ലീഗിന്റെ പത്തംഗ ഉപസമിതി യോഗം ഇന്ന് കോഴിക്കോട്

കോഴിക്കോട് | ഹരിത തൊടുത്തുവിട്ട വിവാദങ്ങള്‍ക്കിടെ മുസ്ലിം ലീഗിന്റെ പത്തംഗ ഉപസമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിക്കേണ്ട അജന്‍ഡ ചര്‍ച്ച ചെയ്യാനാണ് യോഗം. എന്നാല്‍ എം എസ് എഫ് നേതാക്കളും ഹര ഭാരവാഹികളും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയാകും. എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാത്തതില്‍ നേതൃത്വം അതൃപ്തിയിലാണ്. നേരത്തെ ചേര്‍ന്ന പാര്‍ട്ടി യോഗം ഹരിത ഭാരവാഹികള്‍ പി കെ നവാസ് അടക്കമുള്ളവര്‍ക്കെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യോഗത്തിന്റെ ഒരു തീരുമാനമായി ഇത് പുറത്തുവരുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ നീതി ലഭിച്ചിട്ടില്ലെന്നും പരാതി പിന്‍വലിക്കില്ലെന്നും ഹരിത ഭാരവാഹികള്‍ വ്യക്തമാക്കുകയായിരുന്നു. ഈ സഹചര്യത്തില്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

അതിനിടെ ഹരിത വിഷയത്തില്‍ നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ എം എസ് എഫിന്റെ കൂടുതല്‍ കോളജ് യൂണിറ്റ് കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ലീഗിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് വലിയ സംഭാവന നല്‍കിയ കോഴിക്കോട് ഫാറൂഖ് കോളജ് യൂണിറ്റ് കമ്മിറ്റിയും കണ്ണൂര്‍ സര്‍ സയ്യിദ് കോളജ് യൂണിറ്റ് കമ്മിറ്റിയും ഹരിത നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കോളജില്‍ വിദ്യാര്‍ഥികളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആരോപണ വിധേയരായ എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. പ്രശ്‌നത്തില്‍ കാര്യമായ നടപടിയുണ്ടായില്ലെങ്കില്‍ ഫാറൂഖ് കോളജില്‍ സംഘടന തകര്‍ച്ചയിലെത്തുമെന്നും കത്തിലുണ്ട്.

 



source https://www.sirajlive.com/league-39-s-10th-sub-committee-meeting-today-in-kozhikode.html

Post a Comment

أحدث أقدم