍ കോടതികള്‍ അഭിപ്രായം പറയുന്നത് എന്ന് സംശയിക്കേണ്ടിവരും. അതോ, ഭരണകൂടത്തിന്റെ ഇഷ്ട അജന്‍ഡകള്‍ക്ക് വഴിയൊരുക്കാന്‍ അവസരമുണ്ടാക്കുകയാണോ? ബാബരി മസ്ജിദ് തകര്‍ത്തത് തീര്‍ത്തും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം, വിശ്വാസത്തിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കളുടേതാണെന്ന് വിധിച്ച അനുഭവം മുന്നില്‍ നില്‍ക്കെ ഈ സംശയങ്ങള്‍ അസ്ഥാനത്തല്ല.
ഭരണഘടനാ ദത്തമായ മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് വിവിധ വിഭാഗങ്ങള്‍ക്ക് അവരുടെ വ്യക്തി നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള അവസരം ഉറപ്പാക്കുക എന്നത്. മതനിരപേക്ഷ ജനാധിപത്യമായി രാജ്യം തുടരുന്നതില്‍ അതിന് വലിയ സ്ഥാനവുമുണ്ട്. വ്യക്തി നിയമങ്ങളില്‍ മാറ്റം വരേണ്ടത്, അതാത് വിഭാഗങ്ങളിലുണ്ടാകുന്ന ആശയ സംവാദങ്ങളുടെ അടിസ്ഥാനത്തിലാകുന്നതാണ് ഉചിതം. അതിനപ്പുറത്തുള്ള അടിച്ചേല്‍പ്പിക്കല്‍ ഇതിനകമുണ്ടായിരിക്കുന്ന അതൃപ്തിയുടെയും അന്യവത്കരണത്തിന്റെയും ആഴം കൂട്ടുകയാകും ചെയ്യുക. അതിലേക്ക് വഴിതുറക്കാതിരിക്കുക എന്നത് അല്‍പ്പം സ്വാതന്ത്ര്യം ഇപ്പോഴും ശേഷിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്.
source http://www.sirajlive.com/2021/08/09/492746.html
Post a Comment