ഏറ്റവും സമ്പന്നമായ ദരിദ്ര രാജ്യം; എവിടെ കുഴിച്ചാലും വജ്രവും സ്വര്‍ണ്ണവും

ഫ്രീടൗണ്‍| എവിടെ കുഴിച്ചാലും സ്വര്‍ണവും വജ്രവും കിട്ടുന്ന നാടിനെക്കുറിച്ചാണ് സാമൂഹിമ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണിലാണ് എവിടെ കുഴിച്ചാലും സ്വര്‍ണവും വജ്രവും കിട്ടുന്നത്. എങ്കിലും ലോകത്തെ ഏറ്റവും സമ്പന്നമായ ദരിദ്ര രാജ്യം എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ പശ്ചിമ ആഫ്രിക്കന്‍ രാജ്യത്തിന്. ഖനന വ്യവസായത്തിന് പേരുകേട്ട സിയേറ ലിയോണില്‍ എണ്‍പത് ശതമാനം പ്രദേശങ്ങളിലും സ്വര്‍ണ-വജ്ര നിക്ഷേപമുണ്ടെന്നാണ് കണക്കുകള്‍. ബ്രിട്ടീഷുകാരാണ് 1870 മുതല്‍ ഈ നാട്ടില്‍ വജ്രഖനനം ആരംഭിച്ചത്.

സിയോറ ലിയോണില്‍ സ്വര്‍ണം, വജ്രം, റൂട്ടെയില്‍, ബോക്‌സൈറ്റ്, ഇരുമ്പ്, ലിമോണൈറ്റ എന്നിവയാണ് അധികം കണ്ടുവരുന്നത്. അമൂല്യമായ രത്‌ന കല്ലുകളും അപൂര്‍വ്വയിനം ഡയമണ്ടും ഇവിടുത്തെ മണ്ണിനടയിലുണ്ട്. 2002-ലെ ആഭ്യന്തര കലാപം അവസാനിച്ചതോടെയാണ് സിയേറ ലിയോണില്‍ സ്വര്‍ണ ഖനനം വ്യാപകമായത്. 2008ല്‍ 6150 ട്രോയ് ഔണ്‍സ് സ്വര്‍ണം ഉല്‍പാദിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2010ല്‍ കങ്കാരി മലനിരകളില്‍ ഒരു ബ്രിട്ടീഷ് കമ്പനി സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതോടെയാണ് യന്ത്രവത്കൃത ഖനനം തുടങ്ങിയത്. 2018ല്‍ സിയേറ ലിയോണില്‍ 446 കിലോ ഗ്രാം സ്വര്‍ണം ഉല്‍പാദിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്ത് സ്വര്‍ണ ഉല്‍പാദനം കുറയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കൂടുന്നത്.

രാജ്യത്തെ അമൂല്യ നിധിശേഖരം സിയേറ ലിയോണിന് പ്രയോജനപ്പെടുന്നില്ല. ഔദ്യോഗികമായി ഖനനം നടത്തുന്നത് നാഷണല്‍ ഡയമണ്ട് മൈനിങ് കമ്പനിയാണെങ്കിലും നിരവധി സ്വകാര്യ കമ്പനികളും, കള്ളക്കടത്ത് സംഘങ്ങളും ഖനനം നടത്തുന്നുണ്ട്. ഇവിടെ അടിമകളെ പോലെയാണ് സ്വദേശികളെകൊണ്ട് പണിയെടുപ്പിക്കുന്നത്. വളരെ തുച്ഛമായ കൂലിയാണ് അവര്‍ക്ക് ശമ്പളമായി നല്‍കുക. ദിവസം 60 രൂപയാണ് കൂലി. അടിമത്തത്തിനെതിരെ പ്രതികരിച്ചാല്‍ കള്ളക്കടത്ത് സംഘങ്ങളുടെ ഒത്താശയോടെ സര്‍ക്കാര്‍ ഇവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യും.

 



source https://www.sirajlive.com/the-richest-and-poorest-country-diamonds-and-gold-everywhere.html

Post a Comment

أحدث أقدم